തുടർച്ചയായ തോൽവികളിൽ നിന്നും വിജയത്തിന്റെ ട്രാക്കിൽ എത്തിയെങ്കിലും ഹൈദരാബാദിന് കഷ്ടകാലം ഒഴിയുന്നില്ല .ടീമിലെ തന്നെ ഏറ്റവും മൂല്യമേറിയ താരങ്ങളായ രാഹുല്‍ ത്രിപാഠിയും ഓള്‍റൗണ്ടര്‍ വാഷിംഗ്ടൺ സുന്ദറും പരിക്കിന്റെ പിടിയിലാണെന്നത് ഹൈദരബാദ് ക്യാമ്പിന് നിരാശ ഉണ്ടാക്കുന്നു. ഇന്നലെ നടന്ന മത്സരത്തിൽ ലീഗിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നായ ഗുജറാത്തിനെ തോല്പിച്ചതിന്റെ സന്തോഷം തകർക്കുന്ന വാർത്തയായി ഇത്.
ബൗളിംഗിൽ തന്റെ മൂന്നോവര്‍ മാത്രം എറിഞ്ഞ് സുന്ദര്‍ മടങ്ങിയപ്പോള്‍ ബാറ്റിംഗിനിടെ 17 റൺസ് നേടി റിട്ടേര്‍ഡ് ഹര്‍ട്ടായാണ് രാഹുല്‍ മടങ്ങിയത്. സീസണിൽ തന്നെ പകരക്കാരുടെ നിര ദുർബലമായിട്ടുള്ള ടീമായതിനാൽ ഇരു താരങ്ങളുടെയും പരിക്ക് ടീമിനെ വലക്കുമെന്ന് ഉറപ്പ്.
അടുത്ത മത്സരത്തിന് മുമ്പ് ഇരു താരങ്ങളും തിരികെ വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നാണ് ക്യാപ്റ്റന്‍ കെയിൻ വില്യംസൺ മത്സരശേഷം പറഞ്ഞത്. രാഹുലിന് ക്രാംപ് ആണെന്നാണ് താന്‍ കരുതുന്നതെന്നും വില്യംസൺ കൂട്ടിചേര്‍ത്തു.
വില്യംസൺ കളിച്ച ക്യാപ്റ്റൻസ് ഇന്നിംഗ്സ് ആയിരുന്നു ടീമിന്റെ ജയത്തിൽ നിർണായകമായത്.