രഞ്ജി ട്രോഫിയിൽ കളിക്കാൻ വിസമ്മതിച്ചതിന് ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ എന്നിവരെ വാർഷിക കരാറിൽനിന്നും ഒഴിവാക്കിയ ബിസിസിഐയുടെ നടപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ അഭിപ്രായങ്ങൾ പറയുകയാണ്. ദക്ഷിണാഫ്രിക്കൻ പര്യടനം തൊട്ട് ബിസിസിഐ പറയുന്ന പല നിർദേശങ്ങളും അനുസരിക്കാതെ നോട്ടപ്പുള്ളിയായി മാറിയ താരമാണ് ഇഷാൻ കിഷൻ. ഫോം വീണ്ടെടുക്കാൻ രഞ്ജി ട്രോഫി കളിക്കണം എന്നുള്ള ദ്രാവിഡിന്റെ ഉൾപ്പടെ നിർദേശം തള്ളി ഇഷാൻ കിഷൻ ഇന്ത്യൻ പ്രീമിയർ ലീഗ് കളിക്കാനുള്ള പരിശീലനം നടത്തുന്നതിനിടക്കാണ് വിലക്ക് വന്നത്.
ഇപ്പോഴിതാ തിരിച്ചടിയുണ്ടെങ്കിലും, വെസ്റ്റ് ഇൻഡീസിൻ്റെ ഇതിഹാസ താരം ഡ്വെയ്ൻ ബ്രാവോ ഏറ്റവും പ്രതിഭാധനനായ കളിക്കാരൻ എന്ന വിശേഷണമാണ് ഇഷാന് നൽകിയത്. ഇഷാനൊപ്പം വിക്കറ്റ് കീപ്പർ ബാറ്ററും സഹതാരവും ആയിരുന്ന നിക്കോളാസ് പൂരനുമൊത്തുള്ള ചിത്രം ഓൾറൗണ്ടർ പങ്കിട്ടു.
“നിക്കോളാസ്പൂരനും ഇഷാനും ആണ് ഞാൻ കണ്ട ഏറ്റവും മികച്ച കളിക്കാർ” ബ്രാവോ തൻ്റെ അടിക്കുറിപ്പിൽ പറഞ്ഞു.
അതേസമയം ബിസിസിഐ പുതുക്കിയ വാർഷിക കരാറുകൾ പ്രഖ്യാപിച്ചപ്പോൾ വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷൻ, മധ്യനിര ബാറ്റർ ശ്രേയസ് അയ്യർ എന്നിവരുടെ അസാന്നിധ്യം ഏറെ ചർച്ചയായി. ദേശീയ ടീമിൽ കളിക്കാത്ത അവസരത്തിൽ രഞ്ജി ട്രോഫി കളിക്കണം എന്ന നിർദേശം പാലിക്കാതിരുന്നതിനാണ് ഇരുവർക്കുമെതിരെ നടപടിയെന്നോണം വാർഷിക കരാറുകളിൽനിന്നും പുറത്താക്കിയത്.