ക്രിക്കറ്റിലെ മാന്യതയുടെ ആള്‍രൂപമാണ് ഇന്ത്യന്‍ ബാറ്റിംഗ് ഇതിഹാസം രാഹുല്‍ ദ്രാവിഡ്. ക്രീസില്‍ സമചിത്തതയും ഏകാഗ്രതയും ക്ഷമയും നിശ്ചയദാര്‍ഢ്യവുമൊക്കെ സമന്വയിപ്പിച്ച ദ്രാവിഡ് വന്‍മതില്‍ എന്ന വിളിപ്പേരിനും അര്‍ഹനായി. അച്ചടക്കവും ലാളിത്യവും മുഖമുദ്രയാക്കിയ ദ്രാവിഡിനെ പരിചയപ്പെട്ട നിമിഷം ഓര്‍ത്തെടുക്കുകയാണ് യുവ പേസര്‍ ചേതന്‍ സകാരിയ.
ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിനിടെയാണ് സംഭവം. രണ്ടാഴ്ചത്തെ ക്വാറന്റൈനു ശേഷം കളിക്കാരെല്ലാം ഒത്തുകൂടി. ചിലരൊക്കെ ശാരീരികക്ഷമത വര്‍ദ്ധിപ്പിക്കാനുള്ള കായികാഭ്യാസങ്ങളിലായിരുന്നു. ഒരു പൂളിനരുകില്‍ വിശ്രമത്തിലായിരുന്നു ഞാന്‍. അപ്പോള്‍ രാഹുല്‍ സാര്‍ എന്റെ അടുത്തേക്ക് വന്ന് ‘ ഹായ് ചേതന്‍. ഞാന്‍ രാഹുലാണ്’ എന്നു പറഞ്ഞു. അതു കേട്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. എന്റെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ചാടിയെഴുന്നേറ്റ ഞാന്‍ അദ്ദേഹത്തിനോട് ഹായ് പറഞ്ഞു- സകാരിയ വെളിപ്പെടുത്തി.
ദ്രാവിഡിന് എന്നെ സ്വയം പരിചയപ്പെടുത്തി. എന്റെ കുടുംബ പശ്ചാത്തലം അദ്ദേഹം ചോദിച്ചറിഞ്ഞു. സൗരാഷ്ട്ര ക്രിക്കറ്റിനെയും ടീം വര്‍ഷങ്ങളായി പുലര്‍ത്തുന്ന സ്ഥിരതയെയും കുറിച്ചെല്ലാം സംസാരിച്ചു. എന്റെ ബോളിംഗിനെ ദ്രാവിഡ് അഭിനന്ദിച്ചു. ഐപിഎല്ലില്‍ എന്റെ ബോളിംഗ് ശ്രദ്ധിക്കുമായിരുന്നെന്നും പറഞ്ഞു. ദ്രാവിഡിനെ പോലൊരു ഇതിഹാസത്തിന് എന്നെ അറിയാമെന്നതിലും പ്രകടനങ്ങളെ കുറിച്ച് വിലയിരുത്താറുണ്ടെന്നതിലും അതിശയം തോന്നിയതായും സകാരിയ കൂട്ടിച്ചേര്‍ത്തു.