ദക്ഷിണാഫ്രിക്കയില്‍ അഞ്ചുവിക്കറ്റ് നേട്ടവുമായി മികച്ച പ്രകടനം നടത്തിയ ബോളറിലേക്ക് ഇന്ത്യന്‍ ഫാസ്റ്റ് ബോളര്‍ മുഹമ്മദ് ഷമി ഉയര്‍ന്നത് ഒരിക്കല്‍ നിരാശനായി വിരമിക്കലിന്റെ വക്കില്‍ നിന്നും ആയിരുന്നെന്ന് ബോളിംഗ് പരിശീലകന്‍ ഭരത് അരുണ്‍. മെച്ചപ്പെടണമെന്ന് ഒരു മോഹവുമില്ലാതെ കളി പൂര്‍ണമായും ഉപേക്ഷിക്കുന്നതിന്റെ വക്കില്‍ നിന്നും ഷമിയെ തിരിച്ചു കൊണ്ടുവന്നത് താനും മുന്‍ പരിശീലകന്‍ രവിശാസ്ത്രിയും ചേര്‍ന്നാണെന്ന് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വ്യക്തമാക്കിയത്.
നിരാശ കൊണ്ട് മെച്ചപ്പെടണമെന്ന മോഹം നഷ്ടമായ അവസ്ഥയിലായിരുന്നു ഷമി. അയാള്‍ കളി പൂര്‍ണമായും ഉപേക്ഷിക്കുന്നതിന്റെ അരികില്‍ നില്‍ക്കുകയായിരുന്നു. ഈ സമയത്തായിരുന്നു രവിശാസ്ത്രിയും ഭരത് അരുണും ഷമിയുടെ അരികിലിരുന്നത്. ‘ജീവിതത്തോട് കടുത്ത ദേഷ്യം തോന്നുന്നു. ഞാന്‍ കളി നിര്‍ത്താന്‍ പോകുകയാണ്’ അന്ന് ഷമി പറഞ്ഞു.
അപ്പോള്‍ ഞങ്ങള്‍ പറഞ്ഞു. ”നിങ്ങള്‍ക്ക് ദേഷ്യമുണ്ടെങ്കില്‍ അത് നല്ലതാണ്. അങ്ങിനെ വേണം താനും. നിങ്ങളിലെ ഏറ്റവും നല്ല കാര്യം ദേഷ്യം തന്നെയാണ്.” ഇതു കേട്ടപ്പോള്‍ ഇവരെന്താണ് ഈ പറയുന്നത് എന്നപോലെ അയാള്‍ ഞങ്ങളെ നോക്കി. അപ്പോള്‍ ഞങ്ങള്‍ പറഞ്ഞു. നിങ്ങളൊരു ഫാസ്റ്റ് ബോളറാണ്. ദേഷ്യം ഒരു ഫാസ്റ്റ് ബോളര്‍ക്ക് മോശം കാര്യമല്ല. അതിനെ പുറത്ത് കൊണ്ടുവരണം. ജീവിതം നിങ്ങളെ വലിയ ദേഷ്യക്കാരനാക്കി മാറ്റി, പക്ഷേ എവിടെപ്പോയി നിങ്ങള്‍ അത് പ്രയോഗിക്കും? നിങ്ങള്‍ ക്രിക്കറ്റ് വിടുകയല്ലേ. ക്രിക്കറ്റ് വിടുകയോ പുറത്ത് പോകുകയോ ഒക്കെ നിങ്ങളുടെ ഇഷ്ടം. പക്ഷേ ഞാന്‍ ഒരു ദേഷ്യക്കാരനാണ്. അതിനെ ഞാന്‍ എങ്ങിനെ നയിക്കും എന്ന് സ്വയം ചോദിച്ചു കൊണ്ടിരിക്കുക.
നിങ്ങള്‍ നിങ്ങളുടെ ശരീരത്തിലും ഫിറ്റ്നസിലും ശ്രദ്ധ കേന്ദ്രീകരിക്കണം. ഒരു മാസം ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് പോകുക. അവിടെ നിങ്ങളുടെ ശരീരത്തെ രൂപമാറ്റം വരുത്തി നിങ്ങളുടെ വരുതിയിലേക്ക് കൊണ്ടുവരൂ. ഇതനുസരിച്ച് ഒരു പോരുകാളയെ പോലെ വീറും വാശിയുമായി അയാള്‍ അവിടേയ്ക്ക് പോയി പരിശീലിച്ചു. ഒടുവില്‍ അയാള്‍ പറഞ്ഞു. ഇത്രയും കരുത്ത് കിട്ടിയാല്‍ ഞാന്‍ ലോകം തന്നെ കീഴടക്കും. അയാളുടെ ദേഷ്യഘട്ടം കാര്യങ്ങള്‍ മെച്ചപ്പെടാന്‍ അയാളെ സഹായിച്ചു. എന്തുമാത്രം ദേഷ്യം ഉണ്ടായാലും അത് ഇപ്പോള്‍ അയാള്‍ ബോളിംഗിലേക്ക് മാറ്റി. 16 ഓവറില്‍ 44 റണ്‍സ് നല്‍കി അഞ്ചു വിക്കറ്റാണ് ഷമി ദക്ഷിണാഫ്രിക്കയുടെ ആദ്യ ഇന്നിംഗ്സില്‍ വീഴ്ത്തിയത്.