MI VS SRH: എടാ എതിരാളികളെ, ഞങ്ങൾ തുടങ്ങിയിട്ടേ ഉള്ളു, ഇതൊരു സാമ്പിൾ മാത്രം: ഹാർദിക് പാണ്ട്യ

ഐപിഎലിൽ ഇന്നലെ നടന്ന മത്സരത്തിൽ സൺ റൈസേഴ്‌സ് ഹൈദെരാബാദിനെതിരെ മുംബൈ ഇന്ത്യൻസിന് 7 വിക്കറ്റിന് വിജയം. ബാറ്റിംഗിൽ രോഹിത് ശർമ്മയുടെയും, ബോളിങ്ങിൽ ട്രെന്റ് ബോൾട്ടിന്റെയും മികവിലാണ് സൺ റൈസേഴ്സിനെതിരെ മുംബൈക്ക് വിജയിക്കാനായത്. ഇതോടെ പോയിന്റ് ടേബിളിൽ ഏഴിൽ നിന്ന മുംബൈ ഇപ്പോൾ നിൽക്കുന്നത് 3 ആം സ്ഥാനത്താണ്.

143 റൺസ് പിന്തുടർന്ന മുംബൈ 15.4 ഓവറിൽ ലക്ഷ്യത്തിൽ എത്തി. നേരത്തെ ഒരു ഘട്ടത്തിൽ നാലോവറിൽ 13 ന് നാല് എന്ന അവസ്ഥയിലായിരുന്നു സൺറൈസേഴ്സ് ഹൈദരാബാദ്. എന്നാൽ എസ് ആർ എച്ചിന്റെ ഹെൻഡ്രിച് ക്ലാസൻ നടത്തിയ രക്ഷപ്പെടുത്തൽ ഹൈദരാബാദിന് തുണയായി. 44 പന്തുകൾ നേരിട്ട ക്ലാസൻ രണ്ട് സിക്സറുകളും ഒമ്പത് ഫോറുകളും അടക്കം 71 റൺസ് നേടി. 37 പന്തിൽ 43 റൺസ് നേടി അഭിനവ് മനോഹർ ഭേദപ്പെട്ട പ്രകടനം നടത്തി. മത്സരം വിജയിച്ചതിന് ശേഷം മുംബൈ നായകൻ ഹാർദിക് പാണ്ട്യ സംസാരിച്ചു.

ഹാർദിക് പാണ്ട്യ പറയുന്നത് ഇങ്ങനെ:

” അടുപ്പിച്ച് മത്സരങ്ങൾ വിജയികനായതിൽ വളരെ സന്തോഷം. ഞങ്ങളുടെ ചുണക്കുട്ടികൾ മത്സരം ശരിയായ രീതിയിൽ കൈവരിച്ചു. രോഹിത്, സൂര്യ, ദീപക്, ബൗൾട്ട് എന്നിവർ മികച്ച പ്രകടനം നടത്തിയതിലൂടെ മത്സരം സമ്പൂർണ ആധിപത്യത്തിൽ ആകും എന്ന് ഉറപ്പായി. മൊത്തത്തിൽ ഈ വിജയത്തിൽ ഞാൻ സന്തോഷവാനാണ്” ഹാർദിക് പാണ്ട്യ പറഞ്ഞു.

ബോളിങ്ങിൽ ട്രെന്റ് ബോൾട്ട് നാല് വിക്കറ്റുകളും, ദീപക് ചഹാർ 2 വിക്കറ്റുകളും, ഹാർദിക് പാണ്ട്യ, ജസ്പ്രീത് ബുംറ എന്നിവർ ഓരോ വിക്കറ്റുകളും നേടി. ബാറ്റിംഗിൽ രോഹിത് ശർമ്മയുടെ വെടിക്കെട്ട് പ്രകടനം തന്നെയായിരുന്നു വിജയത്തിന്റെ പ്രധാന ഹൈലൈറ്റ്. മുംബൈക്കായി രോഹിത് ശർമ 46 പന്തിൽ 70 റൺസ് നേടി. മൂന്ന് സിക്‌സും എട്ട് ഫോറും അടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്‌സ്. കൂടാതെ സൂര്യകുമാർ യാദവ് 19 പന്തിൽ 5 ഫോറും 2 സിക്സറുകളുമടക്കം 40 റൺസ് അദ്ദേഹം നേടി. വിൽ ജാക്‌സ് 19 പന്തിൽ 2 ഫോറും 1 സിക്സുമടക്കം 22 റൺസും നേടി.