ടീം ഇന്ത്യയും ചെന്നൈ സൂപ്പർ കിംഗ്‌സും (സിഎസ്‌കെ) ഓൾറൗണ്ടർ ശാർദുൽ താക്കൂർ അടുത്തിടെ ഇതിഹാസതാരം എംഎസ് ധോണിക്കും ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയ്ക്കും ഇടയിൽ മികച്ച ക്യാപ്റ്റനെ തിരഞ്ഞെടുത്തു. മികച്ച ക്യാപ്റ്റനെ തിരഞ്ഞെടുക്കുന്നതിനിടയിൽ രോഹിത് ശർമ്മയെക്കുറിച്ച് ഷാർദുൽ താക്കൂർ രസകരമായ അഭിപ്രായവും പറഞ്ഞിരിക്കുകയാണ്.
വൈറ്റ് ബോൾ ക്രിക്കറ്റിൽ ഇന്ത്യയുടെ ഏറ്റവും വിജയകരമായ ക്യാപ്റ്റനായാണ് എംഎസ് ധോണി കണക്കാക്കപ്പെടുന്നത്. വിക്കറ്റ് കീപ്പർ-ബാറ്റർ ദേശീയ ടീമിനെ 2007 ടി20 ലോകകപ്പ്, 2011 ഏകദിന ലോകകപ്പ്, 2013 ചാമ്പ്യൻസ് ട്രോഫി എന്നിവയിൽ വിജയത്തിലേക്ക് നയിച്ചു. ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) ചെന്നൈ സൂപ്പർ കിംഗ്‌സിനായി (സിഎസ്‌കെ) അഞ്ച് കിരീടങ്ങൾ നേടാനും ധോണി സഹായിച്ചു.
ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിൻ്റെ (എംഐ) നായകനെന്ന നിലയിൽ രോഹിത് ശർമ്മ അഞ്ച് കിരീടങ്ങളും നേടിയിട്ടുണ്ട്. ശേഷം ഈ വര്ഷം വെറ്ററൻ ഓപ്പണിംഗ് ബാറ്റർ 2024 ലെ ടി20 ലോകകപ്പിൽ ടീമിനെ കിരീടത്തിലേക്ക് നയിച്ചു. കപിൽ ദേവിനും എംഎസ് ധോണിക്കും ശേഷം ഐസിസി ലോകകപ്പ് ട്രോഫി നേടുന്ന മൂന്നാമത്തെ ഇന്ത്യൻ ക്യാപ്റ്റനായി അദ്ദേഹം മാറി.
എംഎസ് ധോണിയുടെയും രോഹിത് ശർമ്മയുടെയും കീഴിൽ കളിച്ചിട്ടുള്ള ശാർദുൽ താക്കൂറിനോട് രണ്ട് ക്യാപ്റ്റന്മാരിൽ ഒരാളെ തിരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടു. അദ്ദേഹം ധോണിയെ തിരഞ്ഞെടുത്തു, രോഹിത് അത് മനസ്സിലാക്കുമെന്നും കൂട്ടിച്ചേർത്തു. വിഷമം തോന്നിയാലും കുഴപ്പമില്ല എന്നും തമാശയായി അദ്ദേഹം പറഞ്ഞു.
“രോഹിത് ആദ്യം എൻ്റെ സുഹൃത്താണ്, അതിനാൽ ഞാൻ MSD എന്ന് പറയും. ദേഷ്യം വന്നാലും അയാൾക്ക് (രോഹിത്) മനസ്സിലാവും, ഞാൻ പോയി സോപ്പിട്ട് പറയും, രോഹിത്, കുഴപ്പമില്ല! ഈ വീഡിയോ കണ്ടാലും, അവൻ എന്നോട് ഫോണിൽ സാധാരണ രോഹിത് ശർമ്മയെപ്പോലെയാകും, ”ഒരു പരിപാടിയിൽ ശാർദുൽ താക്കൂർ പറഞ്ഞു.