സഞ്ജു സാംസൺ തൻ്റെ അവസാന അഞ്ച് മത്സരങ്ങളിൽ നിന്ന് മൂന്ന് ടി20 സെഞ്ച്വറികളാണ് അടിച്ചുകൂട്ടിയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാല് മത്സരങ്ങളുടെ പരമ്പരയിൽ, ആദ്യ മത്സരത്തിലും അവസാന മത്സവത്തിലും സെഞ്ച്വറി നേട്ടങ്ങൾ കൈവരിച്ച് താരം ഞെട്ടിച്ചു. ബംഗ്ലാദേശിനെതിരായ പരമ്പരയിലെ മൂന്നാം ടി 20 യിലെ തകർപ്പൻ സെഞ്ച്വറി നേട്ടത്തോടെയാണ് താരം കുതിപ്പ് തുടങ്ങിയത്.
മുൻ ഇന്ത്യൻ താരം അജയ് ജഡേജ 30-കാരനെ പ്രശംസിക്കുകയും ഇതിഹാസങ്ങളുമായി താരതമ്യപ്പെടുത്തുകയും ചെയ്തു. ഇന്ത്യക്ക് വേണ്ടി 159 മത്സരങ്ങൾ കളിച്ച രോഹിത് അഞ്ച് സെഞ്ച്വറികൾ നേടിയപ്പോൾ ഓസ്‌ട്രേലിയയുടെ ഗ്ലെൻ മാക്‌സ്‌വെല്ലുമായി ഏറ്റവും അധികം ടി 20 സെഞ്ച്വറി നേട്ടങ്ങൾ കൈവരിച്ചവരുടെ ലിസ്റ്റിൽ മുന്നിൽ നിൽക്കുകയാണ്. വിരാട് ഇന്ത്യയെ പ്രതിനിധീകരിച്ച് 125 ടി20 മത്സരങ്ങളിൽ നിന്ന് നേടിയത് ഒരു സെഞ്ച്വറി ആണ്.
78 മത്സരങ്ങളിൽ നിന്ന് നാല് സെഞ്ചുറികൾ നേടിയ സൂര്യകുമാർ യാദവാണ് സെഞ്ച്വറി വീരന്മാരുടെ ലിസ്റ്റിൽ രണ്ടാം സ്ഥാനത്ത് നിൽക്കുത്. 72 ട്വൻ്റി-20 മത്സരങ്ങളിൽ നിന്ന് കെഎൽ രാഹുലിന് രണ്ട് സെഞ്ച്വറി നേട്ടങ്ങളും ഉണ്ട്. എന്നിരുന്നാലും, സാംസണിൻ്റെ കാര്യം വരുമ്പോൾ, ഈ ഫോർമാറ്റിൽ മൂന്ന് സെഞ്ച്വറി നേടാൻ 37 മത്സരങ്ങൾ മാത്രമാണ് അദ്ദേഹം എടുത്തത്.
അജയ് ജഡേജ പറഞ്ഞത് ഇങ്ങനെ:
“ടി20യിൽ 4-5 സെഞ്ചുറികൾ നേടുന്നതിനായി ഞങ്ങളുടെ ഇതിഹാസങ്ങൾ 150 മത്സരങ്ങൾ കളിച്ചു, എന്നാൽ സാംസൺ ചുരുങ്ങിയ സമയത്തിനുള്ളിൽ മൂന്ന് സെഞ്ചുറികളിലെത്തി. പുതിയ തലമുറയുടെ മാനസികാവസ്ഥയാണ് ഇത് കാണിക്കുന്നത്. അവർ ഒന്നിനെയും ഭയപ്പെടുന്നില്ല, മത്സരത്തിൻ്റെ ആദ്യ പന്ത് മുതൽ അവരുടെ ഷോട്ടുകൾക്കായി ശ്രമിക്കുന്നു.”
“ഇന്നിംഗ്‌സ് ഓപ്പൺ ചെയ്യാനുള്ള അവസരത്തിനായി കാത്തിരിക്കുകയായിരുന്നു സഞ്ജു, അവൻ ഇപ്പോൾ ഒരു വ്യത്യസ്ത ബാറ്ററായി മാറിയിരിക്കുന്നു. അദ്ദേഹത്തിന് എല്ലായ്പ്പോഴും കഴിവുണ്ടായിരുന്നു, പക്ഷേ ആ സ്ഥിരത നഷ്ടപ്പെട്ടു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ തുടർച്ചയായി രണ്ട് ഡക്ക് സ്കോർ ചെയ്‌തെങ്കിലും, അദ്ദേഹത്തിൻ്റെ മൊത്തത്തിൽ ഉള്ള പ്രകടനം അസാധാരണമായിരുന്നു,” അജയ് ജഡേജ ജിയോ സിനിമയിൽ പറഞ്ഞു.
എന്തായാലും രോഹിത് ശർമ്മ ഒഴിച്ചിട്ട ടി 20 യിലെ ഓപ്പണിങ് സ്ഥാനം തന്റെ കൈയിൽ ഭദ്രം ആണെന്ന് സഞ്ജു തെളിയിച്ചു കഴിഞ്ഞു.