പൃഥ്വി ഷായാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ പ്രധാന ചർച്ചാവിഷയം. ഇംഗ്ലണ്ടിലെ കൗണ്ടി ക്രിക്കറ്റിൽ കളിക്കാനുള്ള നീക്കം അവസാനിപ്പിച്ചതിന് ശേഷം, നടന്നുകൊണ്ടിരിക്കുന്ന റോയൽ ഏകദിന കപ്പിൽ സോമർസെറ്റിനെതിരായ മത്സരത്തിൽ വലംകൈയ്യൻ ബാറ്റർ ഇരട്ട സെഞ്ച്വറി നേടിയിരുന്നു. ഏറെ നാളായി മോശം ഫോമിന്റെ പേരിലും കളിക്കളത്തിന് പുറത്തെ വിവാദങ്ങളുടെ പേരിലും താരം വാർത്തകളിൽ നിറഞ്ഞ് നിന്നിരുന്നു.
ലക്ഷ്യം മുന്നിൽ കണ്ടാണ് പൃഥ്വി ഷാ ഇംഗ്ലണ്ട് തീരത്ത് എത്തിയത്. ഒരു കാലത്ത് ‘അടുത്ത സൂപ്പർ താരം’ ആയി കണക്കാക്കപ്പെട്ടിരുന്ന ഷായുടെ കരിയർ വളർച്ച കഴിഞ്ഞ കുറച്ച് മാസങ്ങളായി പരിക്കുകളാലും ഫീൽഡിന് പുറത്തുള്ള വിവാദങ്ങളാലും മങ്ങി പോയിരുന്നു. 2018 ൽ വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് സെഞ്ചുറിയോടെ ആരംഭിച്ച ഒരു അന്താരാഷ്ട്ര കരിയർ ക്രമേണ എവിടെയും എത്തിയില്ല. എന്നിരുന്നാലും, എന്തുകൊണ്ടാണ് തന്നെ എഴുതി തള്ളരുത് എന്ന് തെളിയിച്ചുകൊണ്ട് മികച്ച പ്രകടനം നടത്തി തിങ്ങിയിരിക്കുകയാണ് ഇപ്പോൾ താരം,
ബുധനാഴ്ച സോമർസെറ്റിനെതിരായ ഇംഗ്ലണ്ടിന്റെ ഏകദിന കപ്പ് ടൂർണമെന്റിൽ നോർത്താംപ്ടൺഷെയറിന് വേണ്ടി 153 പന്തിൽ 244 റൺസ് നേടിയതോടെ, മത്സരത്തിൽ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ താരമായി ഷാ മാറി. ചേതേശ്വർ പൂജാരയ്ക്ക് ശേഷം ടൂർണമെന്റിൽ 150-ലധികം സ്കോർ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാണ് 23-കാരൻ. ഷാ 81 പന്തിൽ 100 റൺസ് തികച്ചപ്പോൾ ശേഷം 129 പന്തിൽ 200 റൺസ് തികച്ചു.
തന്റെ കന്നി കൗണ്ടി സീസണിൽ കളിക്കുന്ന ഇരുപത്തിമൂന്നുകാരൻ 28 ഫോറുകളും 11 സിക്‌സറുകളും തന്റെ രണ്ടാം ലിസ്റ്റ് എ ഡബിൾ സെഞ്ച്വറി നേടി. 2020-21ൽ വിജയ് ഹസാരെ ട്രോഫി സെമിഫൈനലിൽ കർണാടകയ്‌ക്കെതിരെ 165 റൺസ് നേടിയതിന് ശേഷം ഇത് അദ്ദേഹത്തിന്റെ ഒമ്പതാമത്തെ ലിസ്റ്റ് എ സെഞ്ചുറിയായിരുന്നു.
ഈ ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിൽ താരം മോശം പ്രകടനമാണ് നടത്തിയത്. എന്നാൽ മികച്ച പ്രകടനത്തിന് ശേഷം താരം പറഞ്ഞത് ഇങ്ങനെ ”എനിക്ക് 12-14 വർഷം ഇന്ത്യക്കായി കളിച്ച് ലോകകപ്പ് നേടണം, ”അദ്ദേഹം പറഞ്ഞു.
“എന്തുകൊണ്ടാണ് എന്നെ ടീമിൽ നിന്ന് പുറത്താക്കിയതെന്ന് എനിക്കറിയില്ല. ആരോ പറഞ്ഞു, എന്റെ ഫിറ്റ്‌നസ് അവരുടെ രീതിക്ക് അനുസരിച്ചല്ല, പക്ഷേ ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ എല്ലാ ടെസ്റ്റുകളും ഞാൻ വിജയിച്ചു. എന്നെ ടി20 ടീമിലേക്ക് തിരിച്ചുവിളിച്ചെങ്കിലും വെസ്റ്റ് ഇൻഡീസ് പരമ്പരയിൽ അവസരം ലഭിച്ചില്ല. എനിക്ക് ആരുമായും വഴക്കിടാൻ പറ്റില്ല. ഞാൻ മുന്നോട്ട് പോകും. ”