'പാകിസ്ഥാനെ പരിശീലിപ്പിക്കാന്‍ ഞാന്‍ തയ്യാര്‍'; വമ്പന്‍ ഓഫര്‍ മുന്നോട്ടുവെച്ച് ഇന്ത്യന്‍ മുന്‍ താരം

2023 ലെ ഐസിസി ലോകകപ്പില്‍ അഫ്ഗാനിസ്ഥാനൊപ്പം നേടിയ വിജയത്തിന് ശേഷം ഇന്ത്യന്‍ മുന്‍ താരം അജയ് ജഡേജയ്ക്ക് വലിയ ഡിമാന്‍ഡാണ്. ലോകകപ്പില്‍ അഫ്ഗാന്‍ ടീമിന്റെ ഉപദേശകനായിരുന്നു അജയ് ജഡേജ. അദ്ദേഹത്തിനു കീഴില്‍ ക്രിക്കറ്റിലെ കുഞ്ഞന്മാരായ അഫ്ഗാന്‍ ഇംഗ്ലണ്ട്, പാകിസ്ഥാന്‍, ശ്രീലങ്ക, നെതര്‍ലാന്‍ഡ്‌സ് എന്നിവരെ പരാജയപ്പെടുത്തി.അവര്‍ ഓസ്ട്രേലിയയെ അട്ടിമറിക്കുന്നതിന് അടുത്തെത്തിയെങ്കിലും ഗ്ലെന്‍ മാക്സ്വെല്ലിന്റെ ഇരട്ട സെഞ്ച്വറി കളി അവരില്‍ നിന്ന് അകറ്റി.

സ്‌പോര്‍ട്‌സ് ടുഡേയുമായുള്ള അഭിമുഖത്തില്‍, പാകിസ്ഥാനിലെ ജനങ്ങളില്‍ നിന്ന് തനിക്ക് ലഭിക്കുന്ന താല്‍പ്പര്യത്തെക്കുറിച്ച് ജഡേജ പറഞ്ഞു. പാകിസ്ഥാനെ പരിശീലിപ്പിക്കാന്‍ താന്‍ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. ”ഞാന്‍ എന്റെ പഠനങ്ങള്‍ അഫ്ഗാനികളുമായി പങ്കിട്ടു. പാകിസ്ഥാന്‍ ഒരിക്കല്‍ അഫ്ഗാനിസ്ഥാനെപ്പോലെയായിരുന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നു’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയില്‍ നടന്ന ലോകകപ്പ് ടൂര്‍ണമെന്റില്‍ പാകിസ്ഥാന്‍ കളിച്ച ഓന്‍പത് മത്സരങ്ങളില്‍ അഞ്ചിലുംപരാജയപ്പെട്ട് പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് ഫിനീഷ് ചെയ്തത്. വിമര്‍ശനങ്ങളെ തുടര്‍ന്ന് ബാബര്‍ അസം ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുകയും ചെയ്തു. നിലവില്‍ ഓസ്‌ട്രേലിയന്‍ പര്യടനത്തിലാണ് പാക് ടീം.

Read more

1996ലെ ഏകദിന ലോകകപ്പില്‍ പാകിസ്ഥാനെ തോല്‍പിച്ച ഇന്ത്യന്‍ ടീമില്‍ ജഡേജ അംഗമായിരുന്നു. അന്ന് 25 പന്തില്‍ 45 റണ്‍സ് നേടിയ ജഡേജയുടെ ബലത്തിലാണ് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ 8 വിക്കറ്റിന് 287 റണ്‍സ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ 39 റണ്‍സ് അകലെ പാകിസ്ഥാന്റെ പോരാട്ടം അവസാനിച്ചു.