2022 ഓസ്ട്രേലിയയില്‍ നടന്ന ഐസിസി ടി20 ലോകകപ്പിന്റെ വിജയകരമായ സമാപനത്തിന് ശേഷം, 2024 ഐസിസി ടി20 ലോകകപ്പില്‍ മാറ്റങ്ങള്‍ വരുത്താനുള്ള പദ്ധതികള്‍ ആരംഭിച്ച് ഐസിസി. 2024ലെ ഇവന്റിന് മുന്നോടിയായി ഐസിസി കൊണ്ടുവന്ന ഏറ്റവും പ്രധാനപ്പെട്ട മാറ്റം പങ്കെടുക്കുന്ന ടീമുകളുടെ എണ്ണവും അത് പിന്തുടരുന്ന ഫോര്‍മാറ്റുമാണ്.
20 രാജ്യങ്ങളെ അഞ്ച് ടീമുകള്‍ വീതമുള്ള നാല് ഗ്രൂപ്പുകളായി തിരിച്ചായിരിക്കും മത്സരങ്ങള്‍. ആദ്യ റൗണ്ടിന് പിന്നാലെ സൂപ്പര്‍ 8 മത്സരങ്ങള്‍ എന്ന ഫോര്‍മാറ്റ് ആണ് കൊണ്ടുവരുന്നത്. 2021, 2022 ടി20 ലോകകപ്പുകളില്‍ ഗ്രൂപ്പ് ഘട്ടത്തിന് പിന്നാലെ സൂപ്പര്‍ 12 മത്സരങ്ങളാണ് വന്നത്. എന്നാല്‍ 2024ലെ പുതിയ ഫോര്‍മാറ്റ് അനുസരിച്ച് ഗ്രൂപ്പ് ഘട്ടത്തില്‍ ഓരോ നാല് ഗ്രൂപ്പില്‍ നിന്നും ആദ്യ രണ്ട് സ്ഥാനങ്ങളില്‍ വരുന്ന ടീമുകള്‍ സൂപ്പര്‍ 8ലേക്ക് എത്തും.
ഈ എട്ട് ടീമുകളെ നാല് വീതം ടീമുകളുള്ള രണ്ട് ഗ്രൂപ്പുകളായി വീണ്ടും തിരിക്കും. ഈ ഗ്രൂപ്പില്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ എത്തുന്ന ടീമുകള്‍ സെമിയിലേക്ക് കടക്കും. വെസ്റ്റിന്‍ഡീസിലും യുനൈറ്റഡ് സ്റ്റേറ്റ്സിലുമായാണ് 2024ലെ ടി20 ലോകകപ്പ് നടക്കുന്നത്.
12 ടീമുകള്‍ ടി20 ലോകകപ്പിനായി യോഗ്യത നേടി. ആതിഥേയര്‍ എന്ന നിലയില്‍ വെസ്റ്റിന്‍ഡീസും യുഎസ്എയുമാണ് ഈ 12ല്‍ ആദ്യ രണ്ട് സ്ഥാനങ്ങള്‍ സ്വന്തമാക്കിയത്. ഓസ്ട്രേലിയ വേദിയായ ടി20 ലോകകപ്പില്‍ ടോപ് 8ല്‍ വന്ന ടീമുകളാണ് യോഗ്യത നേടിയ മറ്റുള്ളവര്‍. ഇവരെ കൂടാതെ ടി20 റാങ്കിങ്ങില്‍ പിന്നെ വരുന്ന അഫ്ഗാനിസ്ഥാനും ബംഗ്ലാദേശും കൂടി യോഗ്യത ഉറപ്പിക്കുന്നു.
2024 ലെ ഇവന്റില്‍ ടൂര്‍ണമെന്റിലുടനീളം 55 മത്സരങ്ങള്‍ ഉണ്ടാകും. ഇതില്‍ മൂന്നിലൊന്ന് മത്സരങ്ങള്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ നടക്കും. ബാക്കിയുള്ളവ വെസ്റ്റിന്‍ഡീസില്‍ നടക്കും. നവീകരിച്ചതും വിപുലീകരിച്ചതുമായ ഈ ഫോര്‍മാറ്റ് 2030 ലോകകപ്പ് വരെ നിലനില്‍ക്കും.