പ്രശസ്തമായൊരു പോലീസ് തിയറിയുണ്ട് ‘ചിരിക്കുന്ന ചുണ്ടുകളും, ചലിക്കുന്ന ശരീര ഭാഷ യും കള്ളം പറഞ്ഞേക്കാം എന്നാല്‍ തുടിക്കുന്ന മിഴികള്‍ക്കു അതിനായേക്കില്ല’ എന്ന് ! ആ തിയറിയെ ശരിവച്ചു കൊണ്ടു രണ്ട് എസ് എസ് ബാറ്റുകളും കയ്യില്‍ പിടിച്ചു കൊണ്ടു നിറചിരിയോടെ എല്ലാം നേടിയവനെ പോലെ ഇരിക്കുന്ന മനുഷ്യന്റെ കണ്ണുകളിലേക്കൊന്നു സൂക്ഷിച്ചു നോക്കിയാല്‍ അവയൊരു കഥ പറയും.. പ്രതിഭയുണ്ടായിട്ടും തഴയപെട്ടൊരു സാധാരണകാരന്റെ കഥ..
തന്റെ ഇരുപത്തൊന്നാം വയസില്‍ ഫൈനലില്‍ അടക്കം അവസാന മൂന്നു മത്സരങ്ങളിലും സെഞ്ച്വറി നേടി കര്‍ണാടകക്ക് രഞ്ജി ട്രോഫി നേടി കൊടുത്തൊരു ബാറ്ററുടെ കഥ. ഇരുപത്തിരണ്ടാമത്തെ വയസില്‍ ഫൈനലില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടി കൊണ്ടു രഞ്ജിട്രോഫിയുടെ ചരിത്രത്തില്‍ ആദ്യമായി ഫൈനലില്‍ ട്രിപ്പിള്‍ അടിക്കുന്ന ബാറ്സ്മാന്‍ ആയി കര്‍ണാടകക്ക് വീണ്ടും ചാമ്പ്യന്‍ പട്ടം നേടികൊടുത്തൊരു അസാധ്യ പ്രതിഭയുടെ കഥ..
തൊട്ടടുത്ത സീസണിലും ഒരു സെഞ്ച്വറിയും മൂന്നു അര്‍ദ്ധ സെഞ്ച്വറികളും നേടി ഏവരെയും അമ്പരിപ്പിച്ചൊരു മനുഷ്യന്റെ പോരാട്ടങ്ങളുടെ കഥ. ഒടുവില്‍ ഇന്ത്യ റെഡ് ടീമിലേക്കും , എ ടീമിലേക്കും അവസാനം ഇന്ത്യന്‍ ദേശീയ ടീമിലേക്കും നടന്നു കയറിയൊരു മനുഷ്യന്റെ പരിശ്രമങ്ങളുടെ കഥ.
2016 ഇല് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് സീരിസില്‍ അവസാന മൂന്നു മത്സരങ്ങള്‍ക്കുള്ള സ്ക്വാഡില്‍ ഇടം പിടിക്കുകയും ഒടുവില്‍ അരങ്ങേറ്റം കുറിച്ച മൂന്നാം ടെസ്റ്റിന്റെ ആദ്യ ഇനിങ്സില്‍ ദൗര്‍ഭാഗ്യകരമായ റണ്‍ ഔട്ടിന്റെ രൂപത്തില്‍ വെറും നാലു റണ്‍സോടെയും , ബാറ്റ് ചെയ്യാന്‍ അവസരം കിട്ടിയ അടുത്ത ടെസ്റ്റിന്റെ ആദ്യ ഇനിങ്സില്‍ മൊയ്ന്‍ അലിയുടെ കൗശലത്തിനു മുന്നില്‍ പതറി 13 റണ്‍സോടെയും പുറത്തായ ശേഷം..
ആ പരമ്പരയിലെ അവസാന മത്സരത്തില്‍ ആദ്യ ഇനിങ്സില്‍ 477 രണ്സ് നേടിയ ഇംഗ്ലണ്ടിനു മറുപടിക്കിറങ്ങിയ ഇന്ത്യയുടെ സ്കോര്‍ 211 നു മൂന്നാം വിക്കറ്റ് ആയി വിരട് കോഹ്ലി പുറത്താകുമ്പോള്‍. കുട്ടികാലത്ത് നടക്കുവാന്‍ പോലും ബലക്കുറവ് ഉണ്ടായിരുന്ന തന്റെ കാലിനെ ഇന്നത്തെ രൂപത്തിലാക്കിയ ‘ക്രിക്കറ്റ് ‘ എന്ന ഗെയിം നെ പ്രണയിച്ച..ചെറുപ്പം മുതലേ സ്വന്തം വീട്ടിനകത്തേക്കാള് സമയം ഗ്രൗണ്ടില്‍ ചിലവഴിച്ച..
ബോള്‍ ഇംഗ്ലീഷ് വില്ലോയില്‍ മിഡില്‍ ചെയ്യുന്ന ശബ്ദം ഫോണിന്റെ റിങ്ടോണ്‍ ആയും അലാം ആയും സെറ്റ് ചെയ്ത, എന്തിലും ഏതിലും ക്രിക്കറ്റ് മാത്രം കണ്ടു വളര്‍ന്ന മനുഷ്യന് ഇതു തനിക്കുള്ള അവസാന അവസരമാണെന്ന് മനസിലാക്കി.. തന്റെ പ്രാണനായ ബാറ്റുമെടുത്തു കൊണ്ടു പതിയെ ചെന്നൈയിലെ പിച്ചില്‍ ഗാര്‍ഡ് എടുത്തു..
തന്റെ മൂന്നാം ഇനിങ്സില്‍ സെഞ്ച്വറിയും , ആ സെഞ്ച്വറിയെ ട്രിപ്പിള്‍ സെഞ്ച്വരിയിലേക്ക് കണ്‍വെര്‍ട്ട് ചെയ്യുന്ന ലോകത്തെ മൂന്നാമത്തെ മാത്രം മനുഷ്യന് ആയിട്ടും , അയാളുടെ 303 റണ്‍സിന്റെ ആ ഇനിങ്സിന്റെ കരുത്തില്‍ ഇന്ത്യ ഇനിങ്സിനു വിജയിച്ച ആ മത്സരത്തില്‍ മാന്‍ ഓഫ് ദി മാച്ച് ആയി മാറിയിട്ടും..
പിന്നീടൊരിക്കല്‍ കൂടി ഇന്ത്യന്‍ ദേശീയ ടെസ്റ്റ് ടീമില്‍ ബാറ്റ് ചെയ്യുവാനുള്ള അവസരം ലഭിക്കാതെ തഴയപ്പെട്ട ഒരു അസാധ്യ പ്രതിഭയുടെ കഥ. പ്രതിഭയുടെ അസാധ്യസ്പര്ശമുണ്ടായിട്ടും തഴയപെട്ടു പോയ ആദ്യത്തെയോ അവസാനത്തെയോ ‘പേരുകാരന് ആയിരിക്കില്ല ‘ കരുണ്‍ നായര്‍ ‘എന്നത്..
എന്നാല്‍ എത്ര വട്ടം മറവിയുടെ റീസൈക്കിള്‍ ബിന്നിലേക്ക് വലിച്ചിട്ടാലും. 153 നു 4 എന്ന നിലയില്‍ നിന്നും ഒരു രണ്സ് പോലും കൂട്ടി ചേര്‍ക്കാനാകാതെ അതെ സ്കോറിനു എല്ലാവരും പുറത്താകുന്ന ഇന്ത്യന്‍ ടീമിനെ കാണുമ്പോള്‍..അറിയാതെ ഓര്‍മ്മകള്‍ റീസൈകിള്‍ ബിന്നില്‍ നിന്നും അയാളെ പൊടി തട്ടിയെടുക്കും..
അയാളുടെ ദുരവസ്ഥയെ കുറിച്ച് മിഴികള്‍ ഈറനണിയുമ്പോള്‍ അയാള്‍ക്ക് വേണ്ടി പഴശ്ശിരാജ യിലെ മമ്മൂട്ടി സംസാരിച്ചു തുടങ്ങും ‘ കരയണമെങ്കില്‍ കരഞ്ഞോളൂ എന്നെ കുറിച്ചോര്‍ത്തല്ല ശപിക്കപ്പെട്ട ഈ നാടിനെക്കുറിച്ചോര്‍ത്തു.. ‘സോറി കരുണ്‍…’
എഴുത്ത്: സനല്‍ കുമാര്‍ പത്മനാഭന്
Read more
കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍