കഴിഞ്ഞയാഴ്ച ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ (സിഎസ്‌കെ) ഐപിഎൽ 2025 അരങ്ങേറ്റത്തിൽ നടത്തിയ തകർപ്പൻ പ്രകടനത്തിന് പിന്നാലെ മുംബൈ ഇന്ത്യൻസ് (എംഐ) സ്പിന്നർ വിഘ്‌നേഷ് പുത്തൂർ ഇന്റർനെറ്റിൽ ഒരു സെൻസേഷനായി മാറിയിരിക്കുന്നു. ചെന്നൈക്ക് എതിരായ മത്സരത്തിന് മുമ്പ് പുത്തൂർ വെറും മൂന്ന് ടി20 മത്സരങ്ങൾ മാത്രമേ കളിച്ചിരുന്നുള്ളു. എന്നാൽ ഒരു പരിചയസമ്പത്തും ഇല്ലാത്ത താരം, അരങ്ങേറ്റത്തിൽ തന്നെ റുതുരാജ് ഗെയ്‌ക്‌വാദ്, ശിവം ദുബെ, ദീപക് ഹൂഡ എന്നിവരെ പുറത്താക്കി ആദ്യ വരവ് കളറാക്കി. സാക്ഷാൽ എംഎസ് ധോണി താരത്തെ അഭിനന്ദിക്കുന്ന ചിത്രങ്ങളൊക്കെ ക്ഷണ നേരം കൊണ്ടാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്.
ധോണി പുത്തൂരിനോട് എന്താണ് പറഞ്ഞതെന്ന് അറിയാൻ ആരാധകർ ആകാംക്ഷയോടെ ആണ് നോക്കിയിരുന്നത്. ഇപ്പോഴിതാ പുത്തൂരിന്റെ ബാല്യകാല സുഹൃത്തായ ശ്രീരാഗ് അവരുടെ സംഭാഷണത്തിന്റെ വിവരങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നു. മികച്ച പ്രകടനം നടത്തിയതിന് പിന്നാലെ പുത്തൂരിനെ ശ്രീരാഗ് വിളിച്ചിരുന്നു.
ശ്രീരാഗിന്റെ വാക്കുകൾ ഇങ്ങനെ:
“എടാ, പുള്ളി എന്താണ് പറഞ്ഞത് എന്നാണ് ഞാൻ ആദ്യം ചോദിച്ചത്, കാരണം എന്റെ മാതാപിതാക്കൾ പോലും അറിയാൻ ആഗ്രഹിച്ചിരുന്നു,” ശ്രീരാഗ് ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
“ധോണി അവനോട് എത്ര വയസ്സായി എന്ന് ചോദിച്ചു, പ്രായം പറഞ്ഞപ്പോൾ അത്ര പ്രായം തോന്നിക്കില്ലല്ലോ എന്നും പറഞ്ഞു. ഇത് കൂടാതെ തുടർന്നും മികച്ച പ്രകടനം നടത്താനാണ് ധോണി പറഞ്ഞത്” അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ കുറച്ച് ദിവസങ്ങൾ വിഘ്നേഷിന്റെ മാതാപിതാക്കൾക്ക് വളരെ ബുദ്ധിമുട്ടുള്ളതായിരുന്നുവെന്നും ശ്രീരാഗ് വെളിപ്പെടുത്തി. “അവർ തീർച്ചയായും ഞെട്ടിപ്പോയി. എളിമയോടെ നിൽക്കണം എന്നാണ് അവർ ആഗ്രഹിച്ചത്. പെട്ടെന്നുള്ള പ്രശസ്തിയും പണവും ക്രിക്കറ്റ് കളിക്കാരിൽ എന്ത് ചെയ്യുമെന്ന് നമ്മൾ കണ്ടിട്ടുണ്ട്. അന്ന് വിനോദ് കാംബ്ലിയിൽ നമ്മൾ അത് കണ്ടു, ഇപ്പോൾ പൃഥ്വി ഷായിലും നമ്മൾ അത് കാണുന്നു. അതായിരുന്നു അവരുടെ പേടി” ശ്രീരാഗ് എടുത്തുപറഞ്ഞു.
എന്തായാലും ആദ്യ മത്സരത്തിൽ തന്നെ തിളങ്ങിയ താരത്തിന് ഇനിയും അവസരം കിട്ടുമെന്ന് ആണ് പ്രതീക്ഷിക്കുന്നത്.