കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ഋഷഭ് പന്തിന് ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചിട്ടില്ല. ബംഗ്ലാദേശിനെതിരെ അശ്രദ്ധമായി കളിച്ചതിന് വിരാട് കോഹ്‌ലി അദ്ദേഹത്തെ കുറ്റപ്പെടുത്തി സംസാരിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു. മികച്ച രീതിയിൽ കളിച്ചുകൊണ്ടിരുന്ന സമയത്ത് മോശം ഷോട്ടുകളിലൂടെ തന്റെ സഹതാരം പുറത്താകുന്ന രീതി കണ്ട് ബുദ്ധിമുട്ടിയ കോഹ്‌ലി സഹതാരത്തെ വഴക്ക് പറയുക ആയിരുന്നു. കോഹ്‌ലി വഴക്ക് പറഞ്ഞത് പക്ഷെ താരം ഡ്രസിങ് റൂമിൽ തിരിച്ചെത്തിയ ശേഷം ആരുടേയും സാനിധ്യത്തിൽ ആയിരുന്നില്ല.
എന്നാൽ ഇന്നലെ ഓസ്‌ട്രേലിയക്ക് എതിരെ നടന്ന മത്സരത്തിൽ പന്തിനെ കനത്ത ഭാക്ഷയിൽ തന്നെ വിമർശിക്കുകയും തെറി പറയുകയും ചെയ്തത് രോഹിത് ശർമ്മ ആയിരുന്നു. ഓസ്‌ട്രേലിയയ്‌ക്കെതിരായ സൂപ്പർ 8 മത്സരത്തിലാണ് പന്തിന്റെ ഭാഗത്ത് നിന്ന് പിഴവ് ഉണ്ടായത്. ജസ്പ്രീത് ബുംറയുടെ പന്ത് കണക്ട് ചെയ്യുന്നതിൽ പരാജയപ്പെട്ട മിച്ചൽ മാർഷിന്റെ ഷോട്ട് പിഴക്കുക ആയിരുന്നു. ക്യാച്ച് പൂർത്തിയാക്കാൻ സുഖപ്രദമായ പൊസിഷനിൽ ഋഷഭിന് എത്താമായിരുന്നു
എന്നിരുന്നാലും പെട്ടെന്ന് പന്തിന്റെ കാലുകൾ സ്റ്റക്ക് ആയതോടെ മാർഷ് ഔട്ട് ആകാതെ രക്ഷപ്പെട്ടു. രോഹിതിന് ആകട്ടെ തന്റെ ദേഷ്യം അടക്കാനായില്ല. താരം കനത്ത ഭാക്ഷയിൽ തന്നെ സഹതാരത്തെ തെറി പറയുക ആയിരുന്നു. കലിപ്പ് മാറാതെ രോഹിത് എന്താണ് പറഞ്ഞതെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമല്ല. എന്തായാലും ഇത്രയധികം ദേഷ്യപ്പെടേണ്ട ആവശ്യമില്ല എന്നും ഇങ്ങനെ ഉള്ള സന്ദർഭങ്ങളിൽ നായകൻ കൂൾ ആകണം എന്നുമാണ് പലരും പറയുന്നത്.
അതേസമയം ഇന്ത്യ ടി20 ലോകകപ്പിന്റെ സെമി ഫൈനലിൽ പ്രവേശിച്ചു. ഇന്നു നടന്ന നിർണായക മത്സരത്തിൽ ഓസീസിനെ 24 റൺസിന് പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ സെമി പ്രവേശം. മത്സരത്തിൽ ഇന്ത്യ മുന്നോട്ടുവെച്ച 206 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഓസീസിന് നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 181 റൺസെടുക്കാനെ ആയുള്ളു.
അർദ്ധ സെഞ്ച്വറി നേടിയ ട്രാവിസ് ഹെഡാണ് ഓസീസിന്റെ ടോപ് സ്‌കോറർ. താരം 43 ബോളിൽ നാല് സിക്‌സിന്റെയും ഒൻപത് ഫോറിന്റെയും അകമ്പടിയിൽ 76 റൺസെടുത്തു. മിച്ചെൽ മാർഷ് 28 ബോളിൽ 37, ഗ്ലെൻ മാക്‌സ്വെൽ 12 ബോളിൽ 20 എന്നിങ്ങനെയാണ് മറ്റ് പ്രധാന പ്രകടനങ്ങൾ.
ഹെഡിന്റെ വിക്കറ്റാണ് മത്സരത്തിൽ നിർണായകമായത്. മികച്ച രീതിയിൽ വമ്പൻ ഷോട്ടുകളുമായി കളംനിറഞ്ഞ ഹെഡിനെ ജസ്പ്രീത് ബുംറയാണ് പുറത്താക്കി ഇന്ത്യയ്ക്ക് ജീവവായു സമ്മാനിച്ചത്. ബുംറയും അക്സർ പട്ടേലും ഒരു വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ അർഷ്ദീപ് സിംഗ് മൂന്നും കുൽദീപ് യാദവ് രണ്ട് വിക്കറ്റും വീഴ്ത്തി.