താൻ ആണ് ഏറ്റവും മികച്ച താരം എന്ന് അവന് നല്ല ബോധ്യമുണ്ട്, അയാളെ ഇനി ചതിക്കരുത് ഗംഭീർ; ആവശ്യവുമായി ഹർഭജൻ സിങ്

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ ശ്രേയസ് അയ്യരെ പ്ലെയിംഗ് ഇലവനിൽ നിന്ന് ഒഴിവാക്കാൻ ശ്രമിച്ചതിന് ടീം മാനേജ്‌മെൻ്റിനെതിരെ വിമർശനവുമായി ഹർഭജൻ സിങ് രംഗത്ത്. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യക്ക് അനുകൂലമായി ഏകപക്ഷീയമായ മത്സരമാക്കി മാറ്റിയതിന് ഹർഭജൻ അയ്യരെ പ്രശംസിക്കുകയും ചെയ്തിരിക്കുകയാണ്.

ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനത്തിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ അയ്യർ ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചു. ഫെബ്രുവരി 6 ന് നാഗ്പൂരിൽ നടന്ന ആദ്യ ഏകദിനത്തിൽ, രോഹിത് ശർമ്മ (2), യശസ്വി ജയ്‌സ്വാൾ (15) എന്നിവർ നിരാശപെടുത്തിയപ്പോൾ അയ്യരുടെ അതിവേഗ അർദ്ധ സെഞ്ചുറിയാണ് ഇന്ത്യയെ സഹായിച്ചതെന്ന് പറയാം.

ഇംഗ്ലീഷ് ബോളർമാരെ അടിച്ചുപറത്തിയ ശേഷം ജേക്കബ് ബെഥെലിൻ്റെ പന്തിൽ അയ്യർ എൽബിഡബ്ല്യുവിൽ കുടുങ്ങി പുറത്തായി മടങ്ങുമ്പോൾ ഇന്ത്യയുടെ വിജയത്തിന് അദ്ദേഹം ഉറച്ച അടിത്തറയിട്ടിരുന്നു. എന്നിരുന്നാലും, മത്സരം കഴിഞ്ഞപ്പോൾ അവസാന നിമിഷം വിരാട് കോഹ്‌ലിക്ക് കാൽമുട്ടിന് പരിക്കേറ്റില്ലായിരുന്നുവെങ്കിൽ താൻ മത്സരത്തിൽ ഇടംപിടിക്കില്ലായിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി.

“ശ്രേയസ് ഇതിനകം തൻ്റെ കഴിവ് തെളിയിച്ചു കഴിഞ്ഞു. ലോകകപ്പിൽ മികച്ച സ്കോർ നേടി, ഒരു കളിക്കാരൻ ആ നിലവാരത്തിൽ പ്രകടനം നടത്തുമ്പോൾ, സ്വാഭാവികമായും കൂടുതൽ അവസരങ്ങൾ അവൻ പ്രതീക്ഷിക്കുന്നു. അവൻ്റെ മനസ്സിൽ, അവൻ തന്നെത്തന്നെ ഏറ്റവും മികച്ചവനായി കാണുന്നു. വിധി പോലും അത് സമ്മതിച്ചതായി തോന്നുന്നു. ആരും പ്രതീക്ഷിക്കാത്ത സമയത്താണ് അവസരം അവന് കിട്ടുന്നത്. ആളുകൾ ആരും ശ്രദ്ധിക്കാത്ത, വലിയ വില നൽകാത്ത താരം കളിച്ചത് തകർപ്പൻ ഇന്നിങ്‌സായിരുന്നു ”അദ്ദേഹം അഭിപ്രായപ്പെട്ടു.

ആദ്യ ഏകദിനത്തിൽ ഋഷഭ് പന്ത് ഇലവനിൽ നിന്ന് പുറത്തായതോടെ, വിക്കറ്റ് കീപ്പർ-ബാറ്റ്‌സ്‌മാൻമാർ തമ്മിലുള്ള മത്സരം ഇന്ത്യൻ ടീമിൽ കടുത്തെന്നും ഹർഭജൻ ഓർമിപ്പിച്ചു.

“റിഷഭ് പന്ത് നിസ്സംശയമായും കഴിവുള്ള ഒരു കളിക്കാരനാണ്, എന്നാൽ നിലവിലെ ടീം മാനേജ്‌മെൻ്റിൻ്റെ സമീപനം കണക്കിലെടുക്കുമ്പോൾ, വിക്കറ്റ് കീപ്പർ-ബാറ്റ്‌സ്മാൻ എന്ന നിലയിൽ കെ എൽ രാഹുലാണ് അവരുടെ ഇഷ്ടപ്പെട്ട ചോയ്‌സ്. ഇതിനർത്ഥം പന്ത് തൻ്റെ ഊഴത്തിനായി കാത്തിരിക്കേണ്ടിവരുമെന്നാണ്.

Read more

ധ്രുവ് ജുറൽ, സഞ്ജു സാംസൺ എന്നിവരും സ്ഥാനത്തിനായി പോരാടുമ്പോൾ ഇന്ത്യൻ ടീമിൽ ഏറ്റവും കൂടുതൽ മത്സരം നടക്കുന്ന പോരാട്ടം അത് വിക്കറ്റ് കീപ്പറാക്ക് വേണ്ടിയുള്ള മത്സരമാണെന്ന് നിസംശയം പറയാം.