ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബോർഡർ-ഗവാസ്‌കർ ട്രോഫിക്ക് മുന്നോടിയായി ഇന്ത്യയുടെ ഇതിഹാസ ജോഡികളായ വിരാട് കോലിയുടെയും രോഹിത് ശർമ്മയുടെയും ഫോമിൽ ആശങ്ക പ്രകടിപ്പിച്ച് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ. നവംബർ 22 ന് ആരംഭിക്കുന്ന അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിൽ ഓസ്‌ട്രേലിയയെ നേരിടാൻ ടീം ഇന്ത്യ ഒരുങ്ങുന്നു.
ഓസീസിനെതിരായ സമീപകാല ടെസ്റ്റുകളിൽ മുൻതൂക്കം കൈപ്പിടിയിലൊതുക്കിയെങ്കിലും ഇന്ത്യ കടുത്ത സമ്മർദ്ദത്തിലാകും ഇറങ്ങുക. ന്യൂസിലൻഡിനെതിരായ നാണംകെട്ട 3-0 ഹോം സീരീസ് തോൽവി ഇന്ത്യയെ ബാധിക്കാൻ ഇടയുണ്ട്. ടെസ്റ്റ് ക്രിക്കറ്റിൽ കോഹ്‌ലിയുടെയും രോഹിതിൻ്റെയും ദയനീയ ഫോം അവരുടെ പ്രധാന ആശങ്കകളിൽ ഒന്നാണ്. ഇരുവരും ന്യൂസിലൻഡ് പരമ്പരയിൽ 16 താഴെയുള്ള ശരാശരിയിൽ 12 ഇന്നിംഗ്‌സുകളിൽ നിന്ന് രണ്ട് അർധസെഞ്ചുറികൾ മാത്രമാണ് നേടിയത്.
ആദ്യ ഓസ്‌ട്രേലിയ-പാകിസ്ഥാൻ ഏകദിനത്തിനിടെ ഫോക്‌സ് ക്രിക്കറ്റിനോട് സംസാരിച്ച വോൺ, ഓസ്‌ട്രേലിയയെ പരാജയപ്പെടുത്താൻ ഇന്ത്യയ്‌ക്കായി രണ്ട് സൂപ്പർതാരങ്ങൾ തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവെക്കണമെന്ന് വോൺ കരുതി. എന്നിരുന്നാലും, അതിന് സാധ്യത ഇല്ലെന്ന് താരം പറഞ്ഞു.
“ഇവിടെ ഓസ്‌ട്രേലിയയിൽ ജയിക്കാൻ ഇന്ത്യക്ക് രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയും ഒരുപാട് റൺ നേടാൻ ആഗ്രഹിക്കും. അവർ മികച്ച താരങ്ങളാണ്. പക്ഷെ അവരുടെ ഫോമിൽ ടീമിന് ആശങ്കയുണ്ട്” അദ്ദേഹം പറഞ്ഞു.
“ഇതുവരെ കളിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച ഓസ്‌ട്രേലിയൻ ആക്രമണത്തെ നിങ്ങൾ അഭിമുഖീകരിക്കുമ്പോൾ, നിങ്ങൾ ഉറച്ച സാങ്കേതികതയോടെ കളിക്കണം. ഇരുതാരങ്ങളും കളിച്ചിട്ടില്ലെങ്കിൽ ഇന്ത്യ തോൽക്കും” അദ്ദേഹം കൂട്ടിച്ചേർത്തു.
ഓസ്‌ട്രേലിയൻ പരമ്പരയിൽ പരാജയപ്പെട്ടാൽ കോഹ്‌ലി, രോഹിത് തുടങ്ങിയ താരങ്ങൾ വിരമിക്കാനുള്ള സാധ്യതയും കൂടുതലാണ്.