ഇന്ത്യൻ സൂപ്പർ താരം ജസ്പ്രീത് ബുംറ ലയണൽ മെസ്സിയെയും ക്രിസ്റ്റ്യാനോ റൊണാൾഡോയെയും ഒഴിവാക്കി, മുൻ ബാഴ്സലോണ ഫോർവേഡ് സ്ലാറ്റൻ ഇബ്രാഹിമോവിച്ചിനെ തൻ്റെ പ്രിയപ്പെട്ട കളിക്കാരനായി തിരഞ്ഞെടുത്തു. രണ്ട് പതിറ്റാണ്ടുകളായി കായികരംഗത്ത് ഏറ്റവും അധികം ചർച്ചയായത് മെസി- റൊണാൾഡോ താരങ്ങളിൽ ആരാണ് മികച്ചവൻ എന്നുള്ള തർക്കമാണ്.
എന്നിരുന്നാലും, ബുംറയെ സംബന്ധിച്ചിടത്തോളം, 13 ബാലൺ ഡി ഓർ പുരസ്കാരങ്ങൾ നേടിയ രണ്ട് ഇതിഹാസങ്ങൾ ആയിരുന്നില്ല പ്രിയപ്പെട്ട കളിക്കാരൻ. പകരം, പേസർ ഇബ്രാഹിമോവിച്ചിനെ തിരഞ്ഞെടുത്തു, വാക്കുകൾ ഇങ്ങനെ:
“ഞാൻ ഒരിക്കലും ഒരു ജനക്കൂട്ടത്തെ പിന്തുടരുന്ന ആളായിരുന്നില്ല. 50 പേർ ഒരാളെ ഇഷ്ടപ്പെട്ടാൽ ഞാൻ ആ വ്യക്തിയെ ഇഷ്ടപ്പെടും എന്നില്ല. ഞാൻ ഒരു സ്ലാറ്റൻ ഇബ്രാമോവിച്ചിൻ്റെ ആരാധകനാണ്. കാരണം അദ്ദേഹത്തിൻ്റെ കഥ എന്റെ പോലെയാണ്. ഞാൻ ഒരു സ്പോർട്സ് പാരമ്പര്യം ഉള്ള വീട്ടിൽ നിന്നല്ല വന്നത്.”
“അതിനാൽ ഞാൻ ഒരു ക്രിക്കറ്ററാകുമെന്ന് എനിക്ക് എന്നിൽ തന്നെ വിശ്വാസം വളർത്തേണ്ടിവന്നു. ഞാൻ കായികരംഗത്തേക്ക് വരുമ്പോൾ ഞാൻ വ്യത്യസ്തമായി ബൗൾ ചെയ്യുമായിരുന്നു. ” അദ്ദേഹം കൂട്ടിച്ചേർത്തു.
ബുംറ തുടർന്നു:
“എനിക്ക് കുറെ കാര്യങ്ങൾ തെളിയിക്കേണ്ടത് ഉണ്ടായിരുന്നു. സ്ലാട്ടനെ പോലെ ഒരു താരത്തെ മാതൃകയാക്കിയതാണ് എന്റെ വിജയം. എല്ലാവർക്കും അവനെ ഇഷ്ടമില്ല. പക്ഷെ എനിക്ക് അവൻ എൻറെ റോൾ മോഡലാണ്.”
ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും നേടിയ വിജയങ്ങളിൽ സ്ലാറ്റൻ ഇബ്രാഹിമോവിച്ച് എത്തിയിട്ടുണ്ടാകില്ല. എന്നിരുന്നാലും, തൻ്റെ ക്ലബ് കരിയറിൽ 827 മത്സരങ്ങളിൽ നിന്ന് 496 ഗോളുകൾ നേടുകയും 202 അസിസ്റ്റുകൾ നൽകുകയും ചെയ്ത അദ്ദേഹം കായിക ചരിത്രത്തിലെ ഏറ്റവും മികച്ച സ്ട്രൈക്കർമാരിൽ ഒരാളായി തുടരുന്നു.