ഇപ്പോൾ നടന്ന ബോർഡർ ഗവാസ്കർ ഇന്ത്യക്ക് വേണ്ടി തകർപ്പൻ പ്രകടനമാണ് പേസ് ബോളർ ജസ്പ്രീത് ബുംറ കാഴ്ച വെച്ചത്. 32 വിക്കറ്റ് നേടിയ ബുംറ ഒറ്റക്ക് എന്ന് പറഞ്ഞത് പോലെ തന്നെ ആയിരുന്നു ഇന്ത്യൻ യാത്രയെ മുന്നോട്ട് നയിച്ചത്. അയാൾ ഇല്ലായിരുന്നെങ്കിൽ ഈ പരമ്പര ഏകപക്ഷിയമായി ഓസ്ട്രേലിയ ജയിക്കുമായിരുന്നു എന്ന് ഗ്ലെൻ മഗ്രാത്ത് പറഞ്ഞത് ശരിവെക്കുന്ന രീതിയിൽ ഓരോ മത്സരത്തിലും തന്റെ 100 % നൽകാനും അയാൾക്കായി. ആദ്യ മത്സരത്തിൽ ഇന്ത്യ ജയം സ്വന്തമാക്കിയപ്പോൾ ബുംറ ആയിരുന്നു നായകൻ എന്നും ശ്രദ്ധിക്കണം. അവസാന മത്സരത്തിലും ഇന്ത്യയെ നയിച്ച ബുംറ ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് അവസാനിക്കുമ്പോൾ ഇന്ത്യക്ക് വിജയപ്രതീക്ഷ നൽകിയാണ് മടങ്ങിയത്.
ജസ്പ്രീത് ബുംറയുടെ മികവിനെ വാനോളം പുകഴ്ത്തി സംസാരിച്ചിരിക്കുകയാണ് മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത്. ബുംറയുടെ ആദ്യ പന്തുകൾ മനസിലാക്കി വരുമ്പോഴേക്കും അദ്ദേഹം നമ്മളെ പുറത്താക്കിയിരിക്കും എന്നാണ് സ്റ്റീവ് അഭിപ്രായപ്പെടുന്നത്.
സ്റ്റീവ് സ്മിത്ത് പറയുന്നത് ഇങ്ങനെ:
” മിനിമം അയാളുടെ പന്തുകൾ മനസ്സിലാക്കാൻ 5-6 പന്തുകൾ വരെ ആവശ്യമായി വരും, ഇനി മനസ്സിലാക്കിയാൽ തന്നെ നേരിടാൻ കഴിയണമെന്നില്ല. ചിലപ്പോൾ അത്രയും പന്തുകൾ ബുംറ ബാറ്റർക്ക് നൽകാറുമില്ല. സ്മിത്ത് പറഞ്ഞു. റണ്ണപ്പ് മുതൽ ഒടുവിൽ പന്തെറിയുന്നത് വരെയുള്ള ബുംറയുടെ ആക്ഷനുകൾ വിചിത്രമാണെന്നും ബുംറയ്‌ക്കെതിരെ ബാറ്റ് വീശുമ്പോൾ താളം കണ്ടെത്തുക ബുദ്ധിമുട്ടാണ്”
സ്റ്റീവ് സ്മിത്ത് തുടർന്നു:
” ബുംറയ്‌ക്കെതിരെ മൂന്ന് ഫോർമാറ്റിലും ഒരുപാട് മത്സരങ്ങൾ കളിച്ചിട്ടുണ്ട്, അസാധ്യമായ രീതിയിൽ പന്തിനെ സ്വിങ് ചെയ്യിപ്പിക്കാൻ അയാൾക്ക് കഴിയും. ബാറ്ററുമായി അടുത്ത് നിൽക്കുന്ന പോയിന്‍റിലാണ് അയാൾ പന്ത് റിലീസ് ചെയ്യുക. പന്തിനെ ധൃതിയിൽ കളിക്കാൻ ഇതിലൂടെ അയാൾ നമ്മെ നിർബന്ധിക്കും. എന്നാൽ അവന് വേണ്ട വിധത്തിൽ ആ പന്തിനെ അവൻ പിച്ച് ചെയ്യിപ്പിക്കുകയും ചെയ്യും” സ്മിത്ത് കൂട്ടിച്ചേർത്തു.