ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയ്ന്റ്സിന്റെ വെറ്ററന്‍ സ്പിന്നര്‍ അമിത് മിശ്രയ്ക്ക് ആരാധക വിമര്‍ശനം. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഉമിനീര്‍ ഉപയോഗിച്ച് പന്ത് മിനുസപ്പെടുത്തുന്നതിന് ഐസിസി നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇതോടെ ഈ രീതിക്ക് മാറ്റവും വന്നു. എന്നാല്‍ ഇത് ആവര്‍ത്തിച്ച് ലംഘിച്ചുള്ള അമിത് മിശ്രയുടെ നടപടിയാണ് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്.
ഇന്നലെ നടന്ന റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിനിടെ അമിത് മിശ്ര ഉമിനീര്‍ പുരട്ടി ബോള്‍ മിനുസപ്പെടുത്തുന്നത് കാണാമായിരുന്നു. വിരാട് കോഹ്ലിക്കെതിരെ പന്തെറിയുന്നതിന് തൊട്ടുമുന്‍പാണ് മിശ്ര ഉമിനീര്‍ പന്തില്‍ പുരട്ടിയത്. ഇതിന്റെ വീഡിയോ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി മാറി. ലഖ്‌നൗവിന്റെ ഇതിന് മുമ്പത്തെ കളികളിലും സമാനരീതില്‍ അമിത് മിശ്ര ചെയ്യുന്നത് കാണാമായിരുന്നു.
വിയര്‍പ്പുതുള്ളികള്‍ വെച്ചും മറ്റും മറ്റ് ബോളര്‍മാര്‍ പന്ത് മിനുസപ്പെടുത്തുമ്പോള്‍ അമിത് മിശ്ര മാത്രം മുന്‍കാല ചെയ്തി തുടര്‍ന്നു പോകുന്നതിനെ ആരാധകര്‍ക്ക് ഉള്‍ക്കൊള്ളാനാകുന്നില്ല. എല്ലാവര്‍ക്കും മാറാമെങ്കില്‍ അമിത് മിശ്രയ്ക്ക് മാത്രം എന്തുകൊണ്ട് ആയിക്കൂടാ എന്നാണ് വിമര്‍ശകര്‍ ചോദിക്കുന്നത്.
എന്നിരുന്നാലും മത്സരത്തില്‍ നിര്‍ണായക ഇടപെടല്‍ നടത്താന്‍ താരത്തിനായി. കൂറ്റനടികളുമായി കളം നിറഞ്ഞ ആര്‍സിബിയുടെ ഓപ്പണിംഗ് സഖ്യമായ ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസി- വിരാട് കോഹ്ലി സഖ്യം പൊളിച്ചത് അമിത് മിശ്രയായിരുന്നു. കോഹ് ലിയുടെ വിക്കറ്റ് വീഴ്ത്തിയാണ് താരം കൂട്ടുകെട്ട് പൊളിച്ച് ലഖ്‌നൗവിന് ബ്രേക്ക് സമ്മാനിച്ചത്.