അടുത്തിടെ സമാപിച്ച ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി 2024-25ല്‍ ഒമ്പത് ഇന്നിംഗ്സുകളില്‍ നിന്നായി 190 റണ്‍സ് മാത്രം നേടിയ വിരാട് കോഹ്ലിയെ ഫോമിലേക്ക് തിരിച്ചെത്താന്‍ പിന്തുണച്ച് മൈക്കല്‍ ക്ലാര്‍ക്ക്. കോഹ്‌ലി മികച്ച താരമാണെന്നും കളിക്കുന്ന അടുത്ത ഗെയിമില്‍ ഇരട്ട സെഞ്ച്വറി നേടാന്‍ കഴിവുള്ള താരമാണ് അദ്ദേഹമെന്നും ക്ലാര്‍ക്ക് പറഞ്ഞു. റെഡ്-ബോള്‍ ഫോര്‍മാറ്റില്‍ ഇന്ത്യന്‍ ക്രിക്കറ്റിന് കോഹ്ലിക്ക് ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും മുന്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ കരുതുന്നു.
ഇത് വിരാട് കോഹ്ലിയാണ്! നാളെ അയാള്‍ക്ക് ഇരട്ട സെഞ്ച്വറി നേടാനാകും. അവന്‍ അത്രയും നല്ല കളിക്കാരനാണ്. ഇയാള്‍ക്ക് ഇനിയും കളിക്കാന്‍ കഴിയും, മതിയാകും വരെ കളിക്കാനാകും. അവന്‍ ഇപ്പോള്‍ ടെസ്റ്റ് ക്രിക്കറ്റില്‍നിന്ന് വിരമിച്ചാല്‍ തോല്‍ക്കുന്നത് ഇന്ത്യന്‍ ടീം മാത്രമാണ്.
വിരാട് കോഹ്ലി ഉള്‍പ്പെട്ട ഏതെങ്കിലും ടീമിന്റെ ക്യാപ്റ്റനായിരുന്നു ഞാനെങ്കില്‍, അവന്‍ ആഗ്രഹിച്ചത്ര റണ്‍സ് നേടിയില്ലെന്ന് എനിക്കറിയാമെങ്കിലും, എന്റെ ടീമില്‍ അവന് തുടരാന്‍ ഞാന്‍ പരമാവധി പോരാടുമായിരുന്നു- ക്ലാര്‍ക്ക് പറഞ്ഞു.
ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്കിടെ എട്ട് തവണ ഓഫ് സ്റ്റമ്പിന് പുറത്ത് പന്തുകള്‍ എഡ്ജ് ചെയ്ത് കോഹ്‌ലി പുറത്തായിരുന്നു. ഇതിനിടെ 2004-ല്‍ സിഡ്നിയില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ 241* എന്ന ഇതിഹാസത്തില്‍ നിന്ന് പഠിക്കാന്‍ അദ്ദേഹത്തിന് ആഹ്വാനങ്ങളുണ്ടായി. അവിടെ കവര്‍ റീജിയനിലൂടെ ഒരു ഷോട്ട് പോലും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ കളിച്ചില്ല. എന്നിരുന്നാലും, കോഹ്ലിയും സച്ചിനും വ്യത്യസ്ത കളിക്കാരാണെന്ന് ക്ലാര്‍ക്ക് വിശദീകരിച്ചു.
‘വിരാട് കോഹ്ലിയില്‍ നിന്ന് വ്യത്യസ്തനായ കളിക്കാരനായിരുന്നു സച്ചിന്‍. ഈ ഓസ്ട്രേലിയന്‍ സമ്മര്‍ കാലത്ത് ഒരു ടെസ്റ്റ് മത്സരത്തില്‍ സച്ചിന്‍ ഇത് ചെയ്തുവെന്ന് പലരും പറഞ്ഞു. രണ്ട് തവണ കവര്‍ ഡ്രൈവ് ചെയ്ത് പുറത്തായ ശേഷം എസ്സിജിയില്‍ ഇരട്ട സെഞ്ച്വറി നേടി. വിരാട്ടില്‍ നിന്ന് വ്യത്യസ്തനായ ഒരു കളിക്കാരനാണ് സച്ചിന്‍- ക്ലാര്‍ക്ക് കൂട്ടിച്ചേര്‍ത്തു.