2025 ചാമ്പ്യന്‍സ് ട്രോഫി ഹൈബ്രിഡ് മോഡലില്‍ നടത്തുമെന്ന് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) സ്ഥിരീകരിച്ചു. ബിസിസിഐ ആവശ്യപ്പെട്ടതുപോലെ തന്നെ ഇന്ത്യയുടെ മത്സരങ്ങള്‍ ന്യൂട്രല്‍ വേദിയില്‍ നടക്കും. ഐസിസി പുറത്തിറക്കിയ പ്രസ്താവനയില്‍ ഇത് സ്ഥിരീകരിച്ചു.
2025 ഫെബ്രുവരിയിലും മാര്‍ച്ചിലുമായാണ് ടൂര്‍ണമെന്റ്. പാകിസ്ഥാന്‍ വേദിയാകുന്ന ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ ഹൈബ്രിഡ് മോഡലനുസരിച്ച് ദുബൈയില്‍ നടക്കും. ബാക്കിയെല്ലാ മത്സരങ്ങളുടെയും വേദി പാകിസ്ഥാന്‍ തന്നെയായിരിക്കും.
ഭാവിയില്‍ ഇന്ത്യ വേദിയാകുന്ന ഐസിസി ടൂര്‍ണമെന്റുകളില്‍ പാകിസ്ഥാന്റെ മത്സരങ്ങളും ന്യൂട്രല്‍ വേദിയിലേക്ക് മാറ്റണമെന്ന പിസിബിയുടെ ആവശ്യവും ഐസിസി അംഗീകരിച്ചു. ഇതുപ്രകാരം 2024-2027 കാലയളവില്‍ ഇന്ത്യയോ പാക്കിസ്ഥാനോ ആതിഥേയത്വം വഹിക്കുന്ന ടൂര്‍ണമെന്റുകളില്‍ ഇരുരാജ്യങ്ങളുടെയും മത്സരങ്ങള്‍ മറ്റൊരു രാജ്യത്ത് നടത്തും.
ഈ തീരുമാനം അനസരിച്ച് ഇന്ത്യ ആതിഥേയരാകുന്ന 2025ലെ വനിതാ ഏകദിന ലോകകപ്പിലും 2026ലെ ടി20 ലോകകപ്പിലും പാകിസ്ഥാന്‍ അവരുടെ മത്സരങ്ങള്‍ക്ക് ഇന്ത്യയിലേക്കും വരില്ലെന്ന് ഉറപ്പായി.