നവംബര്‍ മാസത്തെ മികച്ച പുരുഷ താരത്തിനായി മത്സരിക്കുന്ന മൂന്ന് താരങ്ങളുടെ പേര് പുറത്തുവിട്ട് ഐസിസി. ഓസീസ് വെടിക്കെട്ട് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍, കിവീസ് സൂപ്പര്‍ പേസര്‍ ടിം സൗത്തി, പാകിസ്ഥാന്‍ ഓപ്പണര്‍ അബിദ് അലി എന്നിവര്‍ തമ്മിലാണ് അവസാനഘട്ട മത്സരം.
ടി20 ലോക കപ്പില്‍ ഡേവിഡ് വാര്‍ണര്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടതും വാര്‍ണറായിരുന്നു. ലോക കപ്പില്‍ അദ്ദേഹം നിര്‍ണായകമായ രണ്ട് അര്‍ദ്ധ സെഞ്ച്വറികളും സെമിയില്‍ പാകിസ്ഥാനെതിരെ 49 റണ്‍സും നേടി. ഓസ്ട്രേലിയയുടെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനെതിരെ നേടിയ 89* റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 56 പന്തില്‍ 9 ഫോറും 4 സിക്സും അടങ്ങുന്നതായിരുന്നു ഈ പ്രകടനം.
ടി20 ലോക കപ്പ്, ഇന്ത്യയ്ക്കെതിരായ ടി20 പരമ്പര, കാണ്‍പൂര്‍ ടെസ്റ്റ് എന്നിവയില്‍ ന്യൂസിലന്‍ഡിനായി സ്ഥിരതയായ പ്രകടനമാണ് സൗത്തി കാഴ്ചവെച്ചത്. ടി20 ലോക കപ്പില്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് ആറ് വിക്കറ്റ് വീഴ്ത്തി. ഇന്ത്യയ്ക്കെതിരായ ആദ്യ രണ്ട് ടി20കളില്‍ നാല് വിക്കറ്റ് വീഴ്ത്തി. റാഞ്ചിയില്‍ നടന്ന രണ്ടാം ടി20യില്‍ മൂന്ന് വിക്കറ്റ പ്രകടനം നടത്തി. നാല് ഓവറില്‍ 16 റണ്‍സ് മാത്രം വഴങ്ങിയാണ് ഈ പ്രകടനം.
കാണ്‍പൂര്‍ ടെസ്റ്റില്‍ രണ്ട് ഇന്നിംഗ്‌സുകളിലാണ് എട്ട് വിക്കറ്റുകള്‍ സൗത്തി വീഴ്ത്തി. ചേതേശ്വര്‍ പൂജാരയുടെയും ശ്രേയസ് അയ്യരുടെയും പ്രധാന വിക്കറ്റുകള്‍ ഉള്‍പ്പെടെ ഒന്നാം ഇന്നിംഗ്സില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയ അദ്ദേഹം രണ്ടാം ഇന്നിംഗ്സില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.
പാകിസ്ഥാന്‍ ഓപ്പണര്‍ കൂടാതെ 2019 ലെ അരങ്ങേറ്റം മുതല്‍ മിന്നുന്ന പ്രകടനങ്ങള്‍ പുറത്തെടുക്കുന്ന താരമാണ് അബിദ് അലി. ടെസ്റ്റില്‍ 49.16 ആണ് ശരാശരി. കഴിഞ്ഞ മാസം ബംഗ്ലാദേശിനെതിരെ നടന്ന ആദ്യ ടെസ്റ്റില്‍ 133 ഉം 91 ഉം സ്‌കോര്‍ ചെയ്തു. രണ്ടിലും അബ്ദുള്ള ഷഫീഖിനൊപ്പം മികച്ച ഓപ്പണിംഗ് കൂട്ടുകെട്ട് സ്ഥാപിച്ചു. ആതിഥേയര്‍ക്കെതിരെ പാകിസ്ഥാന്റെ എട്ട് വിക്കറ്റ് വിജയത്തിന് അടിത്തറയിട്ട ഇന്നിംഗ്സായിരുന്നു ഇത്.