അയാളൊന്ന് തിരിഞ്ഞു നിന്നാല്‍ നിങ്ങള്‍ക്ക് അയാളുടെ മുഖത്ത് നോക്കാനുള്ള ശക്തി പോലും ഉണ്ടാകില്ല

അയാളൊന്ന് തിരിഞ്ഞു നിന്നാല്‍ നിങ്ങള്‍ക്ക് അയാളുടെ മുഖത്ത് നോക്കാനുള്ള ശക്തി പോലും ഉണ്ടാകില്ല.

2019 ലോകകപ്പ് സെമിയില്‍ ന്യൂസിലണ്ടിനെതിരെ ഗുപ്റ്റിലിന്റെ ത്രോയില്‍ ധോണി റണ്ണൗട്ടായി മടങ്ങുമ്പോള്‍ ആ ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച പ്രകടനം നടത്തിയ രോഹിത് ശര്‍മ്മയുടെ നിരാശനായ മുഖം ഓരോ ഇന്ത്യക്കാരന്റെയും മുഖമായിരുന്നു .

2003 ലോകകപ്പ് ഫൈനലില്‍ പരാജിതനായി മടങ്ങി ഇതിഹാസം ഗാരി സോബേഴ്‌സില്‍ നിന്നും ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്‌കാരം നിര്‍വികാരനായി വിളറിയ മുഖത്തോടെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്ന അതുല്യ പ്രതിഭ ഏറ്റു വാങ്ങുന്ന നിമിഷം ഓര്‍ക്കുമ്പോള്‍ ഇന്നും കരച്ചില്‍ അടക്കാന്‍ പാടു പെടുന്ന കളിഭ്രാന്തന്മാര്‍ ഒട്ടേറെ. Dhanam Cric

കഴിഞ്ഞില്ല 1996 ലോക കപ്പ് സെമിയില്‍ ഈഡനിലെ കറുത്ത രാത്രിയില്‍ വിനോദ് കാംബ്ലി എന്ന മുടിയനായ പുത്രന്‍ കണ്ണീരോടെ മടങ്ങുമ്പോള്‍ ഒരു രാജ്യം തന്നെ അക്ഷരാര്‍ത്ഥത്തില്‍ വിതുമ്പുകയായിരുന്നു.

ആ നിമിഷങ്ങളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് ഇപ്പോഴും രാത്രിയില്‍ ഉറക്കം നഷ്ടപ്പെടുന്നുവെങ്കില്‍, സമാധാനം ഇല്ലാതാകുന്നുവെങ്കില്‍ നിങ്ങള്‍ക്ക് സുഖമായി ഉറങ്ങാന്‍ ,എല്ലാം മറക്കാന്‍ ഒരു പേര് പറയാം. ഒരേ ഒരു പേര്. പിന്നെ നിങ്ങള്‍ക്ക് സങ്കടപ്പെടാന്‍ യാതൊരു അവകാശവുമില്ല. ‘ലാന്‍സ് ക്‌ളുസ്‌നര്‍.’

അതെ, അയാളും ദക്ഷിണാഫ്രിക്കന്‍ ജനതയും സങ്കടപ്പെടുന്നത്രയും വേദന ആ പേര് കേട്ടിട്ടും നിങ്ങള്‍ക്ക് സഹിക്കാന്‍ പറ്റുന്നില്ലെങ്കില്‍ നിങ്ങള്‍ നിങ്ങളോട് ചെയ്യുന്നത് വെറും ആത്മവഞ്ചനനയാണെന് തീര്‍ച്ചയായും പറയേണ്ടി വരും.

ശേഷിക്കുന്നത് 3 പന്തുകള്‍, വേണ്ടത് 1 റണ്‍ മാത്രം.ലോകകപ്പ് ഫൈനല്‍ ബര്‍ത്ത് കൈയെത്തും ദൂരത്ത്. എഡ്ജ് ബാസ്റ്റണിലെ കാണികള്‍ക്കൊപ്പം ലോകമെമ്പാടുമുള്ള ടി.വി സ്‌ക്രീനുകളില്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ ആകാംക്ഷയുടെ മുള്‍മുനയില്‍.

സ്‌കോര്‍ തുല്യതയില്‍ നില്‍ക്കെ ആ ലോകകപ്പിലെ വിലയേറിയ താരം ഒരുങ്ങി .തൊട്ടു മുന്‍പ് ആദ്യ 2 പന്തുകളും ബുള്ളറ്റ് വേഗത്തില്‍ ,ഫീല്‍ഡര്‍മാരെ കാഴ്ചക്കാരാക്കി ബൗണ്ടറിയിലേക്ക് പായിച്ച ക്‌ളൂസ്‌നര്‍ക്കെതിരെ പതറാതെ ഡാമിയന്‍ ഫ്‌ളെമിങ്ങിന്റെ യോര്‍ക്കര്‍. മിസ് ഹിറ്റ് ആയെങ്കിലും സ്‌ട്രൈയ്റ്റ് ഡ്രൈവ് ചെയ്ത ഷോട്ടിനൊപ്പം ഉറപ്പിച്ച റണ്ണിനായി ക്‌ളൂസ്‌നറും ഓട്ടം തുടങ്ങിയിരുന്നു .എന്നാല്‍ തലേ പന്തില്‍ ഒരു റണ്ണൗട്ടില്‍ നിന്നും രക്ഷപ്പെട്ട അലന്‍ ഡൊണാള്‍ഡ് ക്‌ളൂസ്ന്നറിനെ ശ്രദ്ധിക്കാതെ പന്തിനെയാണ് ശ്രദ്ധിച്ചത്. കാണികളുടെ ആരവങ്ങള്‍ക്കിടെ ഡൊണാള്‍ഡ് സുലുവിന്റെ വിളിയും കേട്ടില്ല .


കൂസ്‌നര്‍ ഓടി നോണ്‍ സ്‌ട്രൈക്കില്‍ എത്തിക്കഴിഞ്ഞ ശേഷമാണ് ഡൊണാള്‍ഡ് ഓട്ടം തുടങ്ങിയത് തന്നെ .മാര്‍ക് വോ മിഡ് ഓഫില്‍ നിന്നും എറിഞ്ഞ പന്ത് ബൗളിങ് എന്‍ഡില്‍ ശേഖരിച്ച ഫ്‌ളെമിങ്ങ് ആ സമ്മര്‍ദ്ദ നിമിഷത്തില്‍ പതറാതെ പന്ത് സ്‌ട്രൈക്കര്‍ എന്‍ഡില്‍ വിക്കറ്റ് കീപ്പര്‍ ഗില്‍ക്രിസ്റ്റിന്റെ കൈയിലേക്കെറിഞ്ഞു .അവസരം പാഴാക്കാതെ ഗില്ലി സ്റ്റംപുകള്‍ ഇളക്കുമ്പോള്‍ ഡൊണാള്‍ഡ് പിച്ചിന്റെ പാതി വഴിയില്‍ എത്തിയിരുന്നതേയുള്ളൂ.

‘ Oh, It’s out, It’s going to be run out ‘

‘That’s it ,South Africa are out .Donald didn’t run .I cannot believe it .Australia go into the world cup final ‘

കമന്ററി ബോക്‌സില്‍ വിഖ്യാതനായ ബില്‍ ലോറി അലറുമ്പോള്‍ ഗ്രൗണ്ടില്‍ നിരാശനായി തല കുനിച്ചു നില്‍ക്കുമ്പോ ആസ്‌ട്രേലിയന്‍ താരങ്ങള്‍ ആഘോഷം തുടങ്ങിയിരുന്നു .

Lance Klusener News: Latest News and Updates on Lance Klusener at News18

അപ്പോഴും ലാന്‍സ് ക്‌ളൂസ്‌നര്‍ തിരിഞ്ഞു നോക്കാതെ പവലിയനിലേക്ക് ഓടുകയായിരുന്നു .ഒടുവില്‍ അയാള്‍ അനിവാര്യമായ വിധി ഉറപ്പു വരുത്താന്‍ ഒന്നു തിരിഞ്ഞു നോക്കിയപ്പോള്‍ ആസ്‌ട്രേലിയ ഒഴികെയുള്ള ക്രിക്കറ്റ് ലോകം വിതുമ്പുകയായിരുന്നു .ഒരു ക്രിക്കറ്റര്‍ക്കും ഒരിക്കലും സംഭവിക്കരുതാത്ത വിധി കാണേണ്ടി വന്നവര്‍ തങ്ങളുടെ കണ്ണുകളെ സ്വയം ശപിച്ചു. Dhanam cric

ഡ്രെസിംഗ് റൂമിന്റെ ജനല്‍ ചില്ലയിലൂടെ ഒന്ന് അനങ്ങാന്‍ പോലും പറ്റാതെ തരിച്ചു നിന്ന ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഹാന്‍സി ക്രോണ്യയുടെ മനോവിചാരം നിങ്ങള്‍ക്ക് സങ്കല്പിക്കാന്‍ പറ്റുമോ? 1992 ,96 ഇപ്പോ 99 ലും ക്രോണ്യെയുടെ കണ്ണുനീര്‍..

1999 ല്‍ എഡ്ജ് ബാസ്റ്റണിലെ സൗത്ത് അഫ്രിക്ക X ആസ്‌ട്രേലിയ സെമി ഫൈനല്‍ മത്സരം ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച മത്സരമായി വിലയിരുത്തപ്പെടുന്നു. ഓരോ നിമിഷവും ത്രസിപ്പിച്ച മത്സരം ,പക്ഷെ പിന്നീട് രണ്ടാമതൊരിക്കല്‍ കാണാന്‍ പലരും ഇഷ്ടപ്പെടുന്നില്ല എന്നത് മറ്റൊരു യാഥാര്‍ത്ഥ്യം. ആ മാച്ചില്‍ എന്നല്ല ആ ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കളിക്കാരനോട് ആ ഗെയിം കാണിച്ച ക്രൂരത ഒഴിച്ചാല്‍ ആ മത്സരം ഒരു ത്രില്ലറായിരുന്നു .

കളി ടൈ ആയിട്ടും ഒരു ജനത ഒന്നാകെ തോല്‍ക്കുക എന്ന ഏറ്റവും സങ്കടകരമായ മുഹൂര്‍ത്തം .മറ്റൊരു കളിക്കാരനും ഈയൊരു ഗതി വരരുതേ എന്ന് ക്രിക്കറ്റ് ലോകം ഒന്നാകെ തലയില്‍ കൈവെച്ച പറഞ്ഞ നിമിഷങ്ങള്‍ .

On this day in 1999: The greatest game of all time

ആ സിംഗിള്‍ ഓടി നോണ്‍ സ്‌ട്രൈക്കില്‍ എന്‍ഡില്‍ എത്തി വിജയം ഉറപ്പിക്കുമെന്ന് ക്‌ളൂസ്‌നര്‍ ഉറപ്പിച്ചതായിരുന്നു .അയാള്‍ നോണ്‍ സ്‌ട്രെക്കില്‍ സുരക്ഷിതമായി എത്തുകയും ചെയ്തു. എന്നാല്‍ ഡൊണാള്‍ഡ് പടിക്കല്‍ കലമുടച്ചു .ജയിക്കാന്‍ 214 റണ്‍ വേണ്ട ദക്ഷിണാഫ്രിക്കക്ക് 175 ല്‍ വെച്ച് 6 ആം വിക്കറ്റായി ജാക്ക് കാലിസ് മടങ്ങി 8 ആമനായി ക്‌ളൂസ്‌നര്‍ ക്രീസിലെത്തുമ്പോള്‍ ദക്ഷിണാഫ്രിക്കക്ക് വേണ്ടിയിരുന്നത് 37 പന്തില്‍ 39 റണ്‍ .ആ മാച്ചില്‍ ആസ്‌ട്രേലിയയുടെ കുന്തമുനയായി മികച്ച പ്രകടനം നടത്തിയ ഷെയ്ന്‍ വോണി (10-4-29-4) ന്റെ മാച്ചിലെ അവസാന പന്ത് ക്‌ളൂസ്‌നര്‍ നേരിട്ട ആദ്യ പന്തായിരുന്നു .ആ പന്തില്‍ സിംഗിള്‍ എടുത്ത ക്‌ളൂസ്‌നര്‍ പിന്നീട് കത്തിക്കാളി .

അവസാന ഓവറില്‍ വേണ്ടിയിരുന്നത് 9 റണ്‍സ് .ആദ്യ 2 പന്തും മിഡ് വിക്കറ്റിലൂടെ ബൗണ്ടറിയടിച്ച് സ്‌കോര്‍ തുല്യതയിലെത്തിച്ച ക്‌ളൂസ്‌നര്‍ക്ക് പക്ഷെ ടീമിനെ വിജയിപ്പിക്കാന്‍ പറ്റിയില്ല.16 പന്തില്‍ 4 ഫോറുകളും 1 സിക്‌സറും പറത്തി 31 റണ്‍സുമായി അപരാജിതനായി ക്‌ളൂസ്‌നര്‍ കണ്ണീരോടെ മടങ്ങി .

1992 ല്‍ മഴയോടും 1996 ല്‍ ലാറയെന്ന ഇതിഹാസത്തോടും തോറ്റ ദക്ഷിണാഫ്രിക്കക്ക് മൂന്നാം അവസരത്തില്‍ ലോക കിരീടം നേടാന്‍ ഏറ്റവും നല്ല അവസരമായിരുന്നു 1999 .എന്നാല്‍ വിധി ക്‌ളൂസ്‌നര്‍ എന്ന മഹാമേരുവിന് ലോകകപ്പ് ജയിക്കാന്‍ വിടില്ലെന്നുറപ്പിച്ച പോലെയായിരുന്നു.

യഥാര്‍ത്ഥത്തില്‍ അന്ന് ആസ്‌ട്രേലിയ എന്ന ദുര്‍ഭൂതത്തിന് സെമി ഫൈനല്‍ ബര്‍ത്ത് പോലും ദക്ഷിണാഫ്രിക്കയുടെ കാരുണ്യമായിരുന്നു എന്ന് പറയേണ്ടി വരും .സെമിക്ക് മുന്‍പുള്ള സൂപ്പര്‍ സിക്‌സില്‍ സ്റ്റീവ് വോ യുടെ അനായാസ ക്യാച്ച് ഹെര്‍ഷല്‍ ഗിബ്‌സ് കൈവിട്ടത് ആ മാച്ച് മാത്രമായിരുന്നില്ല ,സ്റ്റീവ് പറഞ്ഞത് പോലെ ലോകകിരീടം തന്നെ ആയിരുന്നു .

എല്ലാവര്‍ക്കും ഓര്‍ക്കുന്നത് സെമിയിലെ ക്‌ളൂസ്‌നറുടെ പോരാട്ടമാണ് .എന്നാല്‍ സൂപ്പര്‍ സിക്‌സില്‍ 110 പന്തില്‍ 120 റണ്‍സടിച്ച് ഓസീസിനെ സെമിയിലേക്ക് കയറ്റി വിട്ട നായകന്‍ സ്റ്റീവ് വോ 56 ല്‍ നില്‍ക്കെ ഗിബ്‌സ് പാഴാക്കിയ ആ ക്യാച്ച് ആരുടെ പന്തിലായിരുന്നു എന്ന് പലരും ഇപ്പോഴും ഓര്‍ക്കുന്നുണ്ടാകില്ല .

അതെ ,ആ പന്തെറിഞ്ഞതും ക്‌ളൂസ്‌നര്‍ തന്നെയായിരുന്നു .പക്ഷെ വിധി അവിടെയും ക്‌ളൂസ്‌നര്‍ക്ക് എതിരായിരുന്നു .അല്ലെങ്കില്‍ പിന്നെ അക്കാലഘട്ടത്തിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍ ആയ ഗിബ്‌സ് തന്നെ അത്ര എളുപ്പമുള്ള ക്യാച്ച് കൈപ്പിടിയിലൊതുക്കിയ ശേഷം കൈവിടണോ? ക്‌ളൂസ്‌നറുടെ കളിയില്‍ ക്രിക്കറ്റിന് പോലും അസൂയ തോന്നിയിരുന്നെന്നു തോന്നിപ്പോയി .

ആസ്‌ട്രേലിയയാണ് ആ ലോകകപ്പ് ജയിച്ചതെങ്കിലും ആ ലോകകപ്പ് ലാന്‍സ് ക്‌ളൂസ്‌നറുടെ ടൂര്‍ണെമെന്റ് ആയാണ് വാഴ്ത്തപ്പെടുന്നത് എന്ന ഒറ്റക്കാര്യതില്‍ നിന്നും മനസ്സിലാക്കാം അയാള്‍ ആ ടൂര്‍ണമെന്റില്‍ ചെലുത്തിയ സ്വാധീനം .8 ഇന്നിങ്‌സുകളില്‍ ഞെട്ടിക്കുന്ന 122.17 സ്‌ട്രൈക്ക് റേറ്റില്‍ അത്ഭുതപ്പെടുത്തുന്ന 140.50 ശരാശരിയില്‍ 281 റണ്‍സ് .അതില്‍ 6 നോട്ടൗട്ടുകള്‍ .ബൗളിങ്ങിലാണെങ്കില്‍ 20.38 ശരാശരിയില്‍ വെറും 3.83 ഇക്കണോമിയില്‍ 17 വിക്കറ്റുകള്‍. അതിനേക്കാളുപരി നിര്‍ണായക സന്ദര്‍ഭങ്ങളില്‍ ഉഗ്ര പ്രതാപിയായ ഷോയബ് അക്തര്‍ അടക്കമുള്ള ബൗളര്‍മാരെ പരിഹസിച്ച് നടത്തിയ കടന്നാക്രമണായിരുന്നു അതിലെ വ്യത്യസ്തത.


മിലിട്ടറിയില്‍ സേവനമനുഷ്ഠിക്കെ 92 ,96 ലോകകപ്പുകളുടെ റേഡിയോ കമന്ററി കേള്‍ക്കാള്‍ സിഗ്‌നല്‍ ലഭിക്കുന്ന സ്ഥലങ്ങളില്‍ പോയി നിന്ന ചെറുപ്പക്കാരന്‍ തൊട്ടടുത്ത ലോകകപ്പിലെ ‘മാന്‍ ഓഫ് ദ ടൂര്‍ണമെന്റ് ‘ബഹുമതി നേടിയ കഥ പറയാനുണ്ട് ക്‌ളൂസ്‌നറുടെ ജീവിതത്തിന് .

പ്രതിസന്ധികളെ എന്നും ഇഷ്ടപ്പെടുന്ന വരുന്നവനായിരുന്നു സുലു .കൊല്‍ക്കത്ത ഈഡനില്‍ തന്റെ അരങ്ങേറ്റ ടെസ്റ്റില്‍ പന്തെറിഞ്ഞ ക്‌ളുസ്‌നറെ ഇനി ഒരിക്കലും താന്‍ പന്തെറിയരുത് എന്ന തരത്തില്‍ മുഹമ്മദ് അസ്ഹറുദീന്‍ ഒരോ വറില്‍ 5 ഫോറുകളടക്കം പ്രഹരിച്ചപ്പോള്‍ ക്‌ളൂസ്‌നര്‍ വഴങ്ങിയത് 14 ഓവറില്‍ 75 റണ്‍സ് .

ഏതൊരു യുവതാരവും മറക്കാന്‍ ആഗ്രഹിക്കുമായിരുന്ന മത്സരത്തെ രണ്ടാമിന്നിങ്‌സില്‍ തന്റേതു മാത്രമാക്കി .64 റണ്‍സിന് പുകള്‍ പെറ്റ ഇന്ത്യന്‍ ബാറ്റിങ് നിരയുടെ 8 വിക്കറ്റുകള്‍ പിഴുതപ്പോള്‍ അത് ഒരു ദക്ഷിണാഫ്രിക്കന്‍ കളിക്കാരന്റെ അരങ്ങേറ്റത്തിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമായി .അന്ന് ആഫ്രിക്ക ജയിച്ചത് 329 റണ്‍സിന് .

അതേ വര്‍ഷം കേപ് ടൗണ്‍ ടെസ്റ്റില്‍ 100 പന്തില്‍ 102 റണ്‍സ് അടിച്ച് ബാറ്റിങ്ങിലും കഴിവ് തെളിയിച്ചതോടെ ലോക ക്രിക്കറ്റില്‍ ഒരു പുത്തന്‍ ഓള്‍റൗണ്ടറുടെ ഉദയം നടന്നു . ഫസ്റ്റ് ക്ലാസില്‍ 11 ആമനായി അരങ്ങേറ്റം കുറിച്ച ക്‌ളൂസ്‌നര്‍ അന്താരാഷ്ട്ര ഏകദിനങ്ങളില്‍ 10 സ്ഥാനങ്ങളിലും ബാറ്റ് ചെയ്തു .171 ഏകദിനങ്ങളില്‍ 41 ശരാശരിയില്‍ 3576 റണ്‍സ് നേടിയ അദ്ദേഹം 192 വിക്കറ്റുകളും വീഴ്ത്തി .

ബാറ്റിങ്ങിനൊപ്പം തന്നെ ക്‌ളൂസ്‌നറുടെ മീഡിയം പേസ് ബൗളിങ്ങും ദക്ഷിണാഫ്രിക്കയെ പല ഘട്ടങ്ങളിലും തുണച്ചു .6 തവണയാണ് അദ്ദേഹം 5 വിക്കറ്റ് നേട്ടം കൈവരിച്ചത് .തുടര്‍ച്ചയായ പരിക്കുകളും നായകന്‍ ഗ്രേം സ്മിത്തുമായുള്ള അഭിപ്രായ വ്യത്യാസവും 2004 ല്‍ 33 ആം വയസില്‍ വിരമിക്കാന്‍ നിര്‍ബന്ധിതനാക്കി.

അന്ന് ടൂര്‍ണമെന്റിലെ മികച്ച താരത്തിനുള്ള അവാര്‍ഡ് കൈയ്യിലേന്തി വിഖ്യാതമായ ലോര്‍ഡ്‌സ് ബാല്‍ക്കണിയില്‍ നില്‍ക്കെ, മൈതാനത്ത് കിരീട ജയം ആഘോഷിക്കുന്ന ആസ്‌ത്രേലിയന്‍ ടീമിനെ കണ്ടപ്പോള്‍ അയാള്‍ ഒരു നിമിഷം ചിന്തിച്ചിട്ടുണ്ടാകാം .ഒരു പക്ഷെ ലോകവും .

‘ തനിക്ക് ഈ ബഹുമതി കിട്ടുന്നതിന് പകരം അതു പോലെ ഒന്ന് ആഘോഷിക്കാന്‍ പറ്റിയിരുന്നെങ്കില്‍ ‘ ”സുലു ‘ എന്ന ഭാഷ നന്നായി കൈകാര്യം ചെയ്യുന്നത് കാരണം ദക്ഷിണാഫ്രിക്കക്കാരുടെ ഇടയില്‍ ആ പേരില്‍ തന്നെ അറിയപ്പെടുന്ന ക്‌ളൂസ്‌നര്‍ എന്ന ഹതഭാഗ്യവാനായ എക്കാലത്തെയും മികച്ച ഫിനിഷര്‍ ആയ ഓള്‍റൗണ്ടര്‍ ഓരോ ക്രിക്കറ്റ് പ്രേമിയുടെയും നെഞ്ചില്‍ ഒരു നീറ്റലോടെ ഉണ്ടാകും. എന്നെന്നും.

Latest Stories

ഒരു മോശം റെക്കോഡിന് പിന്നാലെ സ്വന്തമാക്കിയത് തകർപ്പൻ നേട്ടങ്ങൾ, ഒരൊറ്റ മത്സരം കൊണ്ട് സഞ്ജു നേടിയത് ആരും കൊതിക്കുന്ന റെക്കോഡുകൾ; ലിസ്റ്റ് ഇങ്ങനെ

അടി തുടങ്ങിയാൽ പിന്നെ മയമില്ല, സൗത്താഫ്രിക്ക ഇന്ന് കണ്ടത് മലയാളി വക മരണമാസ് ഷോ ; വിമർശകരുടെ മുന്നിൽ നെഞ്ചുവിരിച്ച് സഞ്ജു സാംസൺ

തൂക്കല്ല ഇത് കൊലതൂക്ക്, സഞ്ജുവിനും തിലകിനും മുന്നിൽ ഉത്തരമില്ലാതെ സൗത്താഫ്രിക്ക; ജോഹന്നാസ്ബർഗിൽ സിക്സർ മഴ

സാന്റിയാഗോ മാര്‍ട്ടിന്റെ ചെന്നൈ ഓഫീസില്‍ നിന്ന് പിടിച്ചെടുത്തത് 8.8 കോടി രൂപ; ഇഡി പരിശോധന നടത്തിയത് 20 കേന്ദ്രങ്ങളില്‍

പ്രായപൂര്‍ത്തിയായില്ലെങ്കില്‍ ഭാര്യയുമായുള്ള ലൈംഗിക ബന്ധം ബലാത്സംഗം തന്നെ; കീഴ്‌ക്കോടതി വിധി ശരിവച്ച് ബോംബെ ഹൈക്കോടതി

കേരളത്തിന് മാത്രം സഹായമില്ല, നാം ഇന്ത്യയ്ക്ക് പുറത്തുള്ളവരാണോ? കേന്ദ്ര സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

മറാത്ത പിടിക്കും മഹാവികാസ് അഘാഡി

മഹാരാഷ്ട്രയില്‍ ഇക്കുറി ചിരി ബിജെപിയ്ക്കല്ല, ലോക്‌സഭ ആവര്‍ത്തിക്കപ്പെടും; മറാത്ത പിടിക്കും മഹാവികാസ് അഘാഡി

യുഡിഎഫിന് പിന്നാലെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് എല്‍ഡിഎഫും; കൈയ്യും കെട്ടി നോക്കിയിരിക്കാന്‍ സാധിക്കില്ലെന്ന് ടി സിദ്ധിഖ്

സൂക്ഷിച്ചില്ലെങ്കിൽ പണി പാളും, ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ? യുവാക്കളിലും സർവ്വ സാധാരണമാകുന്ന പാൻക്രിയാറ്റിക് കാൻസർ