തെന്നിന്ത്യന്‍ ബോക്‌സ് ഓഫീസിനെ അടക്കിവാഴുന്ന തമിഴ് സൂപ്പര്‍ താരമാണ് വിജയ്. എം.എസ്. ധോണി ഏറെക്കാലം ക്രീസിനു മുന്നിലും പിന്നിലും രാജാവിനെ പോലെ വാണ ക്രിക്കറ്റ് താരവും. ആ വിജയ്‌യും ധോണിയും ആരാധകരെ ആവേശത്തിലാഴ്ത്തി ഒന്നിച്ചു. ചെന്നൈയിലാണ് ധോണിയും വിജയ്‌യും കൂടിക്കാഴ്ച നടത്തിയത്.
ഐപിഎല്‍ രണ്ടാം ഘട്ടത്തിന് മുന്നോടിയായി ചെന്നൈയിലുള്ള ധോണി പരിശീലനത്തിന് ഇടവേള കൊടുത്താണ് ഷൂട്ടിംഗ് സെറ്റിലെത്തി വിജയ്‌യെ കണ്ടത്. ഷൂട്ടിംഗ് വേദിയായ ഗോകുലം സ്റ്റുഡിയോയില്‍ അപ്രതീക്ഷിതമായെത്തിയ ധോണിയെ വിജയ് ഹാര്‍ദ്ദവമായി സ്വീകരിച്ചു. തന്റെ റൂമിലേക്ക് ധോണിയെ ആനയിച്ച വിജയ് കുറച്ചുസമയം മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനുമായി സംസാരിച്ചു.
ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ വലിയ ആരാധകനാണ് വിജയ്. സൂപ്പര്‍ കിംഗ്‌സിന്റെ മത്സരം കാണാന്‍ പലതവണ വിജയ് ഗാലറിയില്‍ എത്തിയിട്ടുണ്ട്. 2008ലെ പ്രഥമ ഐപിഎല്‍ സീസണില്‍ സൂപ്പര്‍ കിംഗ്‌സിന്റെ ബ്രാന്‍ഡ് അംബാസിഡറും വിജയ് ആയിരുന്നു. കോവിഡ് ബാധ മൂലം ഐപിഎല്‍ നിര്‍ത്തിവെയ്ക്കുമ്പോള്‍ സൂപ്പര്‍ കിംഗ്‌സ് മികച്ച ഫോമിലായിരുന്നു. എന്നാല്‍ ടീമിന് കാര്യമായ സംഭാവന നല്‍കാന്‍ ധോണിക്കായിരുന്നില്ല. അതിനാല്‍ത്തന്നെ മികവ് വീണ്ടെടുക്കുക ലക്ഷ്യമിട്ടാണ് ധോണി ചെന്നൈയിലെത്തിയിരിക്കുന്നത്.