ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബി.സി.സി.ഐ) പുരുഷ ദേശീയ ടീമിൻ്റെ പുതിയ പരിശീലകനെ തേടുമ്പോൾ നിരവധി പ്രശസ്ത മുൻ ക്രിക്കറ്റ് താരങ്ങളുടെ പേരുകൾ ഉയർന്നുവന്നിട്ടുണ്ട്. വിവിഎസ് ലക്ഷ്മണും ഗൗതം ഗംഭീറുമാണ് രാഹുൽ ദ്രാവിഡിൻ്റെ പകരക്കാരനെ കണ്ടെത്താനുള്ള പരസ്യം പുറത്തിറക്കിയപ്പോൾ ഉയർന്നുവന്ന മുൻനിര ഇന്ത്യൻ പേരുകൾ. റിക്കി പോണ്ടിംഗ്, ജസ്റ്റിൻ ലാംഗർ, സ്റ്റീഫൻ ഫ്ലെമിംഗ്, തുടങ്ങിയവരും ബോർഡിൻ്റെ ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ചിരുന്നു. പക്ഷേ, ബിസിസിഐയുടെ ആഗ്രഹം ഗൗതം ഗംഭീർ പരിശീലകനാകാനാണ്.
ദൈനിക് ജാഗരണിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയുടെ ഹെഡ് കോച്ചിൻ്റെ ജോലി ഏറ്റെടുക്കാൻ ഗംഭീറും താൽപ്പര്യപ്പെടുന്നു. നിലവിൽ കൊൽക്കത്തയുടെ മെന്റർ ആയിട്ടാണ് പ്രവർത്തിക്കുന്നത്. പക്ഷേ ഇന്ത്യൻ പരിശീലകൻ ആയിട്ടുള്ള അപേക്ഷാ ഫോം പൂരിപ്പിക്കുന്നതിന് മുമ്പ് മുൻ ഇന്ത്യൻ ബാറ്ററിന് ഒരു നിബന്ധനയുണ്ട്.
‘സെലക്ഷൻ ഗ്യാരണ്ടി’ നൽകിയാൽ മാത്രമേ ഗംഭീർ സ്ഥാനത്തേക്ക് അപേക്ഷിക്കാൻ തയ്യാറാവുകയുള്ളൂവെന്നാണ് റിപ്പോർട്ട്. മുൻ ഇന്ത്യൻ ഓപ്പണിംഗ് ബാറ്റർ ഈ പോസ്റ്റിലേക്ക് ഒരു അപേക്ഷകനാകാൻ താൽപ്പര്യപ്പെടുന്നില്ല. ദ്രാവിഡിൻ്റെ പകരക്കാരനായി തിരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായാൽ മാത്രമേ ഗംഭീർ ജോലി ഏറ്റെടുക്കു എന്ന് ഇതുവഴി മനസിലാക്കാം.
മുഖ്യ പരിശീലകൻ്റെ റോളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 27 ആണ്. എത്ര പരിശീലകർ അവരുടെ റോളിനായി പേരുകൾ നൽകിയിട്ടുണ്ടെന്ന് ഇതുവരെ അറിവായിട്ടില്ല. റിക്കി പോണ്ടിംഗ്, ജസ്റ്റിൻ ലാംഗർ എന്നിവരെ ഹെഡ് കോച്ച് സ്ഥാനത്തേക്ക് സമീപിച്ചു എന്ന റിപ്പോർട്ട് ബിസിസിഐ നിഷേധിക്കുക ആയിരുന്നു.