ഇനിമുതൽ ഈ ശർമ്മ ഫസ്റ്റ്, അതുല്യനേട്ടത്തിൽ രോഹിത് ശർമയെ മറികടന്ന് അഭിഷേകിന്റെ മാസ് ഷോ; ഈ ചെക്കൻ വേറെ ലെവൽ എന്ന് കാണിക്കുന്ന കണക്കുകൾ

ഞായറാഴ്ച സിംബാബ്‌വെയ്‌ക്കെതിരായ രണ്ടാം ടി20യിൽ ഒന്നിലധികം റെക്കോർഡുകൾ തകർത്ത് അഭിഷേക് ശർമ്മ ഒരു തകർപ്പൻ മാച്ച് വിന്നിംഗ് ഇന്നിംഗ്സ് കളിച്ചു. ഹരാരെ സ്‌പോർട്‌സ് ക്ലബ്ബിൽ സിക്കന്ദർ റാസയുടെ ടീമിനെതിരെ അദ്ദേഹം നേടിയ തകർപ്പൻ സെഞ്ച്വറിയാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ പ്രധാന ചർച്ചാവിഷയങ്ങളിൽ ഒന്ന്. മത്സരത്തിൻ്റെ തുടക്കം മുതൽ അഭിഷേക് എതിർ ബോളിങ് നിരക്ക് നിരന്തരമായ ഭീക്ഷണി നൽകുകയും ഇന്നൊവേറ്റീവ് ഷോട്ടുകൾ കളിച്ചുകൊണ്ട് തന്നെ ഒരു അതുല്യ നേട്ടത്തിലേക്ക് എത്തിച്ചിരിക്കുകയും ചെയ്തിരിക്കുകയാണ്.

പത്താം ഓവറിൽ തന്നെ അഭിഷേക് തൻ്റെ കന്നി അർദ്ധ സെഞ്ച്വറി തികച്ചു. മത്സരത്തിന്റെ 11-ാം ഓവറിൽ 28 റൺസെടുത്തു.  സീസണിലെ 47-ാമത്തെ സിക്‌സ് അദ്ദേഹം ഇതിനിടയിൽ നേടി.  2024-ൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടിയ ബാറ്റ്‌സ്മാൻ ആയി രോഹിത് ശർമ്മയെ മറികടക്കാനും താരത്തിനായി. സിക്കന്ദർ റാസയുടെ മൂന്നാം ഓവറിൽ അഭിഷേക് എൽബിഡബ്ല്യൂ ആയി പുറത്തായി എന്ന് അമ്പയർ വിധിച്ചതാണ്. പക്ഷേ റിവ്യൂവിലൂടെ ജീവൻ നിലനിർത്തിയ താരത്തിന് പിന്നെ തിരിഞ്ഞുനോക്കിക്കേണ്ടി വന്നില്ല. വെല്ലിംഗ്ടൺ മസകാഡ്‌സയെ തുടർച്ചയായി മൂന്ന് സിക്സുകൾക്ക് പറത്തി താരം സെഞ്ച്വറി നല്ല സ്റ്റൈലിലിൽ തന്നെ നേടുകയും ചെയ്തു.

46 പന്തിൽ സെഞ്ച്വറി തികച്ച അഭിഷേക്, ഏറ്റവും കുറഞ്ഞ ഫോർമാറ്റിൽ ഇന്ത്യക്കായി ഏറ്റവും വേഗത്തിൽ സെഞ്ച്വറി നേടുന്ന മൂന്നാമത്തെ താരമായി മാറുകയും ചെയ്തു. അഭിഷേകും കെ എൽ രാഹുലും 46 പന്തിൽ ഇന്ത്യക്കായി ടി20യിൽ സെഞ്ച്വറി നേടിയപ്പോൾ ഏറ്റവും വേഗത്തിൽ സെഞ്ച്വറി നേടുന്ന താരമെന്ന റെക്കോർഡാണ് രോഹിത്തിന്റെ പേരിലാണ് ഉള്ളത്. 2017ൽ ശ്രീലങ്കയ്‌ക്കെതിരെ 35 പന്തിൽ രോഹിത് സെഞ്ച്വറി തികച്ചു. 2023ൽ ശ്രീലങ്കയ്‌ക്കെതിരെ സൂര്യകുമാർ യാദവ് 45 പന്തിൽ സെഞ്ച്വറി നേടി ഈ ലിസ്റ്റിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്നു.

അതേസമയം ഹരാരെയിൽ നടന്ന രണ്ടാം ടി20യിൽ സിംബാബ്‌വെയ്‌ക്കെതിരെ ഇന്ത്യ 100 റൺസിൻ്റെ ആധിപത്യ വിജയത്തിൽ ചരിത്ര സെഞ്ചുറിയുമായി അഭിഷേക് ശർമ്മ.അഞ്ച് മത്സരങ്ങളുടെ പരമ്പര ഇപ്പോൾ 1-1ന് സമനിലയിലാണ്. തകർപ്പൻ സെഞ്ചുറിയുമായി അഭിഷേക് ശർമ്മ ബാറ്റിങ്ങിൽ തിളങ്ങിയപ്പോൾ ഋതുരാജ് ഗെയ്‌ക്‌വാദ് 47 പന്തിൽ ഒരു സിക്‌സും പതിനൊന്ന് ബൗണ്ടറിയുമടക്കം 77 റൺസ് നേടി. റിങ്കു സിംഗ് ഇന്ത്യക്ക് വേണ്ടി മികച്ച ഫിനിഷിംഗ് നൽകി..

22 പന്തിൽ 218.18 എന്ന അതിശയിപ്പിക്കുന്ന സ്‌ട്രൈക്ക് റേറ്റിൽ അഞ്ച് സിക്‌സറുകളും രണ്ട് ബൗണ്ടറികളും ഉൾപ്പെടെ പുറത്താകാതെ 48 റൺസ് നേടി. ബ്ലെസിംഗ് മുസാറബാനിയുടെ പന്തിൽ 104 മീറ്റർ സിക്സാണ് അദ്ദേഹത്തിൻ്റെ ഇന്നിംഗ്സിൻ്റെ പ്രധാന ഹൈലൈറ്റ്. ഇന്ത്യയുടെ ഇന്നിംഗ്‌സിൻ്റെ അവസാന ഓവറിലായിരുന്നു ഷോട്ട്. മുസാറബാനിയുടെ ഒരു ലെങ്ത് ബോൾ റിങ്കു അത് ലോംഗ് ഓഫിന് മുകളിലൂടെ ഒരു കൂറ്റൻ സിക്സറിന് പറത്തി ഗ്രൗണ്ട് ക്ലിയർ ചെയ്തു.