ഐപിഎലിൽ ഇന്നലെ നടന്ന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് 39 റൺസിന്റെ വിജയം. ഇതോടെ പോയിന്റ് പട്ടികയിൽ 12 പോയിന്റോടെ ഒന്നാം സ്ഥാനം നിലനിർത്താൻ ടീമിന് സാധിച്ചു. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റൻസ് നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 198 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 159 റൺസ് നേടാനേ ടീമിന് സാധിച്ചുള്ളൂ.
ഗുജറാത്ത് നായകൻ ശുഭ്മാൻ ഗില്ലിന്റെയും സായി സുദർശന്റെയും മികവിലാണ് ടീം 198 റൺസിലെത്തിയത്. ശുഭ്മാൻ ഗിൽ 90 റൺസും, സായി സുദർശൻ 52 റൺസും നേടി തകർപ്പൻ പ്രകടനം കാഴ്ച്ച വെച്ചു. കൂടാതെ വിക്കറ്റ് കീപ്പർ ജോസ് ബട്ലർ 41 റൺസും നേടി കൊൽക്കത്തയുടെ പദ്ധതികളെ തകിടം മറിച്ചു. 8 മത്സരങ്ങളിൽ നിന്നായി അഞ്ചെണ്ണത്തിലും അർദ്ധ സെഞ്ചുറി നേടിയ താരമാണ് സായി സുദർശൻ. മത്സരശേഷം സായി സുദർശൻ സംസാരിച്ചു.
സായി സുദർശൻ പറയുന്നത് ഇങ്ങനെ:
” ഇന്നിങ്സിന്റെ തുടക്കത്തിൽ പിച്ച് സ്ലോയായിരുന്നു. പവർപ്ലേയിൽ റൺസ് കണ്ടെത്താൻ വളരെ ബുദ്ധിമുട്ടായിരുന്നു. ഞങ്ങൾ മോശം പന്തുകളിൽ റൺസ് കണ്ടെത്താൻ ശ്രമിച്ചു. ക്യാപ്റ്റൻ ശുഭ്മൻ ഗില്ലുമായി മികച്ച ആശയവിനിമയം ഉണ്ടായിരുന്നു. ഗില്ലിന്റെ കൂടെ ബാറ്റ് ചെയ്യുന്നത് ഞാൻ ആസ്വദിച്ചു. ഗില്ലിന്റെ അനുഭവ സമ്പത്ത് എന്നെ ശരിക്കും സഹായിച്ചു. സാഹചര്യങ്ങൾ ബുദ്ധിമുട്ടുള്ളപ്പോൾ അത് പ്രധാനമാണ്. ബൗണ്ടറികൾക്ക് പകരം ഓടി റൺസ് കണ്ടെത്താൻ ഞങ്ങൾ ശ്രമിച്ചു” സായി സുദർശൻ പറഞ്ഞു.
മറുപടിയിൽ വിജയലക്ഷ്യത്തിലേക്ക് പോന്ന ബാറ്റിങ്ങായിരുന്നില്ല കൊൽക്കത്തയുടെ ബാറ്റർമാരുടെ ഭാഗത്ത് നിന്നുണ്ടായത്. 36 പന്തിൽ അഞ്ച് ഫോറും ഒരു സിക്സറും സഹിതം ക്യാപ്റ്റൻ അജിൻക്യ രഹാനെ 50 റൺസെടുത്തു. എന്നാൽ ബാക്കി താരങ്ങൾ ആരും തന്നെ മികച്ച പ്രകടവും കാഴ്ച വെച്ചില്ല. പുറത്താകാതെ 27 റൺസെടുത്ത ആൻഗ്രീഷ് രഘുവംശിയാണ് കൊൽക്കത്ത നിരയിലെ രണ്ടാമത്തെ ഉയർന്ന സ്കോർ നേടിയത്. ഗുജറാത്തിനായി പ്രസിദ്ധ് കൃഷ്ണയും റാഷിദ് ഖാനും രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി.