ഓസീസിനെതിരായ നാലാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സിലെ ഇന്ത്യന്‍ ഓപ്പണര്‍ യശ്വസി ജയ്‌സ്വാളിന്റെ പുറത്താകല്‍ വലിയ വിവാദത്തിലായിരിക്കുകയാണ്. പാറ്റ് കമ്മിന്‍സിന്റെ ലെഗ് സൈഡിലെത്തിയ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കിയാണ് ജയ്സ്വാള്‍ മടങ്ങിയത്. എന്നാല്‍ ലെഗ് സൈഡിലെത്തിയ പന്ത് ജയ്സ്വാളിന്റെ ബാറ്റില്‍ കൊണ്ടിട്ടില്ലെന്ന് റിവ്യൂവിലും അല്‍ട്രാ എഡ്ജിലും വ്യക്തമായിരുന്നു. എന്നിട്ടും തേര്‍ഡ് അംപയര്‍ ഔട്ട് വിളിച്ചതാണ് വിവാദത്തിന് കാരണമായിരിക്കുന്നത്.
ഇപ്പോഴിതാ ഈ ചര്‍ച്ചകളോട് പ്രതികരിച്ചിരിക്കുകയാണ് കമ്മിന്‍സ്. ജയ്‌സ്വാളിന്റേത് വിക്കറ്റ് തന്നെയായിരുന്നെന്നാണ് കമ്മിന്‍സ് പറയുന്നത്. ജയ്സ്വാളിന്റെ വിക്കറ്റ് ഒരു ബ്രേക്ക് ത്രൂ ആയിരുന്നെന്നും അത് കളിയില്‍ മാറ്റം സൃഷ്ടിച്ചതെന്നും കമ്മിന്‍സ് പറഞ്ഞു.
യശസ്വി ജയ്സ്വാളിന്റെ വിക്കറ്റ് ഒരു ബ്രേക്ക് ത്രൂ ആയിരുന്നു. അവനെ പുറത്താക്കാന്‍ ഞങ്ങള്‍ എല്ലാ അടുവുകളും പയറ്റി. ഒടുവില്‍ ഒരെണ്ണത്തില്‍ ജയ്സ്വാള്‍ വീണു. റിവ്യൂ ചെയ്യുന്ന സമയത്ത് സ്നിക്കോയില്‍ ഒന്നും കാണാതിരുന്നപ്പോള്‍ നിരാശതോന്നി, എന്നാല്‍ അത് വിക്കറ്റാണെന്ന് തീരുമാനിക്കാന്‍ ധാരാളം തെളിവുകളുണ്ടായിരുന്നു- കമ്മിന്‍സ് പറഞ്ഞു.
208 പന്ത് നേരിട്ട് എട്ട് ഫോറടക്കം 84 റണ്‍സെടുത്താണ് ജയ്സ്വാള്‍ പുറത്തായത്. വീഡിയോയില്‍ ജയ്സ്വാളിന്റെ ബാറ്റിലും ഗ്ലൗസിലും പന്ത് കൃത്യമായി കൊണ്ടുവെന്ന് പറയാനാവില്ല. അല്‍ട്രാ എഡ്ജില്‍ വേരിയേഷനും കാട്ടുന്നില്ല. എന്നാല്‍ ശബ്ദത്തിന്റേയും പന്തിന്റെ ദിശ മാറ്റത്തേയും വിലയിരുത്തി അംപയര്‍ ഔട്ട് വിധിക്കുകയായിരുന്നു.