ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലെ തോല്‍വിയില്‍ പ്രതികരിച്ച് ഓസീസ് ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്‌റ്റോയ്‌നിസ്. മത്സരത്തില്‍ ഓസീസ് ബാറ്റിംഗ് നിര വിവേകത്തോടെ കളിക്കേണ്ടിയിരുന്നെന്ന് താരം പറഞ്ഞു. മത്സരത്തില്‍ കെഎല്‍ രാഹുലിന്റെ ബാറ്റിംഗ് രീതിയയായിരുന്നു ശരിയെന്ന് സ്റ്റോയിനിസ് പറഞ്ഞു.
‘മിച്ച് ബാറ്റ് ചെയ്യുന്ന രീതിയും മികച്ച ഷോട്ടുകളും കണ്ട് ഞങ്ങള്‍ ഒരു പരിധി വരെ ഭ്രമിച്ചു പോയി. ഒരു സമയത്ത് സ്‌കോര്‍ ആവശ്യത്തേക്കാള്‍ ഉയര്‍ന്നതായി കരുതി. പക്ഷേ വേഗത്തിലെല്ലാം മാറിമറിഞ്ഞു. സാഹചര്യം മനസിലാക്കി വിവേകത്തോടെ കളിക്കേണ്ടിയിരുന്നു. ഇവിടെ കെഎല്ലിന്റെ ബാറ്റിംഗ് രീതിയും ബ്ലൂപ്രിന്റും ശരിയായിരുന്നുവെന്ന് ഞാന്‍ കരുതുന്നു സ്റ്റോയ്‌നിസ് പറഞ്ഞു.
മത്സരത്തില്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ മാരകമായ ഓപ്പണിംഗ് സ്പെല്ലിനെ മറികടന്ന് ക്ഷമയോടെ കളിച്ച രാഹുല്‍ 16-3 എന്ന സ്‌കോറില്‍നിന്ന് ഇന്ത്യയ്ക്കായി രണ്ട് സുപ്രധാന കൂട്ടുകെട്ടുകള്‍ പങ്കിട്ടു. കീപ്പര്‍-ബാറ്റര്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്കൊപ്പം 44 റണ്‍സും തുടര്‍ന്ന് ജഡേജയ്ക്കൊപ്പം 108 റണ്‍സിന്റെ സെഞ്ച്വറി കൂട്ടുകെട്ടും താരം പടുത്തുയര്‍ത്തു. 91 പന്തില്‍ ഏഴു ഫോറും ഒരു സിക്സും സഹിതം 75 റണ്‍സുമായി രാഹുല്‍ മത്സരത്തില്‍ പുറത്താകാതെ നിന്നു.
ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ അഞ്ച് വിക്കറ്റിനാണ് ജയിച്ച് കയറിയത്. ഓസീസ് മുന്നോട്ടുവെച്ച 189 റണ്‍സിലേക്ക് ബാറ്റേന്തിയ ഇന്ത്യ 39.5 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. തുടക്കത്തില്‍ വിറച്ച് ഇന്ത്യയെ കെ.എല്‍ രാഹുലിന്റെയും രവീന്ദ്ര ജഡേജയുടെയും സെഞ്ച്വറി കൂട്ടുകെട്ടാണ് വിജയതീരത്തണച്ചത്.