GT VS KKR: ആ ഇന്ത്യൻ യുവതാരത്തിൽ നിന്ന് ഞാൻ ഒരുപാട് പഠിക്കുന്നു, എനിക്ക് ഇപ്പോൾ തന്ത്രങ്ങൾ പറഞ്ഞ് തരുന്നത് അവൻ: റാഷിദ് ഖാൻ

ഐപിഎലിൽ ഇന്നലെ നടന്ന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് 39 റൺസിന്റെ വിജയം. ഇതോടെ പോയിന്റ് പട്ടികയിൽ 12 പോയിന്റോടെ ഒന്നാം സ്ഥാനം നിലനിർത്താൻ ടീമിന് സാധിച്ചു. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റൻസ് നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 198 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 159 റൺസ് നേടാനേ ടീമിന് സാധിച്ചുള്ളൂ.

എന്തായാലും ജയത്തെക്കാൾ ഉപരി ഗുജറാത്തിനെ സന്തോഷിപ്പിക്കുന്നത് റാഷിദ് ഖാൻ താളം കണ്ടെത്തി തുടങ്ങി എന്നുള്ളതാണ്. ഈഡൻ ഗാർഡൻസിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ഗുജറാത്ത് ടൈറ്റൻസിന്റെ 39 റൺസിന്റെ വിജയത്തിൽ താരം 2 വിക്കറ്റുകൾ വീഴ്ത്തി തിളങ്ങി. സുനിൽ നരെയ്‌നെയും ആൻഡ്രെ റസ്സലിനെയും വീഴ്ത്തിയ അദ്ദേഹം ഇന്നലെ ബോളിങ്ങിൽ നല്ല രീതിയിൽ പിശുക്കും കാണിച്ചു. സീസണിൽ 8 മത്സരങ്ങളിൽ നിന്ന്, 46.33 ശരാശരിയിലും 9.26 എന്ന എക്കണോമിയിലും 6 വിക്കറ്റുകൾ മാത്രമാണ് താരത്തിന് വീഴ്ത്താനായത്.

റാഷിദിന്റെ മോശം പ്രകടനങ്ങൾക്കിടയിലും, ഗുജറാത്ത് ടൈറ്റൻസിന് സ്പിൻ ഡിപ്പാർട്ട്‌മെന്റിൽ ഒരു ബുദ്ധിമുട്ടും തോന്നാത്തത് സായ് കിഷോർ എന്ന യുവ ഇന്ത്യൻ സ്പിന്നർ അവസരത്തിനൊത്ത് ഉയർന്നതും വിക്കറ്റ് വീഴ്ത്താൻ തുടങ്ങിയത് കൊണ്ടും ആണ്. എട്ട് മത്സരങ്ങളിൽ നിന്ന് 16.33 ശരാശരിയിലും 8.22 എന്ന എക്കണോമിയിലും 12 വിക്കറ്റുകൾ വീഴ്ത്തിയ താരം എന്തായാലും മുൻനിര വിക്കറ്റ് വേട്ടക്കാരുടെ ലിസ്റ്റിൽ മൂന്നാം സ്ഥാനത്താണ് നിൽക്കുന്നത്.

199 റൺസ് പിന്തുടരുന്നതിനിടെ കെകെആറിനെ 159/8 എന്ന നിലയിൽ ഒതുക്കിയതിന് റാഷിദ് തന്റെ സഹതാരത്തെ പ്രശംസിച്ചു. “മത്സരങ്ങൾക്ക് മുമ്പ് ഞാനും സായ് കിഷോറും ധാരാളം സംസാരിക്കാറുണ്ട്. പിച്ചുകളെ ആശ്രയിക്കാൻ കഴിയില്ലെന്നും ശരിയായ സ്ഥലങ്ങളിൽ പന്ത് പിച്ച് ചെയ്യേണ്ടത് പ്രധാനമാണെന്നും ഞാൻ അദ്ദേഹത്തോട് പറഞ്ഞു. അദ്ദേഹം പന്തെറിയുന്ന രീതിയും അദ്ദേഹത്തിന്റെ വ്യതിയാനങ്ങൾ ഉപയോഗിക്കുന്ന രീതിയും എനിക്ക് ഇഷ്ടമാണ്. ഞാൻ അദ്ദേഹത്തിൽ നിന്ന് പഠിക്കുന്നുണ്ട്,” റാഷിദ് ഖാൻ പറഞ്ഞു.

“എനിക്കും അദ്ദേഹത്തെപ്പോലെ പന്തെറിയണം. എന്റെ അനുഭവം ഞാൻ അദ്ദേഹവുമായി പങ്കിടുന്നു, കൂടാതെ അത്തരം ഇന്ത്യൻ വിക്കറ്റുകളിൽ എങ്ങനെ പന്തെറിയണമെന്ന് സായിയിൽ നിന്ന് അറിവ് നേടുകയും ചെയ്യുന്നു,” റാഷിദ് കൂട്ടിച്ചേർത്തു.

Read more