അവന്‍ വേറെ ലോകത്താണ്, എപ്പോള്‍ വീട്ടിലേക്ക് തിരികെ എത്താം എന്നതിലാവും അവന്‍റെ ആദ്യ പരിഗണന; ഇന്ത്യന്‍ താരത്തെ കുറിച്ച് ഓസീസ് ഇതിഹാസം

ന്യൂസിലന്‍ഡിനും ഓസ്ട്രേലിയയ്ക്കുമെതിരായ തുടര്‍ച്ചയായ ടെസ്റ്റ് പരമ്പര തോല്‍വികള്‍ ഏറ്റവും ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റില്‍ ഇന്ത്യക്ക് എന്താണ് മുന്നിലുള്ളതെന്ന ചോദ്യചിഹ്നങ്ങളുടെ വ്യാപ്തി വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. നിലവിലെ നായകന്‍ രോഹിത് ശര്‍മ്മയുടെ തുടര്‍ച്ചയായ മോശം പ്രകടനവും ഫലങ്ങളും സമീപഭാവിയില്‍ എടുക്കേണ്ട ചില സുപ്രധാന തീരുമാനങ്ങളുടെ അടിയന്തിരാവസ്ഥ വര്‍ദ്ധിപ്പിച്ചു. ഇംഗ്ലണ്ട് പര്യടനവും ചാമ്പ്യന്‍സ് ട്രോഫിയും അടുത്തിരിക്കെ തീരുമാനമെടുക്കാന്‍ ഇന്ത്യയ്ക്ക് അധികം സമയവുമില്ല.

എന്നാല്‍ ഇതൊക്കെ ഒരുവശത്ത് നടക്കുമ്പോഴും എത്രയും വേഗം വീട്ടിലെത്തുന്നതിനെ കുറിച്ചാകും രോഹിത് ചിന്തിക്കുകയെന്ന് ഓസ്ട്രേലിയന്‍ മുന്‍ വിക്കറ്റ് കീപ്പര്‍ ആദം ഗില്‍ക്രിസ്റ്റ് കരുതുന്നു. താരത്തിന്‍റെ രണ്ട് മാസം പ്രായമായ കുഞ്ഞ് വീട്ടിലുണ്ട് എന്നതാണ് ഇതിന് കാരണമായി ഗില്‍ക്രിസ്റ്റ് പറയുന്നത്. ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് രോഹിത് രണ്ടാമതും അച്ഛനായത്.

രോഹിത് ശര്‍മ ടെസ്റ്റ് ടീമിനൊപ്പം ഇംഗ്ലണ്ടിലേക്ക് പോകുമെന്ന് ഞാന്‍ കരുതുന്നില്ല. എപ്പോള്‍ വീട്ടിലേക്ക് തിരികെ എത്താം എന്നതാവും രോഹിത് ആദ്യം പരിഗണിക്കുക. രണ്ട് മാസം പ്രായമായ കുഞ്ഞ് വീട്ടിലുണ്ട്. ചാമ്പ്യന്‍സ് ട്രോഫിയില്‍ രോഹിത് നന്നായി കളിച്ചേക്കാം. ഇംഗ്ലണ്ടിനെതിരെ വൈറ്റ് ബോള്‍ മത്സരവും ഇന്ത്യക്ക് മുന്‍പിലുണ്ട്. ചാമ്പ്യന്‍സ് ട്രോഫിയും കളിച്ച് രോഹിത് പുറത്തേക്ക് പോകും എന്നാണ് ഞാന്‍ കരുതുന്നത്- ഗില്‍ക്രിസ്റ്റ് കൂട്ടിച്ചേര്‍ത്തു.

ടെസ്റ്റ് ക്രിക്കറ്റിന്റെ കാര്യത്തില്‍ രോഹിത് ശര്‍മ്മയുടെ പിന്‍ഗാമിയായാണ് ഇന്ത്യന്‍ പേസ് ബൗളിംഗ് കുന്തമുന ജസ്പ്രീത് ബുംറയെ കണക്കാക്കുന്നത്. എന്നാല്‍ വിരാട് കോഹ്ലി ഒരിക്കല്‍ കൂടി ബാറ്റണ്‍ സ്വീകരിച്ചാല്‍ അതില്‍ ഞെട്ടേണ്ട കാര്യമില്ലെന്നും ഗില്‍ക്രിസ്റ്റ് കരുതുന്നു.

ബുംമ്ര മുഴുവന്‍ സമയ ക്യാപ്റ്റനാവുമോ എന്ന് എനിക്കറിയില്ല. ക്യാപ്റ്റന്‍സി ബുമ്രയ്ക്ക് കൂടുതല്‍ വെല്ലുവിളി നിറഞ്ഞതായേക്കാം. അപ്പോള്‍ ആരാവും അടുത്ത ക്യാപ്റ്റന്‍? കോഹ്ലിയിലേക്ക് അവര്‍ തിരികെ പോകുമോ? വീണ്ടും ക്യാപ്റ്റനാവുന്നതില്‍ കോഹ്ലിക്ക് ബുദ്ധിമുട്ടുണ്ടാവില്ല എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

ഇന്ത്യക്ക് ഇതൊരു വെല്ലുവിളി നിറഞ്ഞ സമയമാണ്. റെഡിമെയ്ഡ് പകരക്കാര്‍ അവര്‍ക്കുണ്ട്. എല്ലാ പൊസിഷനിലും കളിക്കാന്‍ പാകത്തില്‍ പ്രാപ്തരായ താരങ്ങളെ ഐപിഎല്‍ സൃഷ്ടിച്ചുകഴിഞ്ഞു. എന്നാല്‍ രാജ്യാന്തര ക്രിക്കറ്റില്‍ ഉടനടി ജയങ്ങളിലേക്ക് അവരുമായി എത്താം എന്ന് പ്രതീക്ഷിക്കരുത്. ഇംഗ്ലണ്ട് ബോളര്‍മാര്‍ ഫിറ്റ്‌നസിലാണ് എങ്കില്‍ അവരാവും ഇന്ത്യക്കെതിരായ പരമ്പരയില്‍ ആധിപത്യം പുലര്‍ത്തുക- ഗില്‍ക്രിസ്റ്റ് പറഞ്ഞു.