ഋഷഭ് പന്ത്, കെ.എൽ. രാഹുൽ, സഞ്ജു സാംസൺ, ധ്രുവ് ജുറൽ, ജിതേഷ് ശർമ്മ എന്നിവരാണ് നിലവിൽ ഇന്ത്യയുടെ വിവിധ ഫോർമാറ്റുകളിലെ വിക്കറ്റ് കീപ്പിങ് ചോയ്‌സുകൾ. ഒരാളുടെ പരിക്കും മോശം ഫോമുമാണ് കീപ്പിങ് ഗ്ലൗസ് അണിയുന്നതിലേക്ക് ഈ താരങ്ങളിൽ ചിലരെ എത്തിക്കുന്നത്. എന്നിരുന്നാലും, ഇവരോടൊപ്പം ഇന്ത്യൻ ടീമിൽ സ്ഥാനത്തിനായി പോരാടിയിരുന്ന ഇഷാൻ കിഷന്റെ പേര് ഇന്ന് പലരും മറന്ന് പോയിരിക്കുകയാണ്. രഞ്ജി ട്രോഫി കളിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് ദേശിയ കരാർ ഉൾപ്പടെ നഷ്ടപെട്ട ഇഷാൻ കിഷൻ ഇന്ത്യൻ ജേഴ്സി അണിനിഞ്ഞിട്ട് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. എന്തായാലും 2025 ലെ ഇന്ത്യൻ പ്രീമിയർ ലീഗിലൂടെ തന്റെ കഴിവ് എല്ലാവരെയും ഓർമ്മിപ്പിക്കാൻ ഏറ്റവും വലിയ അവസരം ഇഷാന് മുന്നിൽ ഉണ്ടെന്ന് പറഞ്ഞിരിക്കുകയാണ് ആകാശ് ചോപ്ര.
മുംബൈ ഇന്ത്യൻസ് സ്‌ക്വാഡിൽ നിന്ന് ഒഴിവാക്കിയ ഇഷാൻ ഇന്ന് സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ ഭാഗമായിട്ടാണ് ഇറങ്ങുന്നത്. ആഭ്യന്തര ക്രിക്കറ്റിൽ ഇഷാന്റെ മികച്ച പ്രകടനങ്ങൾക്കിടയിലും, ബിസിസിഐ അദ്ദേഹത്തെ അവഗണിച്ചുവെന്ന് ചോപ്ര പരാമർശിച്ചു.
“ഏറ്റവും വലിയ അവസരം ഇഷാൻ കിഷനാണ്, അദ്ദേഹത്തെ പൂർണ്ണമായും മറന്നുപോയി. ആരും അദ്ദേഹത്തെക്കുറിച്ച് സംസാരിക്കുന്നില്ല. ആഭ്യന്തര ക്രിക്കറ്റിൽ അദ്ദേഹം റൺസ് നേടി, പക്ഷേ ആരും അദ്ദേഹത്തിൽ താൽപ്പര്യം കാണിക്കുന്നില്ല,” ചോപ്ര പറഞ്ഞു.
ഏകദിനത്തിൽ ഇരട്ട സെഞ്ച്വറി നേടിയ 10 ബാറ്റ്‌സ്മാൻമാരിൽ ഒരാളും രോഹിത് ശർമ്മ, സച്ചിൻ ടെണ്ടുൽക്കർ, വീരേന്ദർ സെവാഗ്, ശുഭ്മാൻ ഗിൽ എന്നിവർക്ക് ശേഷം ആ ലിസ്റ്റിൽ ഉള്ള ഇഷാനെ മറക്കാൻ പാടില്ല എന്നാണ് ചോപ്ര പറയുന്നത്. 2022 ൽ ബംഗ്ലാദേശിനെതിരെ നടന്ന മത്സരത്തിലാണ് ഇഷാൻ ഇരട്ട സെഞ്ച്വറി നേടിയത്.
“ഇഷാന്റെ പേരിൽ ഒരു ഏകദിന സെഞ്ച്വറിയുണ്ട്. അമ്പത് ഓവർ ഫോർമാറ്റിൽ എത്ര കളിക്കാർ ഇരട്ട സെഞ്ച്വറി നേടിയിട്ടുണ്ട്? ഇഷാന് സിക്‌സറുകൾ അടിക്കാനും പെട്ടെന്ന് തന്നെ കളിയുടെ ഗിയർ മാറ്റാനും കഴിയും,” അദ്ദേഹം കൂട്ടിച്ചേർത്തു.
എന്തായാലും പ്രീമിയർ ലീഗിൽ മികവ് കാണിച്ച് ഇന്ത്യൻ ടീമിലേക്കൊരു എൻട്രിയാകും ഇഷാന്റെ ശ്രമം.