ഓസ്ട്രേലിയയ്‌ക്കെതിരായ ആദ്യ ടെസ്റ്റിനുള്ള ടെസ്റ്റ് ടീമില്‍ മുഹമ്മദ് ഷമിയെ ഉള്‍പ്പെടുത്തണമെന്ന് ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. ഷമിയ്ക്ക് സയ്യിദ് മുഷ്താഖ് അലി ട്രോഫി കളിച്ച് കഴിവ് തെളിയിക്കേണ്ട ആവശ്യമില്ലെന്നും ഓസ്ട്രേലിയയിലേക്കുള്ള ആദ്യ വിമാനത്തില്‍ ഷമി ഉണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഞാനാണെങ്കില്‍ അവനെ അടുത്ത ഫ്‌ലൈറ്റില്‍ ഓസ്‌ട്രേലിയയിലേക്ക് അയക്കും. ഇനി അവന്‍ മുഷ്താഖ് അലി കളിച്ചൊന്നും ഫിറ്റ്‌നെസ് തെളിയിക്കേണ്ടതില്ല. ആദ്യ ടെസ്റ്റ് നഷ്ടമായാലും രണ്ടാം ടെസ്റ്റിലെങ്കിലും അവന് കളിക്കാനാകും-ഗാംഗുലി പറഞ്ഞു.
പെര്‍ത്ത് ടെസ്റ്റില്‍ ആകാശ് ദീപിന് പകരം പ്രസിദ്ധ് കൃഷ്ണക്കാണ് പ്ലേയിംഗ് ഇലവനില്‍ അവസരം നല്‍കേണ്ടത്. കാരണം, പ്രസിദ്ധിന്റെയും ഉയരവും പെര്‍ത്തിലെ ബൗണ്‍സുള്ള സാഹചര്യവും കണക്കിലെടുക്കുമ്പോള്‍ ആകാശ് ദീപിനെക്കാള്‍ നല്ലത് പ്രസിദ്ധ് ആണ്. ഈ സമയം, ഷമി ഓസ്‌ട്രേലിയയിലേക്കുള്ള ഫ്‌ലൈറ്റിലായിരിക്കണം. രണ്ടാം ടെസ്റ്റില്‍ ഷമി കളിക്കുകയും വേണം- ഗാംഗുലി കൂട്ടിച്ചേര്‍ത്തു.
പരിക്കിന് ശേഷം ഏകദേശം ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അടുത്തിടെയാണ് മുഹമ്മദ് ഷമി വീണ്ടും ക്രിക്കറ്റ് കളത്തിലേക്ക് തിരിച്ചെത്തുയത്. 2024-25 രഞ്ജി ട്രോഫിയിലെ മധ്യപ്രദേശിനെതിരായ മത്സരത്തിലാണ് ബംഗാളിനായി താരം കളത്തിലിറങ്ങിയത്. 2023ലെ ഐസിസി ലോകകപ്പിലാണ് താരം അവസാനമായി ഇന്ത്യയ്ക്കായി കളിച്ചത്. രഞ്ജി ട്രോഫി മത്സരത്തില്‍ മധ്യപ്രദേശിനെതിരെ ബംഗാളിനായി ഇറങ്ങിയ ഷമി ഏഴ് വിക്കറ്റ് വീഴ്ത്തി തിളങ്ങിയിരുന്നു.