വിരാട് കോഹ്‌ലിയോട് ഞാൻ ഒരു തെറ്റ് ചെയ്തു, അതിന്റെ കുറ്റബോധം എനിക്ക് ഉണ്ട്; വമ്പൻ വെളിപ്പെടുത്തലുമായി രോഹിത് ശർമ്മ

പത്ത് വർഷം മുമ്പ് ഇതുപോലെ ഒരു നവംബർ മാസം, ഏകദിനത്തിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ തകർത്ത് രോഹിത് ശർമ്മ ക്രിക്കറ്റ് ചരിത്രം തിരുത്തി എഴുതിയിരുന്നു. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ നാലാം ഏകദിനത്തിൽ കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ ശ്രീലങ്കയ്‌ക്കെതിരെ 173 പന്തിൽ 264 റൺസാണ് അദ്ദേഹം അടിച്ചുകൂട്ടിയത്. 152.60 സ്‌ട്രൈക്ക് റേറ്റിൽ വന്ന 33 ബൗണ്ടറികളും ഒമ്പത് സിക്‌സറുകളും താരം തന്റെ ഇന്നിങ്സിൽ അടിച്ചു.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ബോർഡിൽ 404-5 എന്ന സ്‌കോർ ഉയർത്തി, രോഹിത് നടത്തിയ മനോഹരമായ ബാറ്റിംഗ് തന്നെയായിരുന്നു ഇന്ത്യൻ ഇന്നിങ്സിന്റെ ഹൈലൈറ്റ് . മറുപടിയായി, പേസർ ധവാൽ കുൽക്കർണി തൻ്റെ 10 ഓവറിൽ 4-34 എന്ന കണക്കുമായി മികവ് കാണിച്ചപ്പോൾ ആഞ്ചലോ മാത്യൂസ് 68 പന്തിൽ 75 റൺസ് നേടിയിട്ടും ശ്രീലങ്ക 251 റൺസിന് ഓൾഔട്ടായി.

ഇന്ത്യൻ ഇന്നിംഗ്‌സിനിടെ രോഹിതുമായുള്ള കൂട്ടുകെട്ടിനിടെ വിരാട് കോഹ്‌ലി 66 റൺസിന് റണ്ണൗട്ടായപ്പോൾ അത് രോഹിത്തിന്റെ തെറ്റ് കാരണം സംഭവിച്ചത് ആയിരുന്നു. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 202 റൺസ് കൂട്ടിച്ചേർത്തു. റൺ എടുക്കുന്നതിനിടെ ഉണ്ടായ ആശങ്കകുഴപ്പത്തിനിടെ കോഹ്‌ലി ഔട്ടായി. എന്തായാലും അന്നത്തെ ഗെയിമിന് ശേഷം സംസാരിച്ച രോഹിത്, റണ്ണൗട്ടിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പറഞ്ഞത് ഇങ്ങനെ

“വിരാട് പുറത്തായത് എൻ്റെ തെറ്റായിരുന്നു. അങ്ങനെയുള്ള കാര്യങ്ങൾ സംഭവിച്ചു. ഞങ്ങൾ നല്ല കൂട്ടുകെട്ട് ഉയർത്തുന്നതിടെ ആയിരുന്നു വിക്കറ്റ് പോയത്. അത് എന്നെ നിരാശപ്പെടുത്തി.”

ഇന്ത്യയുടെ ഇന്നിംഗ്‌സിൻ്റെ സുപ്രധാന ഘട്ടത്തിൽ കോഹ്‌ലിയെ നഷ്ടമായതിൻ്റെ നിരാശ താൻ എങ്ങനെ തരണം ചെയ്‌തുവെന്നതിനെക്കുറിച്ച്, ഹിറ്റ്‌മാൻ മറുപടി പറഞ്ഞു: “തുടരാൻ ഞാൻ എന്നോട് തന്നെ പറഞ്ഞുകൊണ്ടിരുന്നു.”

എന്തായാലും ഏകദിനത്തിലെ ഏറ്റവും മികച്ച ഇന്നിങ്സിൽ ഒന്നായിരുന്നു രോഹിത് കളിച്ചത് എന്ന് പറയാം.