ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിൽ ഓസ്‌ട്രേലിയക്ക് 157 റൺസിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് ആണ് സ്വന്തമാക്കിയത്. അഡ്‌ലെയ്ഡിൽ ട്രാവിസ് ഹെഡ്ഡിന്റെ (140) സെഞ്ചുറി ആണ് 337 റൺസ് എന്ന മികച്ച സ്‌കോറിൽ എത്താൻ ഓസ്‌ട്രേലിയയെ സഹായിച്ചത്. മർനസ് ലബുഷെയ്ൻ 64 റൺസെടുത്തു. ഇന്ത്യക്ക് വേണ്ടി ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ് എന്നിവർ നാല് വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ, ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് 180ന് അവസാനിച്ചിരുന്നു. ആറ് വിക്കറ്റ് നേടിയ മിച്ചൽ സ്റ്റാർക്കാണ് ഇന്ത്യയെ തകർത്തത്. 42 റൺസെടുത്ത നിതീഷാണ് ടോപ് സ്‌കോറർ. രണ്ടാം ഇന്നിങ്സിൽ ബാറ്റ് ചെയ്യാൻ എത്തിയ ഇന്ത്യ 128 – 5 എന്ന നിലയിലാണ് നിൽക്കുന്നത്.
ട്രാവിസ് ഹെഡ് വന്ന് ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ഇന്നിംഗ്സുകളിലൊന്ന് ആണ് ഇന്ന് കളിച്ചതെന്ന് പറയാം. മികച്ച ഇന്നിംഗ്സ് കളിച്ച ഇടംകയ്യൻ ഓസ്‌ട്രേലിയയെ ഒന്നാം ഇന്നിംഗ്‌സിൽ 130 റൺസിന് മുകളിൽ ലീഡ് നേടാൻ സഹായിച്ചു. തന്റെ ഇഷ്ട ഗ്രൗണ്ടിൽ, ബോളർമാർക്ക് വളരെ അനുകൂലമായ സാഹചര്യത്തിൽ ട്രാവിസ് ഹെഡ് എതിരാളികളെ തകർത്തെറിഞ്ഞു. എല്ലാ ഇന്ത്യൻ ബോളർമാരും താരത്തിന്റെ ബാറ്റിന്റെ ചൂടറിഞ്ഞു. ഒടുവിൽ മുഹമ്മദ് സിറാജ് ആണ് താരത്തെ പുറത്താക്കിയത്. താരം ഈ ഇന്നിങ്സിൽ എറിഞ്ഞ ഏറ്റവും മികച്ച പന്ത് ആയിരുന്നു അത്. എന്നാൽ, വിക്കറ്റ് വീഴ്ത്തിയ ശേഷം മുഹമ്മദ് സിറാജിൻ്റെ ആഘോഷം ചർച്ചയായി. “തിരിച്ച് കയറിപോടാ” എന്നാണ് സിറാജ് ഹെഡിനോട് സംസാരിച്ചത്.
ഇപ്പോഴിതാ ഈ വിഷയത്തിൽ ഹെഡ് തന്റെ വിശദീകരണം നൽകിയിരിക്കുകയാണ്. ആ സമയത്ത് ഒരു തരത്തിലും സിറാജിനെ പ്രകോപിപ്പിക്കാൻ നോക്കിയിരുന്നില്ലെന്നും താങ്കൾ വളരെ നന്നായാണ് ബൗൾ ചെയ്തതെന്ന് മാത്രമായിരുന്നു താൻ പറഞ്ഞതെന്നും ഹെഡ് പറഞ്ഞു. ഇന്ത്യൻ താരം എന്നാൽ അത് മനസിലാകാതെ മോശമായി പ്രതികരിക്കുകയാണ് ചെയ്തത് എന്നാണ് ഹെഡ് പറഞ്ഞത്. ഇന്ത്യ അങ്ങനെയാണ് മുന്നോട്ട് പോകാൻ ആഗഹിക്കുന്നത് എങ്കിൽ അത് നടക്കട്ടെ എന്നാണ് ഹെഡ് പറഞ്ഞത്.
‘എന്റെ വിക്കറ്റ് നഷ്ടപ്പെട്ട സമയത്ത് സിറാജിനോട് താങ്കൾ നന്നായി പന്തെറിഞ്ഞെന്ന് മാത്രമാണ് ഞാൻ പറഞ്ഞത്. അത് അദ്ദേഹം മറ്റൊരു രീതിയിലാണ് എടുത്തത്. അവൻ എന്നോട് പവിലിയനിലേക്ക് മടങ്ങൂവെന്ന് കൈചൂണ്ടി പറഞ്ഞു. എനിക്കും പിന്നീട് എന്തൊക്കെയോ പറയേണ്ടിവന്നു. അതിൽ എനിക്ക് വലിയ നിരാശയുണ്ട്’, ഹെഡ് പറഞ്ഞു
‘എന്തായാലും സംഭവിച്ചത് സംഭവിച്ചു. ഈ തരത്തിലാണ് ഇന്ത്യ ഇനിയും പ്രതികരിക്കാനും മുന്നോട്ടുപോകാനും ഉദ്ദേശിക്കുന്നതെങ്കിൽ അത് തുടരുക’, ഹെഡ് കൂട്ടിച്ചേർത്തു. മത്സരശേഷം ഫോക്‌സ് ക്രിക്കറ്റിനോട് സംസാരിക്കവേയായിരുന്നു ഹെഡിന്റെ പ്രതികരണം. എന്തായാലും ഈ വിഷയത്തിൽ സിറാജിനെ കുറ്റപ്പെടുത്തുന്നവരാണ് കൂടുതൽ.