ഇംഗ്ലണ്ടിന്റെ വൈറ്റ് ബോൾ ക്യാപ്റ്റൻ ജോസ് ബട്ട്‌ലർ അടുത്തിടെ തന്റെ സ്വപ്ന ഏകദിന ഇലവന്റെ ആദ്യ അഞ്ച് കളിക്കാരെ തിരഞ്ഞെടുത്തു. ഇത്തരം തിരഞ്ഞെടുപ്പുകൾ നടത്തുമ്പോൾ അധികമാരും മറക്കാത്ത രണ്ട് പേരുകളാണ്- കോഹ്‌ലിയുടെയും ബാബർ അസമിന്റെയും. എന്നാൽ, ഇരുതാരങ്ങൾക്കും സ്ഥാനം നൽകാതെ ഒരു ഇലവനെ പ്രഖ്യാപിച്ചിരിക്കുകയാണ് ബട്ട്ലർ. അതിനാൽ തന്നെ ഇലവൻ കാണുമ്പോൾ ആരാധകർക്ക് അക്ഷരാർത്ഥത്തിൽ അതിശയം തോന്നി.
വരാനിരിക്കുന്ന ഐസിസി ലോകകപ്പ് 2023ൽ ഇംഗ്ലണ്ടിനെ ബട്ട്ലർനയിക്കും. ഒക്ടോബർ 5-ന് ടൂർണമെന്റിന്റെ ഉദ്ഘാടന മത്സരത്തിൽ അവർ ന്യൂസിലൻഡിനെതിരെ കളിക്കും. 2019-ൽ കിരീടം നേടിയ ഇംഗ്ലണ്ട് നിലവിലെ ചാമ്പ്യന്മാരാണ്. അതേസമയം, ബട്ട്‌ലർ ക്വിന്റൺ ഡി കോക്ക്, രോഹിത് ശർമ്മ, ഗ്ലെൻ മാക്‌സ്‌വെൽ, ആദിൽ റഷീദ്, ആൻറിച്ച് നോർട്ട്‌ജെ എന്നിവരെ ടീമിൽ തിരഞ്ഞെടുത്തു.
ഈ കളിക്കാർ അതത് രാജ്യങ്ങൾക്കായി പ്രധാന റോളുകൾ വഹിക്കും, നിർഭാഗ്യകരമായ പരിക്ക് കാരണം നോർട്ട്ജെ മാത്രമേ ആക്ഷനിൽ നിന്ന് വിട്ടുനിന്നുള്ളൂ. ലോകകപ്പുമായി ബന്ധപ്പെട്ട മറ്റൊരു തിരഞ്ഞെടുപ്പിൽ 2023 ഏകദിന ലോകകപ്പിന് മുന്നോടിയായി നിലവിൽ ലോകത്തെ ഏറ്റവും മികച്ച പേസർ ആരെന്ന് പറഞ്ഞ് കിവീസ് ഇതിഹാസ പേസർ ഷെയ്ൻ ബോണ്ട്. നിലവിൽ ലോകത്തെ മികച്ച പേസർ ഇംഗ്ലണ്ടിന്റെ മാർക്ക് വുഡാണെന്ന് ബോണ്ട് പറഞ്ഞു. നിലവിൽ ലോകത്തെ ഏറ്റവും വേഗമേറിയ ബോളർമാരിൽ ഒരാളാണ് വുഡ് ഈ വർഷം മികച്ച താളത്തിലാണ്.
2023 ലെ ആഷസിൽ ക്രിസ് വോക്സിനൊപ്പം ഇംഗ്ലണ്ടിന്റെ ഏറ്റവും മികച്ച ബൗളറായിരുന്നു വുഡ്. അദ്ദേഹം കളിച്ച മത്സരങ്ങളിൽ ഓസ്ട്രേലിയൻ ബാറ്റർമാരിൽ ആധിപത്യം പുലർത്തി. അതിശയകരമായ വേഗതയിൽ പന്തെറിയാനുള്ള വുഡിന്റെ കഴിവ് തന്നെ താരത്തെ മറ്റുള്ളവരിൽനിന്നും വ്യത്യസ്തനാക്കുന്നു എന്ന് ബോണ്ട് പറഞ്ഞു.
ഷഹീൻ അഫ്രീദിയെക്കുറിച്ചും ബോണ്ട് സംസാരിച്ചു. ഒരു കളിയെ തലകീഴായി മാറ്റാൻ പാകിസ്ഥാൻ പേസർമാർക്ക് കഴിവുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ‘ഷഹീൻ ബൗൾ ചെയ്യുന്നത് എനിക്ക് എപ്പോഴും ഇഷ്ടമാണ്. അവൻ ബോൾ ചെയ്യുമ്പോൾ, എന്തെങ്കിലും സംഭവിക്കാൻ പോകുന്നതായി നിങ്ങൾക്ക് എപ്പോഴും തോന്നും’ ബോണ്ട് പറഞ്ഞു.
ഓസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്ക് ഈ ടൂർണമെന്റിൽ പേസർമാർക്ക് എന്തെല്ലാം ചെയ്യാനാകുമെന്നതിന്റെ സൂചനകൾ ഇതിനകം തന്നെ കാണിച്ചു കഴിഞ്ഞു. ശനിയാഴ്ച നടന്ന സന്നാഹ മത്സരത്തിൽ നെതർലൻഡ്സിനെതിരെ സ്വിംഗ് ബോളിംഗിന്റെ ഗംഭീര പ്രകടനമാണ് സ്റ്റാർക്ക് കാഴ്ചവെച്ചത്. എതിരാളികളുടെ ടോപ് ഓർഡറിലൂടെ ഓടിയിറങ്ങിയ സ്റ്റാർക്ക് ഹാട്രിക് നേടിയിരുന്നു.