ശുഭ്മാൻ ഗില്ലിന്റെ നേതൃഗുണങ്ങളെ ചോദ്യം ചെയ്ത് വെറ്ററൻ സ്പിന്നർ അമിത് മിശ്ര രംഗത്ത് എത്തിയിരുന്നു. ശുഭങ്കർ മിശ്രയുടെ പോഡ്കാസ്റ്റിൽ, ഗുജറാത്ത് ടൈറ്റന്റെ ഐപിഎൽ 2024 ലെ പ്രകടനത്തെ ഉദ്ധരിച്ച് ഗില്ലിന്റെ ക്യാപ്റ്റൻസി കഴിവുകളെ അമിത് ചോദ്യം ചെയ്തു. ടീമിന്റെ ഭാവി ക്യാപ്റ്റനായി ശുഭ്മാൻ ഗില്ലിനെ താൻ തിരഞ്ഞെടുക്കില്ലെന്ന് താരം പറഞ്ഞു.
ഞാനെങ്കിൽ ഒരിക്കലും ശുഭ്മൻ ഗില്ലിനെ ഇന്ത്യൻ ടീമിന്റെ നായകസ്ഥാനമേൽപ്പിക്കില്ല. കാരണം കഴിഞ്ഞ സീസണിലെ ഐപിഎല്ലിൽ ഞാൻ അവന്റെ ക്യാപ്റ്റൻസി കണ്ടിട്ടുള്ളതാണ്. ടീമിനെ എങ്ങനെ നയിക്കണമെന്നു പോലും ഗില്ലിനറിയില്ല. ക്യാപ്റ്റനെന്ന നിലയിൽ എന്തു ചെയ്യണമെന്ന യാതൊരു ഐഡിയയും അവനില്ല. എന്തിനാണ് ഗില്ലിനെ ഇന്ത്യയുടെ ക്യാപ്റ്റനാക്കിയതെന്നു എനിക്കു മനസ്സിലായിട്ടില്ല. ഇക്കാര്യം സെലക്ടർമാരോടു തന്ന ചോദിക്കേണ്ടി വരും- മിശ്ര വ്യക്തമാക്കി.
അമിത് മിശ്ര ഇങ്ങനെയൊക്കെ കുറ്റം പറഞ്ഞെങ്കിലും തന്റെ നായകസ്ഥാനത്തെക്കുറിച്ച് പുകഴ്ത്തി സംസാരിച്ചിരിക്കുകയാണ് ശുഭ്മാൻ ഗിൽ. നായകസ്ഥാനം കിട്ടിയാൽ തന്റെ ഏറ്റവും മികച്ചത് പുറത്തെടുക്കാൻ സാധിക്കുമെന്നാണ് ഗിൽ പറഞ്ഞിരിക്കുന്നത്. താരത്തിന്റെ നേതൃത്വത്തിൽ ഇന്ത്യ സിംബാബ്‌വെക്ക് എതിരെ പരമ്പരയിൽ 4 – 1 ന് വിജയം സ്വന്തമാക്കിയിരുന്നു.
താരം പറഞ്ഞത് ഇങ്ങനെ- ” എനിക്ക് നായകസ്ഥാനം കിട്ടിയാൽ അവിടെ എന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കും. അത് എനിക്ക് ഉറപ്പാണ്.” ഗിൽ പറഞ്ഞു.
അതേസമയം ഭാവി ഇന്ത്യൻ ടീമിന്റെ നായകനായി സൂര്യകുമാറോ ഹാർദിക്കോ ആയിരിക്കും ഉയർന്ന് വരിക എന്ന് ഉറപ്പാണ്.