ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന 2022 ഏഷ്യാ കപ്പ് ഫൈനലില്‍ പാക്കിസ്ഥാനെ തോല്‍പ്പിച്ച് ശ്രീലങ്ക തങ്ങളുടെ ആറാമത്തെ ഏഷ്യാ കപ്പ് ട്രോഫി കരസ്ഥമാക്കിയിരിക്കുകയാണ്. തോല്‍വിയ്ക്ക് പിന്നാലെ മോശം പ്രകടനത്തിന്റെ പേരില്‍ പാകിസ്ഥാന്‍ താരങ്ങള്‍ വ്യാപകമായ വിമര്‍ശനം ഏറ്റുവാങ്ങുമ്പോള്‍, മൈതാനത്തെ തന്റെ മോശം പ്രകടനത്തിന് ക്ഷമാപണം നടത്തി തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുകയാണ് പാക് ടീം വൈസ് ക്യാപ്റ്റന്‍ ഷദാബ് ഖാന്‍.
‘ക്യാച്ചുകള്‍ മത്സരങ്ങള്‍ ജയിപ്പിക്കുന്നു. ക്ഷമിക്കണം, ഈ തോല്‍വിയുടെ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നു. ഞാന്‍ എന്റെ ടീമിനെ നിരാശപ്പെടുത്തി. നസീം ഷാ, ഹാരിസ് റൗഫ്, മുഹമ്മദ് നവാസ്, ഒപ്പം മുഴുവന്‍ ബോളിംഗ് ആക്രമണവും മികച്ചതായിരുന്നു. മുഹമ്മദ് റിസ്വാന്‍ ശക്തമായി പൊരുതി. ഒപ്പം ടീം മുഴുവനും പരമാവധി ശ്രമിച്ചു. ശ്രീലങ്കയ്ക്ക് അഭിനന്ദനങ്ങള്‍’ ഷദാബ് ട്വീറ്റിലൂടെ പറഞ്ഞു.
മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളായ ഷദാബ് ഖാന്‍ പ്രതിസന്ധി ഘട്ടങ്ങളില്‍ അസാധാരണമായി രണ്ട് ക്യാച്ചുകള്‍ കൈവിട്ടിരുന്നു. ഇത് എതിരാളികള്‍ക്ക് ഏറെ ഗുണകരമായി മാറി. ഭാനുക രാജപക്സെയുടെ നിര്‍ണായക ക്യാച്ച് താരം കൈവിട്ടിരുന്നു. മത്സരത്തില്‍ 47 പന്തില്‍ പുറത്താകാതെ 71 റണ്‍സ് നേടിയ ഭാനുക രാജപക്‌സയുടെ പ്രകടനം ലങ്കന്‍ വിജയത്തില്‍ നിര്‍ണായകമായി.
ഫൈനലില്‍ പാകിസ്ഥാനെ 23 റണ്‍സിനു തോല്‍പിച്ചാണ് ഏഷ്യാ കപ്പ് ടി20 ക്രിക്കറ്റില്‍ ലങ്കയുടെ കിരീടധാരണം. ആദ്യം ബാറ്റു ചെയ്ത് 170 റണ്‍സ് നേടിയ ലങ്ക പിന്നീട് പാകിസ്ഥാനെ 147 റണ്‍സിനു പുറത്താക്കി. സ്‌കോര്‍: ശ്രീലങ്ക 20 ഓവറില്‍ 6ന് 170. പാക്കിസ്ഥാന്‍ 20 ഓവറില്‍ 147ന് ഓള്‍ഔട്ട്.