സണ്‍റൈസേഴ്സ് ഇനിയുള്ള മത്സരങ്ങളില്‍ മനീഷ് പാണ്ഡെയെ കളിപ്പിക്കരുതെന്ന ആവശ്യവുമായി മുന്‍ ഇന്ത്യന്‍ താരം അജയ് ജഡേജ. പാണ്ഡെ അധിക സമയം ക്രീസില്‍ തുടരുന്നത് ടീമിന് ഗുണകരമല്ലെന്നും മികച്ച തുടക്കം മുതലാക്കി നല്ലരീതിയില്‍ ഫിനിഷ് ചെയ്യാന്‍ പാണ്ഡെയ്ക്ക് കഴിയുന്നില്ലെന്നാണ് അജയ് ജഡേജ പറയുന്നത്.
“ഇനിമുതല്‍ പാണ്ഡെയുടെ കാര്യത്തില്‍ ടീം പുനര്‍വിചിന്തനം നടത്തുമെന്ന് ഉറപ്പാണ്. ടീമില്‍ അവസരമില്ലാത്ത വില്യംസന് പുറത്തുണ്ട്. അധികം റണ്‍സ് പിറക്കാത്ത മത്സരങ്ങളാണെങ്കില്‍ വില്യംസന്റെ സാന്നിദ്ധ്യം നിര്‍ണായകമാണ്. മികച്ച തുടക്കം മുതലാക്കി നല്ലരീതിയില്‍ ഫിനിഷ് ചെയ്യാന്‍ കഴിയുന്നവരെയാകും ഇനി ഹൈദരാബാദ് പരിഗണിക്കുക. മനീഷ് പാണ്ഡെയെ ഇനി ടീമില്‍ ഉള്‍പ്പെടുത്തരുതെന്ന കാര്യത്തില്‍ എനിക്ക് യാതൊരു സംശയവുമില്ല. അടുത്ത മത്സരത്തില്‍ സ്വാഭാവികമായും മാറ്റം പ്രതീക്ഷിക്കാം” ജഡേജ പറഞ്ഞു.
സീസണില്‍ സണ്‍റൈസേഴ്സിന്റെ ആദ്യ മത്സരത്തില്‍ 61 റണ്‍സെടുത്ത് പുറത്താകാതെ നിന്ന പാണ്ഡെ രണ്ടാം മത്സരത്തില്‍ 39 പന്തില്‍ 38 റണ്‍സടിച്ചു. എന്നാല്‍ രണ്ട് മത്സരത്തിലും പരാജയപ്പെടാനായിരുന്നു ഹൈദരാബാദിന്റെ വിധി.
Read more
കൊല്‍ക്കത്തയ്ക്കെതിരായ ആദ്യ മത്സരത്തില്‍ 10 റണ്‍സിന്റെ തോല്‍വി വഴങ്ങിയ ഹൈദരാബാദ് രണ്ടാം മത്സരത്തില്‍ ബാംഗ്ലൂരിനോട് ആറ് റണ്‍സിനാണ് തോറ്റത്. ഇതില്‍ ബാംഗ്ലരിനെതിരായ മത്സരത്തില്‍ 38 റണ്‍സെടുക്കാന്‍ പാണ്ഡെ 39 ബോളുകള്‍ എടുത്തത് ഏറെ വിമര്‍ശിക്കപ്പെടുന്നുണ്ട്.