ഏകദേശം പത്തു വര്‍ഷങ്ങളോളം മുമ്പ്, 2015 ജൂലൈയിലാണ് സഞ്ജു സാംസണ്‍ ആദ്യമായി ഇന്ത്യന്‍ ജഴ്‌സിയണിയുന്നത്. ആ കാലഘട്ടത്തില്‍ ആയാളോടൊപ്പം ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കപ്പെട്ട ബഡ്ഡിങ് ടാലെന്റുകളില്‍ പലരും, ഒന്നുകില്‍ ഈ സൗരയുഥത്തിലെ സ്ഥിരം സാന്നിധ്യങ്ങളായ ഗ്രഹങ്ങളോ, ഉപഗ്രഹങ്ങളോ ആയി മാറുകയോ അല്ലെങ്കില്‍, ഈ സൗരയുഥത്തിന്റെ പലായന പ്രവേഗത്തിന് പുറത്തേക്ക് പുറന്തള്ളപെട്ട് വിസ്മൃതിയുടെ കറുത്ത ചുഴികളില്‍ പെട്ടു മറഞ്ഞുപോവുകയോ ചെയ്തു കഴിഞ്ഞിരുന്നു.
തന്റെ ഡെബ്യൂ മാച്ചിന് ശേഷം, സഞ്ജു സാംസണ് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം ലഭിക്കുന്നത് നീണ്ട അഞ്ചു വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവിലായിരുന്നു. പിന്നീടങ്ങോട്ട്, മരുഭൂമിയിലെ മഴപോലെ വല്ലപ്പോഴും ലഭിച്ചിരുന്ന അവസരങ്ങളില്‍, ചിലരെ പോലെ ഇന്‍സ്റ്റന്റ് ഇമ്പാക്ട് ഉണ്ടാക്കുവാനൊ, മറ്റു ചിലരെ പോലെ ടീം മാനേജ്‌മെന്റിന്റെ തുടര്‍ച്ചയായ ബാക്കിങ് എന്ന പ്രിവിലേജ് അനുഭവിക്കുവാനൊ അയാള്‍ക്ക് ഭാഗ്യമുണ്ടായിരുന്നില്ല. തുടര്‍ച്ചയായി ഭ്രമണപഥം നിഷേധിക്കപ്പെട്ടപ്പോഴും, പ്രതികൂലകോസ്മിക് സാഹചര്യങ്ങള്‍ നിരന്തരമുണ്ടായപ്പോഴും, പുറന്തള്ളപ്പെടാന്‍ മനസ്സില്ലാതെ, അയാള്‍ ഈ സൗരയുഥത്തിന്റെ വിസിനിറ്റിയില്‍ തന്നെ എങ്ങനെയൊക്കെയോ നിലകൊണ്ടുപോന്നു……ഗ്രഹമെന്നോ, ഉപഗ്രഹമെന്നോ, ക്ഷുദ്രഗ്രഹമെന്നോ നിശ്ചയമില്ലാതെ!
സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍ എത്തിയിരുന്നത് ഒരു സ്റ്റാന്‍ഡ് ഔട്ട് IPL സീസണിന്റെയോ, ഡോമസ്റ്റിക് സീസണിന്റെയോ അടിസ്ഥാനത്തിലായിരുന്നില്ല. മറിച്ച് താന്‍ ഫോമിലാകുന്ന ദിവസം പ്രൈം രോഹിത് ശര്‍മ്മയെ അനുസ്മരിപ്പിക്കും വിധം ‘ഷോട്ട് മേക്കിങ് ഇത്ര അനായാസമാണോ’ എന്ന് ചിന്തയുണര്‍ത്തിയ സ്റ്റാന്റ് ഔട്ട് ഇന്നിങ്‌സുകളിലൂടെയായിരുന്നു, ആ ഇന്നിങ്‌സിസുകള്‍ ഉണ്ടാക്കിയ ഇമ്പാക്ടുകളിലൂടെയായിരുന്നു.
‘കണ്‍സിസ്റ്റന്‍സി’ എന്ന ക്രിക്കറ്റിലെ ഏറ്റവും മൂല്യമുള്ള പദം ഒരിക്കലും അയാള്‍ക്കൊരു ആഭരണമായിരുന്നില്ല. എന്നാല്‍ അതിവേഗ ഗെയ്മിന്റെ ഈ നാളുകളില്‍, ബാറ്റിംഗ് സ്റ്റാറ്റുകളില്‍ മാത്രം സമ്പന്നത നിറയ്ക്കുന്ന, എന്നാല്‍ ടീമിന് ബാധ്യതയാവുന്ന ചിലരുടെ ‘സോ കോള്‍ഡ്-കണ്‍സിസ്റ്റന്‍സിയെക്കാള്‍’ വലിയ കളവ് വേറെയില്ലയെന്നും, നിസ്വാര്‍ത്ഥമായി ടീമിന് വേണ്ടി ഇമ്പാക്ട് ഇന്നിങ്‌സുകള്‍ കളിക്കുന്ന പ്ലയേഴ്സാണ് ‘Need of the hour’ എന്നുമുള്ള സത്യം പലരും തിരിച്ചറിയാന്‍ തുടങ്ങിയപ്പോഴാണ് സഞ്ജു സാംസണ്‍ മോള്‍ഡിലുള്ള പ്ലയേഴ്സിനായി വീണ്ടും മുറവിളികള്‍ ഉയര്‍ന്നത്.
യുവപ്രതിഭകളുടെ ബാഹുല്യം കൊണ്ടും, ടീമിന്റെ റൊട്ടേഷന്‍ പോളിസിയുടെ ഭാഗമായുമൊക്കെ ODI യില്‍ ചില തുടരവസരങ്ങള്‍ കിട്ടി തുടങ്ങിയപ്പോഴാണ്, ശ്രദ്ധിക്കപ്പെടുന്ന ചില ഇന്റര്‍നാഷണല്‍ ഇന്നിങ്‌സുകള്‍ അയാള്‍ കളിച്ചു തുടങ്ങിയത്. ടീം മാനേജ്‌മെന്റ് ബാക്ക് ചെയ്താല്‍ അയാള്‍ തന്റെ ടാലെന്റ്ന്റിനോട് നീതികാട്ടുമെന്നതിന്റെ ദൃഷ്ടാന്തമായിരുന്നു അതെങ്കിലും, പ്രഹസനങ്ങള്‍ക്കും, പൊള്ളയായ വാചോടാപങ്ങള്‍ക്കും അപ്പുറം ആത്മാര്‍ത്ഥമായതൊന്നും ടീം മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ല. മറ്റു പലരെക്കാള്‍ അര്‍ഹതയുണ്ടായിരുന്നിട്ടും, നാട്ടില്‍ നടന്ന ഏകദിന ലോകകപ്പില്‍ അയാള്‍ക്ക് സ്ഥാനം സ്ഥാനം ലഭിച്ചില്ല.
എന്നാല്‍ തിരിച്ചടികള്‍ ശീലമായിരുന്നവന്‍, തോറ്റു പിന്മാറാന്‍ ഒരുക്കമായിരുന്നില്ല. തന്റെ ബാറ്റിംഗിലെ ന്യൂനതകള്‍ ഓരോന്നായി പരിഹരിക്കുവാനുള്ള കഠിനമായ പരിശ്രമങ്ങളില്‍ മുഴുകി അയാള്‍, വിയര്‍പ്പുകണങ്ങള്‍ കൊണ്ട് തനിക്ക് ഏറ്റവും പാകമായ കുപ്പായം തുന്നുകയായിരുന്നു.
2024 IPL സീസണ്‍ ആയാളുടെ ആ ഇമ്പ്രൂവ്ഡ് ഗെയിമിന്റെ നേര്‍സാക്ഷ്യമായിരുന്നു. ഷോട്ട് മേക്കിങ്ങില്‍ കൂടുതല്‍ ക്ലാരിറ്റിയുള്ള, സ്പിന്നേഴ്‌സിനെതിരെ കൃത്യമായി ഫീറ്റ് മൂവ് ചെയ്ത് എഫക്ടിവായി കളിക്കുന്ന, കൂടുതല്‍ ഗെയിം അവയര്‍നെസ്സുള്ള, ഇമ്പാക്ട് ചോരാത്ത കണ്‍സിസ്റ്റന്‍സിയുള്ള ഒരു സഞ്ജു സാംസണ്‍. ഫലമോ, ആദ്യമായി അയാള്‍ക്ക് ഒരു സ്റ്റാന്‍ഡൗട് IPL സീസണ്‍ ഉണ്ടാകുകയും, T20 ലോകകപ്പിലേക്കുള്ള ഇന്ത്യന്‍ ടീമില്‍, BCCI യുടെ സ്ഥിരം റിസേര്‍വ് താരങ്ങളെ വെട്ടി, ആയാളുടെ പേര് എഴുതി ചേര്‍ക്കപ്പെടുകയും ചെയ്യുന്നു.
ലോകകപ്പ് സന്നാഹ മത്സരത്തില്‍ തിളങ്ങിയില്ല എന്നപേരില്‍ മുഴുവന്‍ ടൂര്‍ണമെന്റും അയാള്‍ ഡഗ് ഔട്ടില്‍ കഴിച്ചു കൂട്ടി. T20 ലോകകപ്പിന് ശേഷം, സഞ്ജുവിനെ കുറിച്ച് എപ്പഴും മികച്ച അഭിപ്രായങ്ങള്‍ മാത്രം പറഞ്ഞിരുന്ന ഗംഭീര്‍ ഇന്ത്യയുടെ പുതിയ കോച്ചായി എത്തിയപ്പോള്‍ സ്ഥിതിയില്‍ മാറ്റം ഉണ്ടാവുമെന്ന് കരുതിയിരുന്നു.
എന്നാല്‍, ഇന്ത്യയുടെ അടുത്ത മേജര്‍ വൈറ്റ് ബോള്‍ അസ്സയിന്മെന്റ് ODI ഫോര്‍മാറ്റിലുള്ള ചാമ്പ്യന്‍സ് ട്രോഫി ആണെന്നിരിക്കെ, താന്‍ കളിച്ച അവസാന ODI മാച്ചില്‍, പ്ലയെര്‍ ഓഫ് ദി മാച്ചായിരുന്ന അയാളെ ശ്രീലങ്കക്കെതിരെയുള്ള ODI ടീമില്‍ നിന്നും ഒഴിവാക്കി, T20 ടീമില്‍ മാത്രം ഉള്‍പ്പെടുത്തിയപ്പോള്‍, ‘എറണാകുളത്തിന് പോകേണ്ടപ്പോള്‍ തിരുവനന്തപുരത്തിന് വണ്ടികയറ്റി വിടുന്ന’ സ്ഥിരം അജണ്ടയുടെ ഭാഗമാണെന്നായിരുന്നു കരുതിയത്. ശ്രീലങ്കക്കെതിരെ തുടര്‍ച്ചയായി പരാജയപ്പെട്ടത്തോടെ സ്ഥിരം തിരക്കഥയുടെ തുടര്‍ച്ച എന്ന് ഉറപ്പിച്ചതുമായിരുന്നു.
പക്ഷേ.. ഈ തവണ, വാക്കുകള്‍ക്കപ്പുറം പ്രവര്‍ത്തി കൊണ്ട് അയാളെ പിന്‍താങ്ങുവാന്‍ ഒരു പുതിയ ക്യാപ്റ്റന്‍ ഉണ്ടായിരുന്നു. ബംഗ്ലാദേശുമായുള്ള സീരീസില്‍ ഓപ്പണര്‍ അയാളാകുമെന്ന് ക്യാപ്റ്റന്റെ ഉറപ്പ്, ആദ്യ രണ്ട് മത്സരങ്ങളിലെ മോശം പ്രകടനം പതിവ് പോലെ പുറത്തേക്കുള്ള വഴിയായില്ല.
തുടര്‍ച്ചയായി പരാജയപ്പെടുമ്പോള്‍ , എഴുതിതള്ളാതെ, പ്രതിഭയുള്ളവര്‍ക്കായി തന്റെ ബാറ്റിങ് സ്ഥാനം നല്‍കുവാന്‍ തയ്യാറായ ക്യാപ്റ്റന്‍മാരാണ്, മഹേന്ദ്രസിംഗ് ധോണിമാരെ സൃഷ്ട്ടിക്കുന്നത്. രോഹിത് ശര്‍മ്മയും, റിഷഭ് പന്തും, KL രാഹുലും അടക്കം പിന്നീട് ഇന്ത്യന്‍ ടീമിന്റെ കോര്‍ ഗ്രൂപ്പിന്റെ ഭാഗമായ പലര്‍ക്കും അത്തരം ബാക്കിങ് ലഭിച്ചിട്ടിട്ടുണ്ട്. വൈകിയാണെങ്കിലും സൂര്യ കുമാര്‍ യാദവ് എന്ന ക്യാപ്റ്റനിലൂടെ അത്തരമൊരു പ്രിവിലേജ് സഞ്ചുവിനും ലഭിക്കുകയാണ്.
ബ്രെറ്റ്‌ലീയെ 119 മീറ്റര്‍ സിക്‌സറിന് പറത്തി, ലോകകപ്പ് വേദിയിലെ ഓസ്‌ട്രേലിയന്‍ ആധിപത്യത്തിന്റെ മസ്തകത്തിന് മുകളില്‍ കയറി നിന്ന് യുവരാജ് സിംഗ് താണ്ടവമാടിയ സുന്ദരമായ ഓര്‍മ്മകളുള്ള കിങ്സ്‌മേഡ് ഡര്‍ബന്‍. ആ ഓര്‍മ്മകളെ തഴുകിയുണര്‍ത്തിക്കൊണ്ട് കിങ്‌സ്‌മെഡിന് കുറുകെ പാഞ്ഞ കാറ്റിന്റെ പ്രവേഗത്തെ വെല്ലുവിളിച്ചു കൊണ്ട്, കഴിഞ്ഞ ദിവസം എക്‌സ്ട്രാ കവറിനും, മിഡ് വിക്കറ്റിനും, ലോങ്ങ് ഓഫിനും മുകളിലൂടെ സഞ്ജു സാംസണ്‍ എന്ന പോരാളിയുടെ ബാറ്റില്‍ നിന്നും തുകല്‍ പന്ത് തുടരെ തുടരെ യാത്ര ചെയ്തപ്പോള്‍, മനസ്സ് ഒരായിരം വട്ടം ഇങ്ങനെ പറഞ്ഞു കൊണ്ടേയിരുന്നു..
‘കേവലം ഉപഗ്രഹമൊ, ഗ്രഹമോ ആകുവാനല്ല, ഈ സൗരയുഥത്തിന് മുഴുവനും ഊര്‍ജ്ജവും പ്രകാശവും നല്‍കുന്ന സൂര്യതേജസുള്ള ഒരു നക്ഷത്രമാകുവാനാണ് ഇനിയങ്ങോട്ട് ആയാളുടെ നിയോഗമെന്ന് ‘ നിയതി അയാള്‍ക്ക് വഴിവിളക്കാകട്ടെ….. ഭയ്യക്കും, ദാദയ്ക്കും, അണ്ണയ്ക്കുമൊപ്പം ചേട്ടയും ഇന്ത്യമുഴുവന്‍ ഏറ്റു വിളിക്കട്ടെ…