'അവന്‍ തയ്യാറാണ്, ടി20 ലോകകപ്പ് ടീമില്‍ അവന്‍ ഉണ്ടായിരിക്കണം': ഇന്ത്യന്‍ വിക്കറ്റ് കീപ്പറെ തിരഞ്ഞെടുത്ത് സ്റ്റുവര്‍ട്ട് ബ്രോഡ്

സെലക്ഷന്‍ കമ്മിറ്റി ഔദ്യോഗിക പ്രഖ്യാപനം വരുന്നതിന് മുമ്പേ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ സജീവമാണ്. സ്പോട്ടുകള്‍ പരിമിതമാണ്, മത്സരാര്‍ത്ഥികള്‍ വളരെ കൂടുതലും. ഇത് ആത്യന്തികമായി തിരഞ്ഞെടുക്കല്‍ പ്രക്രിയയെ രസകരമാക്കുന്നു, കാരണം ആരാധകരും വിദഗ്ധരും ഏത് 15 കളിക്കാരാണ് യുഎസിലേക്കുള്ള ഫ്‌ളൈറ്റില്‍ എത്തിച്ചേരുന്നതെന്ന് അറിയാന്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.

പ്രധാനമായും വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് ആര് വരണം എന്നതാണ് വിഷയം. ഋഷഭ് പന്ത്, കെ.എല്‍ രാഹുല്‍, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ തുടങ്ങി നിരവധി പേരാണ് ഈ സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ഇപ്പോഴിതാ ഇക്കാര്യത്തില്‍ തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡ്. പന്തിനെയാവും ഇന്ത്യയുടെ പ്ലെയിംഗ് ഇലവനില്‍ താന്‍ ഉള്‍പ്പെടുത്തുകയെന്ന് ബ്രോഡ് പറഞ്ഞു.

ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം സെലക്ഷനെ കുറിച്ചുള്ള ചര്‍ച്ചകള്‍ കൊഴിക്കുകയാണ്. ഈ ടീമില്‍ ചില താരങ്ങള്‍ ഇപ്പോള്‍ പെന്‍ഡിംഗിലാണുള്ളത്. റിഷഭ് പന്തിനെക്കുറിച്ച് ഒരുപാട് ചര്‍ച്ചകളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സുമായുള്ള കളിയില്‍ അദ്ദേഹത്തിന്റെ ഒരു ഷോട്ട് എന്നെ ശരിക്കും ആകര്‍ഷിച്ചു.

ബോളിലേക്കു നോക്കുക പോലും ചെയ്യാതെ ഡീപ്പ് സ്‌ക്വയര്‍ ലെഗിനു മുകളിലൂടെ റിഷഭ് ഫ്‌ളിക്ക് ഷോട്ടിലൂടെ പായിച്ച ഈ സിക്സര്‍ അവിശ്വസനീയം തന്നെ. ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡില്‍ അദ്ദേഹം തീര്‍ച്ചയായും വേണമെന്ന് ഈ ഷോട്ട് പായിച്ച അതേ നിമിഷം തന്നെ എനിക്കു തോന്നുകയും ചെയ്തു. റിഷഭ് ഇപ്പോള്‍ തയ്യാറാണ്. ലോകകപ്പില്‍ കളിക്കാന്‍ അദ്ദേഹം സജ്ജനാണ്- ബ്രോഡ് പറഞ്ഞു.

ഭയാനകമായ വാഹനാപകടത്തില്‍ പരിക്കേറ്റ് അത്ഭുതകരമായി സുഖം പ്രാപിച്ച് ഈ ഐപിഎല്‍ സീസണിലൂടെയാണ് താരം കളത്തിലേക്ക് തിരിച്ചെത്തിയത്. ഡല്‍ഹി ക്യാപിറ്റല്‍സ് നായകനായ പന്ത് തന്റെ ടീമിന്റെ മുന്‍നിര സ്‌കോററാണ്. കൂടാതെ സ്റ്റമ്പിന് പിന്നിലും താരം ഒരുപോലെ ശ്രദ്ധേയനാണ്. ഈ സീസണില്‍ ഇതുവരെ 7 മത്സരങ്ങളില്‍നിന്ന് 210 റണ്‍സ് നേടിയ പന്ത് രണ്ട് അര്‍ധസെഞ്ചുറികളും നേടിയിട്ടുണ്ട്.