ഐപിഎൽ 2024ലെ ചെന്നൈ സൂപ്പർ കിങ്‌സിനെതിരായ (സിഎസ്‌കെ) മത്സരം തൻ്റെ അവസാന മത്സരമായിരിക്കുമെന്ന് തനിക്ക് ഒരു തോന്നൽ ഉണ്ടായതായി വെറ്ററൻ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആർസിബി) വിക്കറ്റ് കീപ്പർ ദിനേഷ് കാർത്തിക് വെളിപ്പെടുത്തി. ആർസിബി അവരുടെ ആദ്യ എട്ട് മത്സരങ്ങളിൽ ഏഴിലും തോറ്റതിനാൽ അവർ പ്ലേ ഓഫിലേക്ക് യോഗ്യത നേടില്ലെന്ന് തനിക്ക് തോന്നിയെന്നും കാർത്തിക്ക് പറഞ്ഞു.
എന്നിരുന്നാലും, ആദ്യത്തെ തോൽവി പരമ്പരക്ക് ശേഷം അടുത്ത ആറ് മത്സരങ്ങൾ തുടർച്ചയായി ജയിക്കുകയും ഐപിഎൽ 2024 പോയിൻ്റ് പട്ടികയിൽ നാലാം സ്ഥാനം നേടാൻ ആർസിബിയെ കാർത്തിക്ക് തന്റെ മികച്ച പ്രകടനത്തിലൂടെ സഹായിക്കുകയും ചെയ്‌തു. ആർസിബി അവരുടെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിൽ സംസാരിക്കുമ്പോൾ, സിഎസ്‌കെയ്‌ക്കെതിരെ അവസാനമായി കളിക്കുന്നത് കാണാൻ തൻ്റെ കുടുംബത്തെ വിളിക്കാൻ പദ്ധതിയിട്ടിരുന്നതായി ദിനേഷ് കാർത്തിക് തുറന്നു പറഞ്ഞു, തൻ്റെ ടീം അടുത്ത ഘട്ടത്തിലേക്ക് പോകില്ലെന്ന് കരുതിയാണ് കാർത്തിക് ഇങ്ങനെ ചിന്തിച്ചത്. അദ്ദേഹം പറഞ്ഞത് ഇതാ:
“എട്ട് കളികളിൽ നിന്ന് ഏഴ് തോൽവികൾ ഉണ്ടായപ്പോൾ പണി കിട്ടിയെന്ന് ഞാൻ കരുതിയതാണ്. അതിനാൽ ഇത് (മെയ് 18) എൻ്റെ അവസാന മത്സരദിനം ആകുമെന്ന് കരുതി. ഞാൻ എൻ്റെ കുടുംബത്തിലെ 26 അംഗങ്ങളെ വിളിച്ചിട്ട് ചെന്നൈയിലെ മത്സരം കാണാൻ എത്താൻ പറഞ്ഞു. എന്നാൽ ഞങ്ങൾ ജയിച്ച് തുടങ്ങിയപ്പോൾ ആ തോന്നൽ പതുക്കെ മാറി തുടങ്ങി”
എന്തായാലും ഇന്നലത്തെ ജയത്തോടെ നാലാം സ്ഥാനക്കാരായി പ്ലേ ഓഫ് ഉറപ്പിച്ച ആർസിബിയുടെ എലിമിനേറ്റർ മത്സരത്തിലെ എതിരാളികൾ ആരെന്ന കാര്യത്തിൽ തീരുമാനം വന്നിട്ടില്ല