സച്ചിൻ ബേബിയെ സ്വന്തമാക്കി ഹൈദരാബാദ്, 'ബേബി' സച്ചിനെ സ്വന്തമാക്കി മുംബൈയും

കേരള ക്യാപ്റ്റൻ സച്ചിൻ ബേബി ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിന് വേണ്ടി കളിക്കും. വിറ്റഴിക്കപ്പെടാത്ത കളിക്കാരുടെ പട്ടികയിൽ നിന്ന് ഇടംകൈയ്യൻ ബാറ്ററെ അടിസ്ഥാന വിലയായ 30 ലക്ഷം രൂപക്കാണ് ഹെദരാബാദ് സ്വന്തമാക്കിയത്. ജിദ്ദയിൽ നടക്കുന്ന ഐപിഎൽ മെഗാ ലേലത്തിൻ്റെ അവസാന ദിവസമായ തിങ്കളാഴ്ച പേസർമാർക്ക് കൂടുതൽ ആധിപത്യം ലഭിച്ച ദിവസമായിരുന്നു.

സൽമാൻ നിസാർ, അബ്ദുൾ ബാസിത്ത്, സന്ദീപ് വാര്യർ എന്നീ മൂന്ന് മലയാളി താരങ്ങൾ ലേലത്തിൽ വിൽക്കാതെ പോയി. നിസാറിനും ബാസിത്തിനും 30 ലക്ഷം രൂപയായിരുന്നു വില. പേസർ വാര്യരുടെ അടിസ്ഥാന വില 75 ലക്ഷം രൂപയുമാണ്. ലേലത്തിൻ്റെ ആദ്യ ദിനം, പഞ്ചാബ് കിംഗ്‌സ് കേരള ബാറ്റർ വിഷ്ണു വിനോദിൻ്റെ സേവനം 95 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കി. മൂന്ന് കേരള താരങ്ങളെ മാത്രമാണ് ഇത്തവണത്തെ ലേലത്തിൽ നിന്ന് തിരഞ്ഞെടുത്തത്.

അതേസമയം, സച്ചിൻ ടെണ്ടുൽക്കറുടെ മകൻ അർജുൻ ലേലത്തിൽ അൺസോൾഡ് പ്ലയെർ ആയിരുന്നു. മുംബൈ ഇന്ത്യൻസ് സ്ക്വാഡ് അംഗമായിരുന്ന 25 കാരനായ ഇടങ്കയ്യൻ പേസറിന് അടിസ്ഥാന വിലയായ 30 ലക്ഷം രൂപയ്ക്ക് എടുക്കുന്നവർ ഇല്ലായിരുന്നു. ഒടുവിൽ മുംബൈ തന്നെ അടിസ്ഥാന വില നൽകി ടെണ്ടുൽക്കറെ സ്വന്തമാക്കുകയായിരുന്നു.