കഴിഞ്ഞ കുറച്ച് മാസങ്ങളായി ബാറ്റിംഗില്‍ മികച്ച ഫോമിലാണെങ്കിലും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ശുഭ്മാന്‍ ഗില്ലിനേക്കാള്‍ മുന്‍ഗണന കെ എല്‍ രാഹുലിന് നല്‍കണമെന്ന് ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കല്‍ വോണ്‍. അടുത്തിടെ സമാപിച്ച ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയുടെ അവസാന രണ്ട് മത്സരങ്ങളില്‍നിന്ന് കെഎല്‍ രാഹുല്‍ പ്ലെയിംഗ് ഇലവനില്‍ നിന്ന് പുറത്താക്കപ്പെട്ടിരുന്നു. അന്നുമുതല്‍ ടെസ്റ്റ് ക്രിക്കറ്റിലെ അദ്ദേഹത്തിന്റെ ഭാവി ചോദ്യം ചെയ്യപ്പെട്ടു കൊണ്ടിരുന്നു. എന്നിരുന്നാലും സീമിംഗ് ബോളുകളില്‍ രാഹുല്‍ കൂടുതല്‍ നന്നായി ബാര്‌റ് ചെയ്യുമെന്ന് വോണ്‍ പറഞ്ഞു.
ഓസ്ട്രേലിയയ്ക്കെതിരായ ഫൈനല്‍ ഒറ്റത്തവണ പോരാട്ടമായതിനാല്‍ ഇന്ത്യ ചരിത്രം മറക്കണമെന്ന് വോണ്‍ ഉപദേശിച്ചു. ഗില്ലിന് ഇനിയും കുറച്ച് സാങ്കേതിക പോരായ്മകള്‍ ഉണ്ടെന്നും അതിനാല്‍ രാഹുല്‍ വ്യക്തമായ ഒരു തിരഞ്ഞെടുപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടാതെ, സീമിംഗ് ബോളിലേക്കുള്ള ഗില്ലിന്റെ ഹാന്‍ഡ് ടെക്‌നിക്കിലെ പോരായ്മകളെ കുറിച്ചും വോണ്‍ വിലയിരുത്തല്‍ നടത്തി.
ശുഭ്മാന്‍ ഒരു മികച്ച യുവതാരമാണ്, എന്നാല്‍ ക്രിക്കറ്റിലെ ആ ഒരു കളി നിങ്ങള്‍ക്ക് ജയിക്കണം. ചരിത്രം മറക്കുക; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് നേടാന്‍ ഏറ്റവും മികച്ച ഇലവനെ തിരഞ്ഞെടുക്കുക. ശുഭ്മാന്‍ അപകടകാരിയായ കളിക്കാരനാണ്, പക്ഷേ ചില ചെറിയ സാങ്കേതിക പോരായ്മകള്‍ ഞാന്‍ അവനില്‍ കണ്ടിട്ടുണ്ട്. സീമിംഗ് ബോളുകളില്‍ അവന്‍ കളിക്കുന്നതില്‍ സാങ്കേതിക പിഴവുണ്ട്.
ഞാന്‍ സെലക്ഷന്‍ റൂമില്‍ ഇല്ലാത്തതിനാല്‍ അവര്‍ അത് ചെയ്യുമെന്ന് എനിക്ക് ഉറപ്പില്ല. എന്നാല്‍ അടുത്തത് എന്താണെന്നോ വെസ്റ്റ് ഇന്‍ഡീസില്‍ ആരാണ് കളിക്കാന്‍ പോകുന്നതെന്നോ അടിസ്ഥാനമാക്കി ഒരു ടീമിനെ തിരഞ്ഞെടുക്കരുത്; ആ ഒരു കളി ജയിക്കാനായി നിങ്ങള്‍ ഒരു ടീമിനെ തിരഞ്ഞെടുക്കണം- വോണ്‍ പറഞ്ഞു.