തോല്‍വി ഭയം കാരണമാണ് ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കാന്‍ മടി കാണിക്കുന്നതെന്ന് പാക് മുന്‍ ഓള്‍റൗണ്ടര്‍ അബ്ദുള്‍ റസാഖ്. പാകിസ്ഥാനുള്ളതു പോലെയുള്ള മികച്ച താരങ്ങള്‍ ഇന്ത്യയ്ക്കില്ലെന്നും അത് ഇന്ത്യയ്ക്ക് ഏറെ ആശങ്ക ഉണ്ടാക്കുന്നുണ്ടെന്നും അബ്ദുള്‍ റസാഖ് പറഞ്ഞു.
‘പാകിസ്ഥാന്‍ കളിക്കാരുടെ കഴിവ് മറ്റെല്ലാവരില്‍ നിന്നും വ്യത്യസ്തമാണ്. ഇന്ത്യക്കും മികച്ച കളിക്കാരുണ്ട്. എന്നാല്‍ ഇമ്രാന്‍ ഖാനെയും കപില്‍ദേവിനെയും താരതമ്യം ചെയ്താല്‍ കപില്‍ദേവിനേക്കാള്‍ മികവ് ഇമ്രാന്‍ ഖാനാണ്. ഞങ്ങള്‍ക്ക് വസീം അക്രം ഉണ്ട്. എന്നാല്‍ അതുപോലെ കഴിവുള്ള താരം ഇന്ത്യക്കില്ല.’
‘ഞങ്ങള്‍ക്ക് ജാവേദ് മിയാന്‍ദാദും അവര്‍ക്ക് ഗാവസ്‌കറുമുണ്ടായി. പിന്നെ നമുക്ക് ഇന്‍സമാമിനേയും യൂസഫ് യുനിസിനേയും ഷാഹിദ് അഫ്രീദിയേയും ലഭിച്ചു. അവര്‍ക്ക് ദ്രാവിഡും സെവാഗും. പാകിസ്ഥാന്‍ എല്ലായ്പ്പോഴും മികച്ച കളിക്കാരെ സൃഷ്ടിച്ചു. അതിനാലാണ് പാകിസ്ഥാനെതിരെ കളിക്കാന്‍ ഇന്ത്യ താത്പര്യപ്പെടാത്തത്’ അബ്ദുള്‍ റസാഖ് പറഞ്ഞു.
യുഎഇ ആതിഥ്യം വഹിക്കുന്ന ടി20 ലോക കപ്പ് ക്രിക്കറ്റിലെ ഹൈലൈറ്റാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലെ പോരാട്ടം. ക്രിക്കറ്റ് ആരാധകര്‍ ആകാംക്ഷയോടെയാണ് ആ മത്സരത്തിനായി കാത്തിരിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ ഒക്ടോബര്‍ 24നാണ് ഇന്ത്യ- പാക് പോരാട്ടം. ദുബായ് ആയിരിക്കും വേദി.
ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ കാരണം നിലവില്‍ ഐ.സി.സി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് ഇന്ത്യ-പാക് പോര് സംഭവിക്കുന്നത്. ലോക കപ്പില്‍ ഇതുവരെ പാകിസ്ഥാന് ഇന്ത്യയെ തോല്‍പ്പിക്കാനിട്ടില്ല. ഏകദിന, ടി20 ലോക കപ്പുകളിലായി 11 തവണ ഏറ്റുമുട്ടിയപ്പോഴും ഇന്ത്യയായിരുന്നു ജയിച്ചത്. ആദ്യ ടി20 ലോക കപ്പിന്റെ ഫൈനലില്‍ പാകിസ്ഥാനെ കീഴടക്കിയാണ് ഇന്ത്യ കിരീടം നേടിയത്.
2019ലെ ഏകദിന ലോക കപ്പില്‍ അവസാനം ഏറ്റുമുട്ടിയപ്പോഴും ഇന്ത്യക്കായിരുന്നു ജയം. 2017ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ച് കിരീടം നേടിയതാണ് പാകിസ്ഥാന് എടുത്തുപറയാനുള്ള നേട്ടം. ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 14വരെയാണ് ടി20 ലോക കപ്പ്. ഇന്ത്യ ആതിഥേയത്വം വഹിക്കേണ്ട ലോക കപ്പ് കോവിഡിനെത്തുടര്‍ന്നാണ് യു.എ.ഇയിലേക്ക് മാറ്റിയത്.