ആ താരത്തിന്റെ ബാറ്റിംഗ് കാണാൻ 100 കിലോമീറ്റർ നഗ്നപാദനായി ഞാൻ നടക്കും, അവനെ സംശയിച്ചവരുടെ മുഖത്ത് അടിക്കണം; ഇന്ത്യൻ താരത്തെക്കുറിച്ച് നവജ്യോത് സിംഗ് സിദ്ധു

എന്തുകൊണ്ടാണ് വിരാട് കോഹ്‌ലിയെ ക്രിക്കറ്റിലെ ഏറ്റവും മികച്ച താരാമായിട്ടും ഇതിഹാസമായിട്ടും പരിഗണിക്കുന്നത്? ഇതൊക്കെ പിആർ തള്ളുകൾ ആണോ? ചില വിരോധികൾ എങ്കിലും താരത്തെക്കുറിച്ച് ഇങ്ങനെ ചിന്തിക്കുകയും പറയുകയും ചെയ്തിട്ടുണ്ട്. എന്തായാലും താൻ എന്താണെന്നും തന്റെ റേഞ്ച് എന്താണെന്നും അയാൾ ഇന്നലെ അവർക്ക് കാണിച്ചു കൊടുത്തു. ചാമ്പ്യൻസ് ട്രോഫി സെമിഫൈനലിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ 265 റൺസ് പിന്തുടരുന്നതിനിടെ ഡ്രസ്സിംഗ് റൂമിൽ തിരിച്ചെത്തിയ രോഹിത് ശർമ്മയും ശുഭ്‌മാൻ ഗില്ലും ഇന്ത്യൻ ആരാധകരെ നിരാശപ്പെടുത്തി. ഓസ്‌ട്രേലിയയുടെ മുന്നിൽ മറ്റൊരു തോൽവി മുന്നിൽ കണ്ട ഇന്ത്യയെ, ടൂർണമെൻ്റിൻ്റെ ചരിത്രത്തിലെ അഞ്ചാം ഫൈനലിലേക്ക് എത്തിച്ച കോഹ്‌ലി 98 പന്തിൽ 84 റൺസ് നേടി തിളങ്ങി.

ഇന്നലെ വിരാട് കോഹ്‌ലി ഒരൊറ്റ കാര്യമാണ് സിമ്പിൾ ആയി കാണിച്ചുതന്നത്- ” എങ്ങനെ സമ്മർദ്ദത്തിൽ ഒരു ഏകദിനം കളിക്കാം”. 36 കാരനായ കോഹ്‌ലി ചാമ്പ്യൻസ് ട്രോഫിയിലേക്ക് വന്നത് ഫോമിലായിരുന്നില്ല, ബംഗ്ലാദേശുമായുള്ള ആദ്യ മത്സരത്തിൽ താരം പരാജയപ്പെട്ടു. അദ്ദേഹത്തിൻ്റെ കരിയറിൻ്റെ അവസാനത്തെക്കുറിച്ചുള്ള പ്രവചനങ്ങൾ അതോടെ ശക്തമായി.

എന്നിരുന്നാലും, എല്ലാ വിമർശനങ്ങളും കാറ്റിൽപറത്തി അദ്ദേഹം പാകിസ്ഥാനെതിരെ സെഞ്ച്വറി നേടി. ന്യൂസിലൻഡിനെതിരായ അടുത്ത കളിയിൽ, കോഹ്‌ലി പിന്നെയും നിരാശപെടുത്തിയപ്പോൾ അദ്ദേഹത്തിൻ്റെ സ്ഥിരതയെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയർത്തി. എന്നാൽ ഇന്നലെ ടീം പ്രതിസന്ധിയിൽ ആയപ്പോൾ താരം വീണ്ടും ഉണർന്നു. നവജ്യോത് സിംഗ് സിദ്ധു കോഹ്‍ലിയെക്കുറിച്ച് പറഞ്ഞ വാക്കുകൾ ഇങ്ങനെ:

‘വിരാട് കോഹ്‌ലിയെ സംശയിക്കുന്നവരുടെ മുഖത്ത് അടിക്കുക. അദ്ദേഹത്തെയും ബാബർ അസമിനെപ്പോലുള്ള താരങ്ങളെയും ഞാൻ എപ്പോഴും പിന്തുണച്ചിട്ടുണ്ട്. ഇന്ത്യൻ ടീമിലേക്ക് നിരവധി മാച്ച് വിന്നർമാരെ ചേർത്തതിന് വിരാടിനും രാഹുൽ ദ്രാവിഡിനും ക്രെഡിറ്റ്. ഈ ടീം അജയ്യമായി കാണുന്നു, ”അദ്ദേഹം പറഞ്ഞു.

“പല സൂപ്പര്താരങ്ങളും ഏകദിനത്തിൽ നിരവധി റൺസ് നേടിയിട്ടുണ്ട്, എന്നാൽ അവർ എത്ര മത്സരങ്ങൾ വിജയിച്ചു? വിജയമാണ് നാഴികക്കല്ലുകളേക്കാൾ പ്രധാനം, ഇവിടെയാണ് വിരാട് എല്ലാവരേക്കാളും മുന്നിലുള്ളത്. രാജ്യത്തിനുവേണ്ടി അദ്ദേഹം എന്തും ചെയ്യും. അതാണ് അദ്ദേഹത്തിൻ്റെ പ്രതിബദ്ധത. കോഹ്‌ലി ജനിച്ചത് സന്തോഷം പകരാനാണ്, അദ്ദേഹത്തിൻ്റെ ബാറ്റിംഗ് കാണാൻ എനിക്ക് 100 കിലോമീറ്റർ നഗ്നപാദനായി നടക്കാം, ”അദ്ദേഹം കൂട്ടിച്ചേർത്തു.

Read more