ഓസ്‌ട്രേലിയന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് സ്റ്റീവ് സ്മിത്തിനെ അവരോധിച്ചതിനെതിരെ ഇതിഹാസ താരം ഇയാന്‍ ചാപ്പല്‍ രംഗത്ത്. 2018ലെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ പന്തു ചുരണ്ടല്‍ വിവാദത്തില്‍പെട്ട സ്മിത്തിനെ വൈസ് ക്യാപ്റ്റന്‍സിയിലേക്ക് തിരിച്ചുകൊണ്ടുവന്നത് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ തെറ്റായ തീരുമാനമാണെന്ന് ചാപ്പല്‍ കുറ്റപ്പെടുത്തി. അന്ന് സ്മിത്തായിരുന്നു ഓസീസിനെ നയിച്ചത്. ഡേവിഡ് വാര്‍ണറായിരുന്നു ഉപ നായകന്‍. പന്തുചുരണ്ടലിന് സ്മിത്തിനെക്കാള്‍ വലിയ ശിക്ഷയാണ് വാര്‍ണര്‍ക്ക് നല്‍കിയത്.
എന്തിനാണ് ഡേവിഡ് വാര്‍ണറില്‍ നിന്ന് വ്യത്യസ്തമായ ശിക്ഷ സ്റ്റീവ് സ്മിത്തിന് നല്‍കിയത്. സ്മിത്താണ് വാര്‍ണറേക്കാള്‍ വലിയ കുറ്റം ചെയ്തത്. എന്ത് തട്ടിപ്പാണ് നടന്നതെന്ന് ഒരു ക്യാപ്റ്റന്‍ പറയുന്നത് ശരിയല്ല. അയാള്‍ അതറിയണം. എന്താണ് സംഭവിച്ചതെന്ന് കണ്ടുപിടിക്കണം. ആ പ്രശ്‌നത്തില്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ സ്മിത്ത് എന്തെങ്കിലും ചെയ്യണമായിരുന്നു- ചാപ്പല്‍ പറഞ്ഞു.
സ്മിത്തിനെ ക്യാപ്റ്റന്‍സിയില്‍ നിന്ന് രണ്ടു വര്‍ഷത്തേക്കാണ് വിലക്കിതെങ്കില്‍ വാര്‍ണര്‍ക്കും അതേ ശിക്ഷയേ നല്‍കേണ്ടിയിരുന്നുള്ളൂ. സ്മിത്തിന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയിരുന്നെങ്കില്‍ വാര്‍ണറെയും അങ്ങനെ ചെയ്യാമായിരുന്നു. വഞ്ചന വഞ്ചനയാണ്. അതു വലുതായാലും ചെറുതായാലും. തന്റെ പുസ്തകത്തില്‍ വഞ്ചനയ്ക്ക് ഒരു അര്‍ത്ഥം മാത്രമേയുള്ളൂവെന്നും ചാപ്പല്‍ കൂട്ടിച്ചേര്‍ത്തു.