ഇന്ത്യൻ ടീമിൻ്റെ ഡ്രസ്സിംഗ് റൂമിൽ വെച്ച് മഹാനായ സച്ചിൻ ടെണ്ടുൽക്കറുമായുള്ള തൻ്റെ ആദ്യ കൂടിക്കാഴ്ച വിരാട് കോഹ്‌ലി അടുത്തിടെ അനുസ്മരിച്ചു. തന്റെ സഹതാരങ്ങൾ സച്ചിനെ വെച്ച് തങ്ങൾക്ക് മുന്നിൽ കളിച്ച തമാശ എന്താണെന്നും വിരാട് ഓർത്തു. മുമ്പ് ഒരു അഭിമുഖത്തിൽ താൻ പറഞ്ഞ കാര്യങ്ങൾ ഒരിക്കൽക്കൂടി കോഹ്‌ലി ആവർത്തിക്കുക ആയിരുന്നു.
2008ൽ ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിൽ ആദ്യമായി സച്ചിനെ കാണുമ്പോൾ തനിക്ക് ത്രില്ല് തോന്നിയെന്നും എന്നാൽ യുവി അടക്കമുള്ള ആളുകൾ അത് വെച്ചിട്ട് തന്നെ പ്രാങ്ക് ചെയ്‌തെന്നുമാണ് കോഹ്‌ലി പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ: “സച്ചിനെ ആദ്യമായി കണ്ടുമുട്ടിയപ്പോൾ ഞാൻ അദ്ദേഹത്തിൻ്റെ മുന്നിൽ തലകുനിച്ചു. ഇതാണ് ആചാരമെന്ന് ഞാൻ കരുതി. സച്ചിൻ സ്തംഭിച്ചുപോയി, ഞാൻ എന്താണ് ചെയ്യുന്നതെന്ന് എന്നോട് ചോദിച്ചു. എന്നോട് ഇത് സഹതാരങ്ങൾ പറഞ്ഞിട്ടാണ് ചെയ്യുന്നതെന്ന് ഞാൻ അദ്ദേഹത്തിനോട് പറഞ്ഞില്ല.”കോഹ്‌ലി ഓർത്തു.
“ഇർഫാൻ (പത്താൻ) ഭായ്, ഭജ്ജു പാ (ഹർഭജൻ സിംഗ്), യുവി പാ (യുവരാജ് സിംഗ്), മുനാഫ് പട്ടേൽ എന്നിവരുണ്ടായിരുന്നു. അവരെല്ലാവരും എന്നെ പ്രാങ്ക് ചെയ്തു” അദ്ദേഹം കൂട്ടിച്ചേർത്തു.
ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിലാണ് അദ്ദേഹം തൻ്റെ കന്നി ഏകദിനം കളിച്ചത്. അതിനുശേഷം ഏറ്റവും അവിശ്വസനീയമായ ബാറ്റർമാരിൽ ഒരാളായി കോഹ്‌ലി മാറി, ഇപ്പോൾ ഓസ്‌ട്രേലിയയ്‌ക്കെതിരായ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിൽ ഇറങ്ങാൻ ഒരുങ്ങുകയാണ് കോഹ്‌ലി.