വിരാട് കോഹ്‌ലിയെ ലോകോത്തര താരമാക്കിയത് എം.എസ് ധോണിയുടെ മികച്ച പിന്തുണയാണെന്ന് വെസ്റ്റിന്‍ഡീസ് വിക്കറ്റ് കീപ്പര്‍ ദെനേഷ് രാംദിന്‍. മോശം ഫോം കാരണം ടീമില്‍ നിന്നും ഒരു ഘട്ടത്തില്‍ പുറത്താവലിന്റെ വക്കില്‍ എത്തിയ കോഹ്‌ലിയെ ധോണിയുടെ തന്ത്രമാണ് തിരികെ എത്തിച്ചതെന്ന് രാംദിന്‍ പറയുന്നു.
“2014-ലെ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിനും ശേഷവും കോഹ്‌ലി മോശം ഫോമിലായിരുന്നു. റണ്ണെടുക്കാന്‍ അദ്ദേഹം വിഷമിച്ചു കൊണ്ടിരുന്നു. ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിനു ശേഷം വിന്‍ഡീസ് ഇന്ത്യയില്‍ ഏകദിന പരമ്പര കളിച്ചിരുന്നു. ആദ്യത്തെ ഒന്നോ രണ്ടോ കളികളില്‍ കോഹ്‌ലി പെട്ടെന്നു പുറത്തായി. പക്ഷേ ധോണി കോഹ്‌ലിയെ ടീമില്‍ നിന്നൊഴിവാക്കിയില്ല.”
“ബാറ്റിംഗില്‍ മൂന്നാം നമ്പറിനു പകരം നാലും അഞ്ചും പൊസിഷനില്‍ കോഹ്‌ലിയെ ഇറക്കാന്‍ ധോണി തീരുമാനിക്കുകയായിരുന്നു. ധോണിയുടെ ഈ തന്ത്രം വിജയിക്കുകയും ചെയ്തു. ഒരു കളിയില്‍ നാലോ, അഞ്ചോ പൊസിഷനില്‍ ഇറങ്ങിയ കോഹ്‌ലി ഫിഫ്റ്റി നേടുകയും ചെയ്തു. ഇതോടെ കോഹ്‌ലി പഴയ താളത്തിലേക്കു തിരിച്ചെത്തുകയും ചെയ്തു” രാംദിന്‍ വ്യക്തമാക്കി.
ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ബാറ്റ്സ്മാന്‍മാരില്‍ ഒരാളായി കോഹ്‌ലിയെ മാറ്റിയതില്‍ ധോണിയ്ക്കും പങ്കുണ്ടെന്ന് രാംദിന്‍ ഉറപ്പിച്ച് പറയുന്നു. “ചില സമയങ്ങളില്‍ താരങ്ങളെ ടീമില്‍ നിന്നൊഴിവാക്കുന്നതിനേക്കാള്‍ പ്രധാനം അവരെ ശരിയായി മനസിലാക്കുകയെന്നതാണ്. പല ടീമുകളും ഇതല്ല തങ്ങളുടെ താരങ്ങളോടു ചെയ്യുന്നത്. പക്ഷേ ധോണി കോഹ്‌ലിയെ പിന്തുണച്ചു. ഈ പിന്തുണ തന്നെയാണ് കോഹ്‌ലിയെ ഇന്നത്ത ലോകോത്തര താരമായി മാറാന്‍ സഹായിച്ചത്.” രാംദിന്‍ അഭിപ്രായപ്പെട്ടു.