ഞാൻ ബാറ്റിംഗിൽ മാത്രമേ സഹായിക്കു എന്നും പറഞ്ഞ് വെറുതെ ഇരിക്കാൻ എങ്ങനെ തോന്നുന്നു, ഈ പ്രായത്തിൽ തന്നെ ഇത്ര മടി പിടിച്ചിരുന്നിട്ട് കാര്യമില്ല; യുവതാരത്തിന് എതിരെ രവി ശാസ്ത്രി

ഓപ്പണിംഗ് ബാറ്റർ, പൃഥ്വി ഷായ്ക്ക് ഡൽഹി ക്യാപിറ്റൽസ് (ഡിസി) ടീമിലെ സ്ഥാനത്തിന്റെ കാര്യത്തിൽ അസ്വസ്ഥതകൾ ഉണ്ടെന്ന് മുൻ ഇന്ത്യൻ ഹെഡ് കോച്ച് രവി ശാസ്ത്രി മുന്നറിയിപ്പ് നൽകി. അവസാന 2 മത്സരങ്ങളും ഇമ്പാക്ട് താരമായി കളത്തിൽ ഇറങ്ങിയ താരത്തിന് യാതൊരു ഇമ്പാക്റ്റും ഉണ്ടാക്കാൻ സാധിച്ചില്ല എന്ന് മാത്രമല്ല ദുരന്തമാകുകയും ചെയ്തു.

ഫീൽഡിംഗിൽ ടീമിന് സംഭാവന നൽകണമെന്നും ഫീൽഡിംഗിനിടെ നല്ല ആക്ടീവായി തന്നെ ചർച്ചകളിലും മറ്റും പങ്കെടുക്കണമെന്നും പറഞ്ഞ ശാസ്ത്രി ഇതൊന്നും ചെയ്യാതിരിക്കുന്നത് അത്ര നല്ല കാര്യമല്ലെന്നും ഓർമ്മിപ്പിച്ചു. ESPN Cricinfo-യിൽ സംസാരിക്കവേ, ശാസ്ത്രി പറഞ്ഞു, “അവന്റെ ഈ പ്രായത്തിലുള്ള താരങ്ങൾ ടീമിനായി എല്ലാ മേഖലകളിലും നല്ല സംഭാവനകൾ നടത്തണം . കേവലം ഒരു ഇമ്പാക്ട് താരം എന്ന നിലയിൽ ഒതുങ്ങി നിന്നിട്ട് യാതൊരു കാര്യവും ഇല്ല, അത് നിങ്ങളെ സഹായിക്കില്ല.”

“ഞാൻ ബാറ്റിംഗിൽ മാത്രമേ സഹായിക്കു എന്നും പറഞ്ഞ് ഇരിക്കാൻ ഷാക്ക് പറ്റില്ല. ഈ  പ്രായത്തിൽ തന്നെ  മടി പിടിച്ചിരിക്കാൻ പാടില്ല. അതാണ് ശ്രദ്ധിക്കേണ്ട കാര്യം .”

ഈ ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിന് ഒടുവിൽ ഇന്ത്യൻ ടീമിൽ ഒരു സ്ഥാനത്തിനായി നല്ല മത്സരം കൊടുക്കുമെന്ന് പ്രതീക്ഷിച്ച താരം ഇതുവരെ അത്ര നല്ല സംഭാവനകൾ നൽകിയിട്ടില്ല.