ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബോർഡർ-ഗവാസ്‌കർ ട്രോഫി 2024-25 ഒടുവിൽ പെർത്തിലെ ഒപ്‌റ്റസ് സ്റ്റേഡിയത്തിൽ നടക്കുകയാണ്. ടോസ് നേടിയ ജസ്പ്രീത് ബുംറ ബാറ്റിംഗ് തിരഞ്ഞെടുക്കുക ആയിരുന്നു. എന്തായാലും ഈ തീരുമാനം പാളി പോയെന്ന് തെളിയിക്കുന്ന രീതിയിൽ തന്നെയായിരുന്നു ഇന്ത്യയുടെ ബാറ്റിംഗ്. ഒടുവിൽ വിവരം കിട്ടുമ്പോൾ 120 – 6 എന്ന നിലയിലാണ് ടീം. ടോപ് ഓർഡറിലടക്കം ആർക്കും മികച്ച സംഭാവന നല്കാൻ സാധിക്കാതെ പോയതാണ് ഇന്ത്യക്ക് പണിയായത്.
അതേസമയം ഇന്ത്യയുടെ ടീം സെലക്ഷനിൽ വലിയ അമ്പരപ്പുണ്ടായി. ഈ മത്സരത്തിന് മുമ്പ് രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ എന്നിവരിൽ ഒരാൾ പ്ലെയിംഗ് ഇലവനിൽ ഉണ്ടാകുമെന്ന് ഊഹാപോഹങ്ങളുണ്ടായിരുന്നു. എന്നിരുന്നാലും, രണ്ട് വെറ്ററൻ സ്പിന്നർമാരെയും ഒഴിവാക്കി ഗൗതം ഗംഭീർ വലിയ ഒരു തീരുമാനം എടുത്തു.
യുവ ഓഫ് സ്പിന്നർ ഓൾറൗണ്ടർ വാഷിംഗ്ടൺ സുന്ദറിനെ ഇറക്കിയ ഇന്ത്യ അശ്വിനെയും ജഡേജയും ഒഴിവാക്കുക ആയിരുന്നു . പ്ലെയിംഗ് ഇലവനിലെ ഏക സ്പിന്നറായി സുന്ദറിനെ തിരഞ്ഞെടുത്തു. മറ്റൊരു ഓൾ റൗണ്ടറായി നിതീഷ് കുമാർ റെഡിയും ഇന്ത്യൻ ഇലവനിൽ ഇടം പിടിച്ചു. ബാറ്റിംഗിലും ബോളിങ്ങിലും ഓസ്‌ട്രേലിയൻ സാഹചര്യങ്ങളിൽ എന്നും തിളങ്ങിയിട്ടുള്ള ജഡേജയെ എന്തിനാണ് ഒഴിവാക്കിയത് എന്നതാണ് ആരാധകർ ഗംഭീറിനോട് ചോദിക്കുന്നത്. ഇന്ത്യയിലെ മാത്രമല്ല ഓസ്‌ട്രേലിയൻ സാഹചര്യങ്ങളിൽ സ്പിന്നർ എന്ന ഏറ്റവും അധികം തിളങ്ങിയിട്ടുള്ള ജഡേജ ഒഴിവാക്കിയത് ചോദ്യങ്ങൾക്ക് കാരണമാകുന്നു.
അതുപോലെ തന്നെ അശ്വിനും ടീമിൽ ഇടം നൽകാത്തതും ചോദ്യം ചെയ്യപ്പെടുന്നു.”ചാപ്പലിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് കണ്ട ഏറ്റവും വലിയ വിഡ്ഢി”, ” ഈ പരമ്പരക്ക് ശേഷം രാജി വെക്കുക ” ഉൾപ്പടെ നിരവധി അഭിപ്രായങ്ങളാണ് ഇപ്പോൾ വരുന്നത്.